എലിവേറ്റിനേക്കാൾ വിലക്കുറവ്, കുഷാഖിന് 2.50 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ട് ഓഫറുമായി സ്കോഡ
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹന നിർമാതാക്കളിൽ ഒരാളായി മാറിയിരിക്കുകയാണ് നമ്മുടെ സ്വന്തം സ്കോഡ. പണ്ട് മെയിന്റനെൻസ് ചെലവുകളൊന്നും കൂട്ടിയാൽ കൂടൂല്ലെന്നും പറഞ്ഞ് മാറ്റി നിർത്തിയ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിനെ ആളുകൾ നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്. സാധാരണക്കാരനും താങ്ങാനാവുന്ന വിലയും അങ്ങേയറ്റത്തെ സേഫ്റ്റിയും എല്ലാം കോർത്തിണക്കി സ്കോഡ വേറെ ലെവലായി.
റാപ്പിഡും ഒക്‌ടാവിയയും പോലുള്ള സെഡാനുകളാണ് ബ്രാൻഡിന്റെ എപ്പോഴും പ്രിയപ്പെട്ടതാക്കുന്നതെങ്കിലും ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായെത്തിയ കുഷാഖ് എന്ന മിഡ്-സൈസ് എസ്‌യുവിയും സ്ലാവിയയുമാണ് ശുക്രൻ കൊണ്ടുവന്നത്. അതിനാൽ തന്നെ ഈ രണ്ട് മോഡൽ നിരയിലും അടിക്കടി പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നത് കമ്പനിക്കൊരു ഹരമാണ്. ദേ ഇപ്പോൾ കുഷാഖിനും, സ്ലാവിയക്കു സ്കോഡ ഈ മാസം വമ്പിച്ച ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

ക്യാഷ് ഡിസ്‌കൗണ്ട്, കോംപ്ലിമെന്ററിയായി മൂന്ന് വർഷത്തെ അല്ലെങ്കിൽ 45,000 കി.മീ മെയിന്റനെൻസ് പാക്കേജ്, എക്സ്റ്റൻഡഡ് വാറണ്ടി (5 വർഷം അല്ലെങ്കിൽ 1.25 ലക്ഷം കി.മീ) എന്നിവയാണ് സ്കോഡ മെയ് മാസത്തേക്കായി പ്രഖ്യാപിച്ചിരിക്കുന്ന കിടിലൻ ഓഫറുകൾക്ക് കീഴിൽ ഉൾപ്പെടുന്നത്. കുഷാഖിലും സ്ലാവിയയിലും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ ആനുകൂല്യങ്ങൾ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായി ഇറക്കുമതി ചെയ്യുന്ന സൂപ്പർബ് സെഡാനും കൊഡിയാക് 7 സീറ്റർ എസ്‌യുവിക്കും ലഭ്യമല്ല.
11.99 ലക്ഷം മുതൽ 20.49 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള കുഷാഖിന് 2.50 ലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ടാണ് സ്കോഡ അവതരിപ്പിച്ചിരിക്കുന്നത്. ഏറെ നാളായി മിഡ്-സൈസ് എസ്‌യുവി വാങ്ങിയാലോ എന്ന് പ്ലാനിട്ടിരിക്കുന്നവർക്കുള്ള സുവർണാവസരമാണിത്. നിരവധി കോസ്മെറ്റിക് നവീകരണങ്ങളുള്ള ടോപ്പ് എൻഡ് മോണ്ടി കാർലോ എഡിഷൻ ഉൾപ്പെടെയുള്ള കുഷാഖിന്റെ എല്ലാ വേരിയന്റുകളിലും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താനാവും.

കുഷാഖിന് 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ, 1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ലഭിക്കുന്നത്. ഇതിൽ ആദ്യത്തേത് 115 bhp കരുത്തിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് മാനുവൽ, അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപഷനുകളും ചെറിയ എഞ്ചിനൊപ്പം വാങ്ങാനാവും. അതേസമയം മറുവശത്ത് വലിയ യൂണിറ്റ് 148 bhp പവറിൽ 250 Nm torque വരെ നൽകാനാവുന്നവയാണ്.
ഇതിൽ 6 സ്പീഡ് മാനുവൽ, ഡ്യുവൽ ക്ലച്ച് ഓട്ടോ ഗിയർബോക്‌സ് ഓപ്ഷനുകളും ലഭിക്കും. സ്‌കോഡ സ്ലാവിയ വാങ്ങുന്നവർക്ക് 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകളാണ് കാത്തിരിക്കുന്നത്. സി-സെഗ്മെന്റിലെത്തുന്ന പ്രീമിയം സെഡാന്റെ വില 11.63 ലക്ഷം മുതൽ 19.12 ലക്ഷം രൂപ വരെയാണ്. കൂടാതെ കുഷാക്കിൻ്റെ അതേ എഞ്ചിൻ, ഗിയർബോക്‌സ് കോമ്പോയും സ്ലാവിയയിൽ ഉണ്ടെന്നതാണ് മറ്റൊരു കാര്യം.

മെച്ചപ്പെടുത്തിയ ഫീച്ചറുകൾ ഉപയോഗിച്ച് കുഷാഖ്, സ്ലാവിയ കാറുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളും സ്കോഡയുടെ അണിയറയിൽ നടക്കുന്നുണ്ടിപ്പോൾ. രൂപത്തിലെ ചെറിയ മാറ്റങ്ങൾക്കൊപ്പം ലെവൽ 2 ADAS ഓട്ടോണമസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം പോലുള്ള ഫാൻസി ഫീച്ചറുകളും ചേർത്താവും ഇരട്ടകളെ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് വിപണിയിൽ എത്തിക്കുക.
ഇതിനു പുറമെ പുത്തനൊരു കോംപാക്‌ട് സബ്-4 മീറ്റർ എസ്‌യുവിയും സ്കോഡയുടേതായി പുറത്തിറങ്ങാൻ പോവുകയാണ്. മാരുതി ബ്രെസ, ടാറ്റ നെക്സോൺ, കിയ സോനെറ്റ് പോലുള്ള എതിരാളികൾക്കിടയിലേക്കാണ് സ്കോഡ തങ്ങളുടെ പുതിയ അവതാരത്തെ കൊണ്ടുവരുന്നത്. സെഗ്‌മെൻ്റിലെ ഏറ്റവും ഫീച്ചർ ലോഡഡ് കാറുകളിൽ ഒന്നായിരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. മികച്ച ഡ്രൈവിംഗ് ഡൈനാമിക്‌സ് ഇതിന്റെ വ്യതിരിക്തമായ സവിശേഷതകളിൽ ഒന്നായിരിക്കുമെന്ന സൂചനയും കമ്പനി നൽകിയിട്ടുണ്ട്.

ഈ വർഷം ഉത്സവ സീസണോടെ വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവിക്ക് കുഷാഖിലെ അതേ 1.0 ലിറർ, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും സമ്മാനിക്കുക. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളുമായി ജോടിയാക്കിയ ഇതിന് പരമാവധി 110 bhp കരുത്തിൽ 200 Nm torque വരെ ഉത്പാദിപ്പിക്കാനാവും. എന്തായാലും വില കൂടി കിടിലമായി നിർണയിക്കാനായാൽ സ്കോഡയ്ക്ക് രാജ്യത്ത് ഹാട്രിക് വിജയം കൈവരിക്കാനാവും.


Click it and Unblock the Notifications








