വിലകുറച്ചിട്ടും റെസ്റ്റ് എടുക്കാതെ സ്കോഡ, വണ്ടി മോഡിഫൈ ചെയ്യാനുള്ള ആക്‌സസറികൾ ഇനി ഷോറൂമിൽ കിട്ടും
നമ്മൾ ഇന്ത്യക്കാരോട് പ്രത്യേക സ്നേഹം കാണിക്കുന്ന വാഹന നിർമാതാക്കളാണ് സ്കോഡ. പണ്ട് ഒക്‌ടാവിയയിലൂടെ കണ്ടറിഞ്ഞ് ഫാൻസായവർ ഇന്ന് കുഷാഖ്, സ്ലാവിയ പോലുള്ള മെയ്‌ഡ് ഇൻ ഇന്ത്യ കാറുകളിലൂടെയാണ് സ്കോഡയെ നെഞ്ചിലേറ്റിയിരിക്കുന്നത്. ഇത് കൃത്യമായി മനസിലാക്കിയ ബ്രാൻഡ് അടുത്തിടെ തങ്ങളടെ രണ്ട് ജനപ്രിയ കാറുകളുടേയും വില കുറക്കുകയും ചെയ്‌തിരുന്നു. ഉയർന്ന മെയിന്റനെൻസ് കോസ്റ്റിന്റെ പേരിൽ പലരും തഴഞ്ഞിട്ടിടത്ത് നിന്നും ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയർന്നതിന്റെ കാരണവും ഇത്തരത്തിലുള്ള തീരുമാനങ്ങളാണെന്ന് നിസംശയം പറയാം. പഴയ മോഡലുകളെയെല്ലാം ഒഴിവാക്കി പൂർണമായും പുതിയൊരു വാഹന നിരയുണ്ടാക്കിയെടുത്തത് ജനങ്ങളുടെ പൾസറിഞ്ഞ് തന്നെയായിരുന്നു.
ഇന്ത്യ 2.0 പ്രൊജക്‌റ്റിന്റെ ഭാഗമായി പുറത്തിറക്കിയ കുഷാഖിന്റെയും സ്ലാവിയയുടെയും കരുത്തിലാണ് സ്കോഡ ഇന്ത്യയിൽ കത്തിക്കയറിയത്. കൃത്യമായി വാഹന നിരയിൽ നടപ്പിലാക്കുന്ന പദ്ധതികളെല്ലാം വിജയം കാണുന്നുമുണ്ട്. ഇപ്പോഴിതാ മിഡ്-സൈസ് എസ്‌യുവിക്കും മിഡ്-സൈസ് സെഡാനുമായി പുതിയ ശ്രേണിയിലുള്ള ആക്‌സസറികൾ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. തങ്ങളുടെ വണ്ടികളെ കൂടുതൽ മോടിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഷോറൂം വഴി തന്നെ കിടുവാക്കാം.

ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, അണ്ടർ ബോഡി ലൈറ്റുകൾ, ഫ്രണ്ട് ഗ്രിൽ ഗാർണിഷ്, പുതിയ അലോയ് വീലുകളാണ് സ്കോഡ കുഷാഖ്, സ്ലാവിയ മോഡലുകൾക്കായി കൊണ്ടുവന്നിരിക്കുന്നത്. ഈ ആക്സസറികൾ വാഹനങ്ങളുടെ എല്ലാ വേരിയൻ്റുകളുമായും പൊരുത്തപ്പെടുന്നുവെന്നതാണ് മറ്റൊരു ഹൈലൈറ്റ്. ഡീലർഷിപ്പുകൾ വഴി ഉപഭോക്താക്കൾക്ക് പുതിയ ആക്‌സസറികൾ വാങ്ങാം. എന്നാൽ ബുക്ക് ചെയ്‌തതിനു ശേഷം കുറച്ച് ദിവസം കാത്തിരിക്കേണ്ടി വരുമെന്ന് മാത്രം.
കുഷാഖിലെ ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾക്ക് 7,699 രൂപയാണ് വില വരുന്നത്. അതേസമയം സ്ലാവിയയുടെ ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾക്ക് 7,299 രൂപ മുടക്കിയാൽ മതിയാവും. ഇവയുടെ പാർട്ട് നമ്പറും വ്യത്യസ്തമായതിനാൽ രണ്ട് കാറുകൾക്കും സ്കോഡ വ്യത്യസ്ത സെൻസറുകളാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തം. ഇടുങ്ങിയ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ ഈ ആക്സസറി വളരെ ഉപയോഗപ്രദമാകുന്ന കാര്യമാണ്.

ഇതുവരെ ക്രോം ഫ്രണ്ട് ഗ്രിൽ ഗാർണിഷ് മാത്രം വാഗ്ദാനം ചെയ്തിരുന്ന കമ്പനി 4,699 രൂപ വിലയുള്ള അണ്ടർബോഡി ലൈറ്റുകളും ആക്‌സസറിയായി രണ്ട് മോഡലുകൾക്കും നൽകുന്നുണ്ട്. വാഹനത്തിൻ്റെ ആകർഷണം വർധിപ്പിക്കാൻ സഹായിക്കുന്ന ഇത് കൂടുതൽ ആളുകളെ ആകർഷിക്കുന്ന ഒന്നായിരിക്കും. ഫ്രണ്ട് ഗ്രിൽ ഗാർണിഷ് ഇപ്പോൾ ബ്ലാക്കിലും അവതരിപ്പിച്ചിട്ടുണ്ട്. ഇതിൻ്റെ വില 3,199 രൂപയാണ്. കുഷാഖിന് കറുപ്പ് നിറത്തിലുള്ള സ്പീഡ് അലോയ് വീലുകളും വാങ്ങാം. ഇത് ഒന്നിന് 11,299 രൂപയാണ് വില വരുന്നത്.
പുതിയ ആക്‌സസറികൾക്കൊപ്പം കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാൻ സ്കോഡയ്ക്ക് സാധിച്ചേക്കും. ഇതോടൊപ്പം മുകളിൽ പറഞ്ഞതുപോലെ സ്‌കോഡ അടുത്തിടെ കുഷാഖിൻ്റെയും സ്ലാവിയയുടെയും വില കുറച്ചിരുന്നു. ആക്ടീവ്, ആംബിഷൻ, സ്റ്റൈൽ എന്നിവയിൽ നിന്ന് ക്ലാസിക്, സിഗ്നേച്ചർ, പ്രസ്റ്റീജ് എന്നിങ്ങനെ വേരിയന്റും പുനർനാമം ചെയ്‌തിട്ടുണ്ട്. വില വെട്ടിക്കുറച്ചതോടെ സ്ലാവിയക്ക് ഇപ്പോൾ 10.69 ലക്ഷം രൂപയാണ് പ്രാരംഭ വില വരുന്നത്.

അതേസമയം സ്‌കോഡ കുഷാഖ് 10.89 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വില മുതലും വാങ്ങാനാവും. പുതിയ വിലകൾ പരിമിത കാലത്തേക്ക് മാത്രമാണ് ലഭ്യമാവുകയെന്ന് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് പറയുന്നുണ്ട്. കൂടുതൽ ഉപഭോക്താക്കൾക്ക് മോഡലുകൾ ആക്‌സസ് ചെയ്യാനുള്ള പുതിയ തന്ത്രത്തിൻ്റെ ഭാഗമാണിതെന്നും കമ്പനി പറയുന്നു. രണ്ട് ബോഡി സ്റ്റൈലാണെങ്കിലും ബാക്കിയെല്ലാ കാര്യങ്ങളിലും കുഷാഖും സ്ലാവിയയും ഒന്നാണ്.
ഒരേ പ്ലാറ്റ്ഫോം, എഞ്ചിൻ, ഫീച്ചറുകൾ എന്നിവയെല്ലാമാണ് സ്കോഡ കുഷാഖും സ്ലാവിയയും പങ്കുവെക്കുന്നത്. 1.0 ലിറ്റർ ടിഎസ്ഐ, 1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനുകളാണ് വാഹനങ്ങളുടെ ഹൃദയം. ഇതിലെ ചെറിയ ത്രീ സിലിണ്ടർ പെട്രോളിന് 113 bhp കരുത്തിൽ 178 Nm torque ഉത്പാദിപ്പിക്കാനാവും. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് ഇതിൽ കിട്ടുക.
മറുവശത്ത് വലിയ 1.5 ലിറ്റർ ഫോർ സിലിണ്ടർ ടിഎസ്ഐ പെട്രോൾ എഞ്ചിന് 148 bhp പവറിൽ 250 Nm torque നൽകാനാവും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് കുഷാഖിന്റേയും സ്ലാവിയയുടേയും ഈ എഞ്ചിൻ ഓപ്ഷനുകൾ വിപണിയിലെത്തുന്നത്. എന്തായാലും കുഷാഖിന്റെയും സ്ലാവിയയുടേയും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളും വരുന്ന വർഷം എത്തുമെന്നാണ് വിവരം. അപ്പോൾ വിൽപ്പന ഇരട്ടിയാക്കാനും ബ്രാൻഡിനായേക്കും.


Click it and Unblock the Notifications








