7.89 ലക്ഷത്തിന്റെ എസ്‌യുവി തത്ക്കാലം വാങ്ങാൻ പറ്റില്ല, കൈലാക്കിന്റെ ബേസ് മോഡൽ വിറ്റുതീർന്നുവെന്ന് സ്കോഡ
കുഞ്ഞൻ എസ്‌യുവി സെഗ്മെന്റിലേക്ക് സാക്ഷാൽ സ്കോഡ തന്നെ വരുന്നുവെന്ന് കേട്ടപ്പോൾ എതിരാളികളുടെ നെഞ്ചിലൊരു ഭയമായിരുന്നു. മാരുതി സുസുക്കിയും ടാറ്റ മോട്ടോർസും കിയയും ഹ്യുണ്ടായിയുമെല്ലാം പേടിച്ചതുപോലെ തന്നെ സംഭവം കയറി കൊളുത്തിയിട്ടുണ്ട്. സാധാരണക്കാരനും താങ്ങാനാവുന്ന വിലയിലെത്തിയ കൈലാക് എന്ന കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനത്തെ ജനം നെഞ്ചിലേറ്റി കഴിഞ്ഞു. ബുക്കിംഗ് ആരംഭിച്ച് വെറും 10 ദിവസത്തിനുള്ളിൽ സ്കോഡയുടെ എൻട്രി ലെവൽ കാറിനായി എത്തിയത് 10,000 പേരോളമാണ്. ഇതിൽ എല്ലാവരും വാങ്ങാനെത്തിയത് കൈലാക്കിന്റെ ബേസ് ക്ലാസിക് വേരിയന്റാണ് (Skoda Kylaq Base Variant).
സ്കോഡ പോലും പ്രതീക്ഷിക്കാത്തത്ര ബുക്കിംഗ് ഈ മോഡലിന് ലഭിച്ചതോടെ കമ്പനി ഡബിൾ ഹാപ്പിയാണ്. ബേസ് ക്ലാസിക് വേരിയന്റിനായുള്ള ആദ്യ ബാച്ച് പൂർണമായും വിറ്റഴിച്ചുവെന്നും വേരിയൻ്റിൻ്റെ ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെക്കുന്നതായും സ്കോഡ ഇന്ത്യയും അറിയിച്ചു. 7.89 ലക്ഷം മുതൽ 14.40 ലക്ഷം രൂപ വരെയാണ് കോംപാക്‌ട് എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്.

പ്രാരംഭ ബാച്ചിൽ കൈലാക്കിന്റെ 33,000 യൂണിറ്റുകൾ ഉണ്ടാകുമെന്നും അടുത്ത മെയ് മാസത്തോടെ എസ്‌യുവിക്കായുള്ള ഡെലിവറി പൂർത്തിയാക്കുമെന്നും ബ്രാൻഡ് നേരത്തെ അറിയിച്ചിരുന്നു. വിറ്റഴിഞ്ഞ വേരിയൻ്റുകളുടെ ബുക്കിംഗ് ഡെലിവറികളുടെ ആദ്യ ബാച്ച് കഴിഞ്ഞ് വീണ്ടും ആരംഭിക്കും. ഉപഭോക്താവിൻ്റെ ആവശ്യത്തിനനുസരിച്ച് വേരിയൻ്റുകളുടെ പ്രൊഡക്ഷൻ ക്രമീകരിക്കാൻ സ്കോഡയ്ക്ക് കഴിയുമെന്നും അറിയിച്ചിട്ടുണ്ട്.
2025 ജനുവരി 27 മുതൽ ഡെലിവറി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന അതേ ദിവസം തന്നെ മിക്ക ഷോറൂമുകളിലും കൈലാക്ക് ഉണ്ടാകുമെന്ന് സ്കോഡ ഇന്ത്യ ഉറപ്പ് നൽകിയിട്ടുണ്ട്. കസ്റ്റമർ ടെസ്റ്റ് ഡ്രൈവുകൾ ഏകദേശം ഇതേ കാലയളവിൽ ആരംഭിക്കുമെന്നാണ് വിവരം. ജനുവരി 17-ന് ആരംഭിക്കുന്ന ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ സ്‌കോഡ കൈലാക്കിനെ പ്രദർശിപ്പിക്കുന്നതോടെ കൂടുതൽ ആളുകൾക്ക് വാഹനത്തെ അടുത്ത് കാണാനും സാധിക്കും.

1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് കൈലാക്കിന് തുടിപ്പേകുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ടിഎസ്ഐ യൂണിറ്റിന് 115 bhp പവറിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ടൊർണാഡോ റെഡ്, ബ്രില്യൻ്റ് സിൽവർ, കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ, ലാവ ബ്ലൂ, ഡീപ് ബ്ലാക്ക്, ഒലിവ് ഗോൾഡ് എന്നിങ്ങനെ 7 എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് കൈലാക് വാങ്ങാനാവുക.
സ്കോഡയുടെ കോംപാക്‌ട് എസ്‌യുവി വാങ്ങുന്ന ആദ്യത്തെ 33,333 ഉപഭോക്താക്കൾക്ക് പ്രത്യേക മെയിൻ്റനൻസ് പാക്കേജ് ലഭിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. ഇതുവഴി പ്രവർത്തനച്ചെലവ് കിലോമീറ്ററിന് 0.24 രൂപയായി കുറയ്ക്കും. സ്റ്റാൻഡേർഡായി 3 വർഷത്തെ അല്ലെങ്കിൽ 1,00,000 കിലോമീറ്റർ വാറണ്ടിയും കൈലിക്കിന് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് നൽകുന്നുണ്ടെന്നതിനാൽ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് ആശങ്കകളൊന്നും വേണ്ട.

നാല് വേരിയന്റുകളിലായാണ് കൈലാക് വരുന്നത്. ക്ലാസിക്കിന് ശേഷം സിഗ്നേച്ചർ മാനുവലിന് 9.59 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് 10.59 ലക്ഷം രൂപയുമാണ് വില. സിഗ്നേച്ചർ പ്ലസ് മാനുവലിന് 11.40 ലക്ഷം രൂപ, ഓട്ടോമാറ്റിക്കിന് 12.40 ലക്ഷം എന്നിങ്ങനെ വില വരുമ്പോൾ 14.40 ലക്ഷം രൂപ വരെയാണ് കൈലാക്ക് പ്രസ്റ്റീജ് ടോപ്പ് എൻഡിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
വിറ്റഴിഞ്ഞ ബേസ് മോഡലിലേക്ക് നോക്കിയാൽ 6-സ്പീഡ് മാനുവൽ ഗിയർബോക്‌സിൽ മാത്രമേ കൈലാക് ക്ലാസിക് മോഡൽ വാങ്ങാനാവൂ. എൽഇഡി ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് സ്റ്റീൽ വീലുകൾ, ആറ് എയർബാഗുകൾ, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് വീൽ, പവർഡ് വിംഗ് മിററുകൾ, മാനുവൽ എസി, ഫ്രണ്ട് സെൻ്റർ ആംറെസ്റ്റ്, രണ്ട് ട്വീറ്ററുകൾ തുടങ്ങിയ ഫീച്ചറുകളെല്ലാം ഇതിലുണ്ടെന്നതാണ് ആളുകളെ അടുപ്പിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








