എല്ലാ വേരിയന്റുകളുടേയും വില നാളെ അറിയാം, ബ്രെസയുടെ പരിപ്പിളക്കാൻ സ്കോഡ കൈലാക്
ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ മത്സരം കൊഴുപ്പിക്കാനായി സാക്ഷാൽ സ്കോഡ എത്തിയിരിക്കുകയാണ്. മലയാളി പേരിട്ട കൈലാക് എന്ന പുതുമോഡൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്. അതിന്റെ പ്രധാന കാരണം 7.89 ലക്ഷത്തിന്റെ പ്രാരംഭ വില തന്നെയാണ്. പക്ഷേ ബേസ് മോഡലിന്റെ വില മാത്രമാണ് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ ഫീച്ചറുകളും കുത്തിനിറച്ചെത്താൻ പോവുന്ന കൈലാക്കിന്റെ മറ്റ് വേരിയന്റുകളുടെ വില അറിയാൻ പക്ഷേ അധിക നാളൊന്നും കാത്തിരിക്കേണ്ടതില്ല കേട്ടോ. സ്കോഡയുടെ കുഞ്ഞൻ എസ്‌യുവിയുടെ മുഴുവൻ വില നാളെ പ്രഖ്യാപിക്കും. ഒപ്പം ഔദ്യോഗിക അവതരണവും ഡിസംബർ രണ്ടിനാണ് നടക്കാനിരിക്കുന്നത്.
അതേ ദിവസം തന്നെ കൈലാക്കിൻ്റെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങുകയും ചെയ്യുന്നതോടെ സ്കോഡയുടെ ഷോറൂമുകളിലെല്ലാം ഇനി വലിയ തിരക്കായിരിക്കും. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് എസ്‌യുവി വിപണനത്തിന് എത്തുക. ബേസ് ക്ലാസിക് വേരിയന്റിന് 7.89 ലക്ഷം മുതൽ വില ആരംഭിക്കുമ്പോൾ ടോപ്പ് എൻഡ് പ്രസ്റ്റീജിന് 10.50 ലക്ഷം രൂപയോളം എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. ഇനി 10 ലക്ഷത്തിൽ താഴെയാണെങ്കിൽ അതൊരു വിപ്ലവം തന്നെയായിരിക്കും.

സ്‌കോഡയുടെ ഇന്ത്യയിലെ ഏറ്റവും ചെറിയ എസ്‌യുവിയാണ് കൈലാക്. ചൂടപ്പം പോലെ വിറ്റഴിയുന്ന സെഗ്മെന്റിലേക്ക് ചെക്ക് റിപ്പ്ബ്ലിക്കൻ ബ്രാൻഡ് കടന്നുവരുന്നത് വളരെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. നാളെ വില പ്രഖ്യാപനവും മറ്റും ഉണ്ടാവുമെങ്കിലും ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയിലെ പൊതു അവതരണത്തിന് ശേഷം 2025 ജനുവരി 27-നായിരിക്കും സ്പോർട് യൂട്ടിലിറ്റി വാഹനത്തിനായുള്ള ഡെലിവറി തുടങ്ങുക.
സ്‌കോഡ കൈലാക്കിന്റെ ആദ്യത്തെ ഉടമ കാറിന് പേരിട്ട മലയാളിയായ മുഹമ്മദ് സിയാദ് ആയിരിക്കും. കുഷാഖിലും സ്ലാവിയയിലും കാണുന്ന അതേ 1.0 ലിറ്റര്‍ ടിഎസ്ഐ പെട്രോള്‍ എഞ്ചിനാണ് സ്കോഡയുടെ സബ്-4 മീറ്റർ എസ്‌യുവിയുടെ ഹൃദയം. ഇത് 115 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും. എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായി ജോടിയാക്കാം.

കൂടാതെ ബേസ് വേരിയന്റ് മുതൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നൽകുമെന്നാണ് വിവരം. കൈലാക്കിന്റെ മൈലേജ് കണക്കുകള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും 18 കിലോമീറ്റർ മൈലേജ് എങ്കിലും സ്കോഡയുടെ കുഞ്ഞൻ എസ്‌യുവിയിൽ പ്രതീക്ഷിക്കാമെന്നാണ് നിഗമനം. ടൊര്‍ണാഡോ റെഡ്, ഒലിവ് ഗോള്‍ഡ്, ബ്രില്യന്റ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍, കാന്‍ഡി വൈറ്റ് എന്നിങ്ങനെ 5 കളർ ഓപ്ഷനുകളാണ് കൈലാക്കിലുണ്ടാവുക.
വില കുറവാണെങ്കിലും നിർമാണ നിലവാരത്തിലൊന്നും യാതൊരു വിട്ടുവീഴ്ച്ചയും സ്‌കോഡ വരുത്തിയിട്ടില്ല കേട്ടോ. 10 ലക്ഷം ബജറ്റിൽ യൂറോപ്യൻ ബിൽഡ് ക്വാളിറ്റിയുള്ള എസ്‌യുവി നോക്കിനടന്നവർക്കുള്ള ഉത്തരമാണ് കൈലാക്. 6 എയര്‍ബാഗുകള്‍, മള്‍ട്ടി-കൊളിഷന്‍ ബ്രേക്ക്, റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടെ നിരവധി സേഫ്റ്റി ഫീച്ചറുകള്‍ സ്റ്റാൻഡേർഡായി തന്നെ സ്കോഡ കൈലാക്കിൽ കിട്ടും.

10.9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കീലെസ് എന്‍ട്രി, സിംഗിള്‍ പേന്‍ സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ് പോലുള്ള മോഡേൺ ഫീച്ചറുകളാൽ കൈലാക്കിന്റെ അകത്തളവും സമ്പന്നമാണ്.
കാഴ്ച്ചയിലും ആരേയും മോഹിപ്പിക്കുന്ന കുട്ടിരൂപമാണ് കൈലാക്കിനുള്ളത്. എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎല്ലുകൾ, വലിയ ഫ്രണ്ട് ഗ്രിൽ, അലോയ് വീലുകൾ എന്നിവയെല്ലാം എക്സ്റ്റീരിയറിന് മൊഞ്ചേകും. ഇന്ത്യയിലെ സബ് കോംപാക്റ്റ് എസ്‌യുവി വിഭാഗത്തില്‍ ടാറ്റ നെക്സോണ്‍, മാരുതി ബ്രെസ, മഹീന്ദ്ര XUV 3XO, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ പോലുല്ള വമ്പൻമാരോടാണ് സ്‌കോഡ കൈലാക്ക് മാറ്റുരയ്ക്കാൻ എത്തുന്നത്.


Click it and Unblock the Notifications








