7.89 ലക്ഷത്തിന്റെ സ്കോഡ എസ്‌യുവി വാങ്ങാൻ ഇടി, 10 ദിവസത്തിൽ ബുക്ക് ചെയ്‌തത് 10,000 പേർ
ഇന്ത്യയിലെ സാധാരണക്കാരിലേക്ക് ഇറങ്ങി ചെല്ലാൻ തീരുമാനിച്ചിറങ്ങിയവരാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. അതിന്റെ ഭാഗമായി കുഷാഖും സ്ലാവിയയും പുറത്തിറക്കി തറക്കല്ലിട്ട ബ്രാൻഡ് ആ തറയുടെ മുകളിലേക്ക് പുതിയ കൊട്ടാരം കെട്ടിപ്പടുക്കുകയാണ്. മിഡ്-സൈസ് എസ്‌യുവിയും സെഡാനും രാജ്യത്ത് തരംഗം സൃഷ്‌ടിച്ചുവെങ്കിലും കൂടുതൽ ആളുകളിലേക്ക് അടുക്കാനുള്ള സ്കോഡയുടെ മനസിൽ മായാതെ കിടപ്പുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കൈലാക് എന്നൊരു കൊച്ചുമിടുക്കനെ തന്നെയാണ് യൂറോപ്യൻ ബ്രാൻഡ് കണ്ടുപിടിച്ചത്. അടുത്തിടെ ഔദ്യോഗികമായി ഇന്ത്യയിൽ അവതരിപ്പിച്ച വാഹനം കൊടുങ്കാറ്റാവുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് 10 ദിവസം പിന്നിടുമ്പോഴേക്കും സ്കോഡ കൈലാക് ബുക്ക് ചെയ്‌തവരുടെ എണ്ണം 10,000 കടന്നിരിക്കുകയാണ്. 2024 ഡിസംബർ രണ്ടിന് ആരംഭിച്ച പ്രീ-ബുക്കിംഗാണ് പത്ത് ദിവസത്തിനപ്പുറം പതിനായിരങ്ങളിൽ എത്തി നിൽക്കുന്നത്. ഗംഭീര വില നിർണയം തന്നെയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ച കാര്യമെന്ന് നിസംശയം പറയാം. 7.89 ലക്ഷം രൂപ മുതൽ 14.40 ലക്ഷം രൂപ വരെയാണ് സ്കോഡയുടെ കുഞ്ഞൻ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

കൈലാക്കിന്റെ ഡെലിവറി 2025 ജനുവരി 27 മുതൽ ആരംഭിക്കുമെന്നും സ്കോഡ ഉറപ്പ് നൽകിയിട്ടുണ്ട്. കൈയിൽ ഒതുങ്ങുന്ന വിലയിൽ അത്യാധുനിക ഫീച്ചറുകളെല്ലാം തന്നെ സ്കോഡ തങ്ങളുടെ എൻട്രി ലെവൽ സ്പോർട് യൂട്ടിലിറ്റി വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. ഒപ്പം വിട്ടുവീഴ്ച്ചയില്ലാത്ത സേഫ്റ്റിയും ഒന്നാന്തരം നിർമാണ നിലവാരം കൂടിയാവുമ്പോൾ എങ്ങനെ മുഖംതിരിക്കാനാവും.
പുതിയ കൈലാക് 800,000 കിലോമീറ്ററിലധികം പരീക്ഷിച്ചതായി സ്‌കോഡ പറയുന്നു. 6 എയർബാഗുകൾ, മൾട്ടി-കൊളിഷൻ ബ്രേക്കുകൾ, റോൾഓവർ പ്രൊട്ടക്ഷൻ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ഇബിഡി, ഇഎസ്‌സി എന്നിവയുള്ള ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവയുൾപ്പെടെ 25 ആക്‌ടീവി ആൻഡ് പാസീവ് സേഫ്റ്റി ഫീച്ചറുകളാണ് കമ്പനി തങ്ങളുടെ സബ് കോംപാക്‌ട് എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്.

ഇതോടൊപ്പം പുതിയ സ്‌കോഡ കൈലാക്കിലെ 'മോഡേൺ സോളിഡ്' ഡിസൈൻ ഭാഷ്യവും കൂടിയാവുമ്പോൾ ആളുകളെല്ലാം വീഴും. സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകളും ഷോർട്ട് ഓവർഹാംഗുകളും എൽഇഡി ടെയിൽ ലൈറ്റുകളുമെല്ലാം കാഴ്ച്ചയിൽ ആരേയും മയക്കുന്ന സംഗതികളാണ്. കുഷാഖിനൊപ്പം പരിചിതമായ നിരവധി സംവിധാനങ്ങളും ഫീച്ചറുകളും തങ്ങളുടെ കോംപാക്‌ട് എസ്‌യുവിയിലും സ്കോഡ ഉൾപ്പെടുത്തിയിട്ടുണ്ട്.
വെൻ്റിലേഷനോട് കൂടിയ ഫ്രണ്ട് സീറ്റുകൾ, ആറ് തരത്തിൽ ക്രമീകരിക്കാവാവുന്ന ഇലക്ട്രിക് സീറ്റുകൾ, ഡ്യുവൽ-സ്പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 8 ഇഞ്ച് വെർച്വൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം കൈലാക്കിന്റെ അകത്തളത്തെ ആഡംബരമാക്കുന്ന കാര്യങ്ങളാണ്.

മോഡലിന്റെ ബൂട്ട് കപ്പാസിറ്റി 446 ലിറ്ററാണെന്നും കമ്പനി പറയുന്നു. ഒു്ും പിന്നിലെ സീറ്റുകൾ മടക്കിവെച്ചാൽ ലഗേജ് സ്പേസ് 1,265 ലിറ്ററായി വികസിപ്പിക്കാനുമാവും. സെഗ്മെന്റിലെ പ്രധാന എതിരാളികളെല്ലാം പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്ട്രിക് എന്നിവയുൾപ്പെടെ നിരവധി എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമ്പോൾ സ്‌കോഡ കൈലാക് ഒരൊറ്റ 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനിലാണ് വിപണിയിൽ എത്തുന്നത്.
113 bhp കരുത്തിൽ 179 Nm torque വരെ ഉത്പാദിപ്പിക്കാൻ കൈലാക്കിലെ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിന് സാധിക്കും. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. മാരുതി ബ്രെസ, ടാറ്റ നെക്‌സോൺ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV3XO തുടങ്ങിയ വമ്പൻമാർ അരങ്ങുവാഴുന്ന ഉയർന്ന മത്സരാധിഷ്ഠിത സബ്‌കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്റിലേക്കുള്ള വരവ് എന്തായാലും സ്കോഡ ഉഷാറാക്കിയിട്ടുണ്ടെന്ന് തെളിക്കുന്നതാണീ ബുക്കിംഗ് കണക്കുകൾ.


Click it and Unblock the Notifications








