സ്കോഡയുടെ കുഞ്ഞൻ എസ്‌യുവി കൊള്ളാം, പക്ഷേ വാങ്ങാൻ പ്ലാനുണ്ടേൽ ഇതെല്ലാം അറിഞ്ഞിട്ട് വേണം വാങ്ങാൻ
ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്‌ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവികളുടേത് (Compact SUV). പ്രമുഖ ബ്രാൻഡുകളെല്ലാം സാന്നിധ്യമറിയിച്ചിരിക്കുന്ന വിഭാഗത്തിലേക്ക് ഇപ്പോഴിതാ സ്കോഡയും എത്തിയിരിക്കുകയാണ്. കൈലാക് (Skoda Kylaq) എന്നു പേരിട്ടിരിക്കുന്ന മോഡലിനെ ഇതിനോടകം ഏവരും വരവേറ്റു കഴിഞ്ഞിരുന്നു. 7.89 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ വരുന്ന കൈലാക്കിന്റെ ടോപ്പ് എൻഡ് വേരിയന്റിന് 14.40 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക. ടാറ്റ നെക്സോണും മാരുതി സുസുക്കി ബ്രെസയുമെല്ലാം വാങ്ങാനിരുന്നവർ എന്തായാലും ഇനി കൈലാക്കിനെയും ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് ഉറപ്പാണ്.
അതിന് മുമ്പ് സ്കോഡയുടെ കുഞ്ഞൻ എസ്‌യുവിയും വേരിയന്റുകളും അതിലെ ഫീച്ചറുകളും വിലയും എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കണം കേട്ടോ. ബ്രില്യൻ്റ് സിൽവർ, കാർബൺ സ്റ്റീൽ, കാൻഡി വൈറ്റ്, ടൊർണാഡോ റെഡ്, ഡീപ് ബ്ലാക്ക്, ലാവ ബ്ലൂ, ഒലിവ് ഗോൾഡ് എന്നീ നിറങ്ങളാണ് വാഹനത്തിനുള്ളത്. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയൻ്റുകളും കൈലാക്കിലുണ്ട്. പുതിയ സബ്-4 മീറ്റർ എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകൾ താഴെ കൊടുക്കുന്നു.

ക്ലാസിക് ബേസ് മോഡൽ: ബേസ് മോഡലാണെങ്കിലും അത്യാവിശ്യം വേണ്ടുന്ന മോഡേൺ ഫീച്ചറുകളെല്ലാം കോർത്തിണക്കിയാണ് സ്കോഡ കൈലാക്കിന്റെ ക്ലാസിക് ബേസ് മോഡൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. 7.89 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന വേരിയന്റിൽ എൽഇഡി ഹെഡ്‌ലാമ്പുകൾഷ എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽലൈറ്റുകൾ വീൽ കവറുകളുള്ള 16 ഇഞ്ച് സ്റ്റീൽ വീലുകൾ, കറുപ്പിലൊരുക്കിയ ഗ്രിൽ, ബോഡി കളർ ORVM-കൾ പോലുള്ള സംവിധാനങ്ങൾ വരെ ലഭിക്കും.
ഇതുകൂടാതെ ഇലക്ട്രിക്കലായി ക്രമീകരിക്കാനാവുന്ന ORVM-കൾ, ബ്ലാക്ക് ഫ്രണ്ട് ആൻഡ് റിയർ ഡിഫ്യൂസർ ബ്ലാക്ക് റൂഫ് റെയിലുകൾ, ടെയിൽഗേറ്റ് സ്‌പോയിലർ, ഡ്യുവൽ-ടോൺ ഇൻ്റീരിയർ തീം, ക്രോം ഇൻസേർട്ടുകൾ, ഫ്രണ്ട്, റിയർ ആംറെസ്റ്റുകൾ, ടൂ-സ്പോക്ക് മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ടിൽറ്റ് ആൻഡ് ടെലിസ്കോപ്പിക് അഡ്‌ജറ്റ്മെന്റുള്ള സ്റ്റിയറിംഗ് വീൽ, അഡ്‌ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകൾ പോലുള്ളവയും സ്കോഡ കൈലാക്കിന്റെ ക്ലാസിക് ബേസ് വേരിയന്റിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഹൈറ്റ്-അഡ്‌ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഫാബ്രിക് സീറ്റ് അപ്ഹോൾസ്റ്ററി, 12V പവർ സോക്കറ്റ്, മാനുവൽ എസി, 4-ഡോർ പവർ വിൻഡോ എന്നിവയും ഇന്റീയറിന്റെ ഭാഗമാണ്. ഇനി സേഫ്റ്റി ഫീച്ചറുകളിലേക്ക് വന്നാൽ കൈലാക്കിന്റെ ബേസ് മോഡലിൽ പോലും ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, TCS, MCB, EDL, BDW, ROP, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം, സ്പീഡ് അലേർട്ട് സിസ്റ്റം എന്നിവയെല്ലാം കൈലാക്കിൽ കൊടുത്തിട്ടുണ്ട്.
സിഗ്നേച്ചർ: ബേസ് മോഡലിലെ ഫീച്ചറുകൾക്ക് പുറമെ രണ്ടാമത്തെ വേരിയന്റിൽ സിൽവർ അലോയ് വീലുകൾ, സിൽവർ കളർ ഫ്രണ്ട് ആൻഡ് റിയർ ഡിഫ്യൂസർ, ഇൻ്റീരിയറിലെ മെറ്റാലിക് ഇൻസെർട്ടുകൾ, ലെതറെറ്റ് ഗിയർ നോബ്, TPMS, ക്രൂയിസ് കൺട്രോൾ, അനലോഗ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 7-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർഡ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി തുടങ്ങിയ സംവിധാനങ്ങളാണ് സ്കോഡ വാഗ്‌ദാനം ചെയ്യുന്നത്.

കഴിഞ്ഞില്ല, ഇതോടൊപ്പം നാല് സ്പീക്കറുകൾ, 2 യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, സ്ലൈഡിംഗ് ഫംഗ്ഷനോടുകൂടിയ ഫ്രണ്ട് ആംറെസ്റ്റ്, കൂൾഡ് ഗ്ലൗബോക്സ്, റിയർ പാഴ്സൽ ട്രേ, റിയർ ഡീഫോഗർ തുടങ്ങിയ ഫീച്ചറുകളും ഇതിൽ ഒരുക്കിയിട്ടുണ്ട്. സ്കോഡ സിഗ്നേച്ചർ മാനുവലിന് 9.59 ലക്ഷം, സിഗ്നേച്ചർ ഓട്ടോമാറ്റിക്കിന് 10.59 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
സിഗ്നേച്ചർ പ്ലസ്: കൈലാക്കിന്റെ അടുത്ത വേരിയന്റിലേക്ക് വന്നാൽ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഷാർക്ക്-ഫിൻ ആൻ്റിന, ഹിൽ ഹോൾഡ് കൺട്രോൾ സിസ്റ്റം, റിവേഴ്സ് ക്യാമറ, 60:40 സ്പ്ലിറ്റ് റിയർ സീറ്റുകൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ORVM-കൾ, വെർച്വൽ കോക്ക്പിറ്റ്, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം പോലുള്ള കിടിലൻ ഫീച്ചറുകളെല്ലാം ബ്രാൻഡ് കൊടുത്തിട്ടുണ്ട്.
വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, 2 യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ എന്നീ മോഡേൺ ഫീച്ചറുകളും സ്കോഡയുടെ പുതിയ കോംപാക്‌ട് എസ്‌യുവിയുടെ സിഗ്നേച്ചർ പ്ലസിൽ അധികമായി ലഭിക്കും. സിഗ്നേച്ചർ പ്ലസ് മാനുവലിന് 11.40 ലക്ഷം, സിഗ്നേച്ചർ പ്ലസ് ഓട്ടോമാറ്റിക്കിന് 12.40 ലക്ഷവുമാണ് എക്സ്ഷോറൂം വില വരുന്നത്.
പ്രസ്റ്റീജ്: എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, കോർണറിംഗ് ഫംഗ്‌ഷനോടുകൂടിയ എൽഇഡി ഫോഗ് ലൈറ്റുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ, ആംബിയന്റ് ലൈറ്റിംഗ്, ആറ് വിധത്തിൽ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഓട്ടോ-ഡിമ്മിംഗ് IRVM പോലുള്ള സംവിധാനങ്ങളാണ് കൈലാക്കിന്റെ ടോപ്പ് എൻഡിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞില്ല, വയർലെസ് ചാർജർ, ഇലക്ട്രിക് സൺറൂഫ്, റിയർ വൈപ്പറും വാഷറും, പാഡിൽ ഷിഫ്റ്ററുകൾ എന്നീ ഫീച്ചറുകളാണ് കൈലാക്കിന്റെ ടോപ്പ് എൻഡിൽ ലഭിക്കുന്നത്. പ്രസ്റ്റീജ് മാനുവലിന് 13.35 ലക്ഷം, പ്രസ്റ്റീജ് ഓട്ടോമാറ്റിക്കിന് 14.40 ലക്ഷം എന്നിങ്ങനെ എക്സ്ഷോറൂം വില വരുന്നത്. എല്ലാ വേരിയന്റുകളിലും 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് കൈലാക്കിന് തുടിപ്പേകാൻ എത്തുന്നത്.


Click it and Unblock the Notifications








