ചങ്കിടിപ്പോടെ മാരുതിയും ടാറ്റയും; 8 ലക്ഷത്തിന്റെ സ്കോഡ എസ്‌യുവിയുടെ പേരും വിവരവും നാളെയറിയാം
ഇന്ത്യ 2.0 പദ്ധതിയിലൂടെ ആഭ്യന്തര വിപണിയിൽ പണംവാരുകയാണ് സ്കോഡ. നിർമാണ പരിമിതിയുള്ളതിനാൽ മാരുതിയുടേയും ഹ്യുണ്ടായിയുടേയും വിൽപ്പന കണക്കുകളുമായി തട്ടിച്ചൊന്നും നോക്കാനാവില്ലെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ രാജ്യത്ത് നല്ലനിലയിലാണ് മുന്നോട്ടുപോവുന്നത്. കുഷാഖ്, സ്ലാവിയ, കൊഡിയാക് എന്നിങ്ങനെ മൂന്ന് മോഡലുകൾ മാത്രമാണ് ഇപ്പോൾ വിപണിയിലുള്ളൂവെങ്കിലം നാലാമത്തെ അസ്‌ത്രം ആവനാഴിയിലേക്ക് ചേർക്കാൻ ഒരുങ്ങുകയാണ്. അതും രാജ്യത്ത് ഏറ്റവും വിൽപ്പനയുള്ള സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലേക്കാണ് സ്കോഡ പയറ്റാനിറങ്ങുന്നത്. മാരുതി ബ്രെസ, ടാറ്റ നെക്സോൺ പോലുള്ള എതിരാളികളെ വിറപ്പിക്കാൻ യൂറോപ്യൻ ബ്രാൻഡിനാവുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയ്ക്കായി വരാനിരിക്കുന്ന എസ്‌യുവിയുടെ ഔദ്യോഗിക പേര് വെളിപ്പെടുത്താൻ സ്‌കോഡ തയാറെടുത്ത് കഴിഞ്ഞു. സബ്-4 മീറ്റർ സെഗ്‌മെന്റിലെ തങ്ങളുടെ ആദ്യ മോഡൽ അടുത്ത വർഷം ആദ്യം ഭാരത് മൊബിലിറ്റി ഷോയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് മുന്നോടിയായി വരാനിരിക്കുന്ന എസ്‌യുവിക്ക് പേര് നിർദ്ദേശിക്കാൻ സോഷ്യൽ മീഡിയയിൽ കമ്പനി ഒരു ക്യാമ്പയിനും കമ്പനി ആരംഭിച്ചിരുന്നു.

തുടർന്ന് ആയിരക്കണക്കിന് ആരാധകരിൽ നിന്നും ലഭിച്ച സാധ്യമായ 10 പേരുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും സ്കോഡ പറഞ്ഞു. കൈലാക്ക്, കൈമാക്, ക്വിക്ക്, കാരിക്ക്, കൈറോക്ക്, കോസ്മിക്, കൈക്ക്, കയാക്ക്, ക്ലിക്, കാർമിക് എന്നിവയാണ് കോംപാക്‌ട് എസ്‌യുവിക്കായുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പേരുകൾ. പ്രഖ്യാപന വേളയിൽ ഈ 10 പേരുകളിൽ അഞ്ചെണ്ണം തന്നെ സ്കോഡ നിർദ്ദേശിച്ചിരുന്നു.
ഇപ്പോൾ ഏകദേശം അഞ്ച് മാസത്തിന് ശേഷം, സ്കോഡ എസ്‌യുവിക്കായി ആറ് പേരുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. സ്‌കോഡ കൈറോക്ക്, സ്‌കോഡ ക്വിക്ക്, സ്‌കോഡ കൈലാക്ക്, സ്‌കോഡ കോസ്മിക്, സ്‌കോഡ കയാക്ക്, സ്‌കോഡ ക്ലിക് എന്നിവയാണ് ചുരുക്കപ്പട്ടികയിലെ അവസാന 6 പേരുകൾ. ഇതിൽ നിന്ന് ഒന്നാവും കമ്പനി നാളെ പ്രഖ്യാപിക്കുക. പൂർണമായും ഇന്ത്യയിൽ തന്നെ വികസിപ്പിക്കുകയും നിർമിക്കുകയും ചെയ്യുന്ന വാഹനത്തിനെ ഏറെ പ്രതീക്ഷയോടെയാണ് ആളുകൾ കാത്തിരിക്കുന്നത്.

ഈ കോംപാക്‌ട് എസ്‌യുവി കുഷാഖ് പോലുള്ള കാറുകൾക്ക് അടിവരയിടുന്ന സ്കോഡയുടെ അതേ MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിത സെഗ്‌മെൻ്റുകളിലൊന്നിൽ ഈ എസ്‌യുവിയിൽ കാര്യമായ വിപണി വിഹിതം നേടാനാകുമെന്ന് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് പ്രതീക്ഷിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ മോഡലിന്റെ ഒരു ലക്ഷം യൂണിറ്റുകൾ വിൽക്കാനാണ് സ്‌കോഡ ലക്ഷ്യമിടുന്നത്.
ആയതിനാൽ പുതിയ കോംപാക്‌ട് എസ്‌യുവിക്കായി കമ്പനിയുടെ ഇന്ത്യയിലെ ഉത്പാദന ശേഷി 30 ശതമാനം വർധിപ്പിക്കുമെന്നും സ്കോഡ അറിയിച്ചിട്ടുണ്ട്. ലുക്കിൻ്റെ കാര്യത്തിൽ വരാനിരിക്കുന്ന എസ്‌യുവിയുടെ രണ്ട് രേഖാചിത്രങ്ങളാണ് ബ്രാൻഡ് ഇതുവരെ വെളിപ്പെടുത്തിയിരിക്കുന്നത്. എസ്‌യുവിയുടെ ഡിസൈൻ കുഷാഖിന് സാമ്യമുള്ളതായിരിക്കുമെന്ന് ഈ ചിത്രങ്ങൾ സൂചന നൽകിയിട്ടുണ്ട്.

വരാനിരിക്കുന്ന കോംപാക്‌ട് എസ്‌യുവിക്ക് സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റുകളും എൽഇഡി ഡിആർഎൽ സ്ട്രിപ്പുകളും ലഭിക്കുമെന്ന് കാണാം. ചെറിയ മാറ്റങ്ങളോടെയുള്ള പരമ്പരാഗത സ്കോഡ ഗ്രില്ലായിരിക്കും മധ്യഭാഗത്ത് ഇടംപിടിക്കുക. പിൻഭാഗത്ത് എസ്‌യുവിക്ക് എൽഇഡി ടെയിൽലൈറ്റ് യൂണിറ്റുകളും കുഷാഖിൽ ഉപയോഗിച്ചതിന് സമാനമായിരിക്കും. എങ്കിലും വ്യത്യസ്‌തനായി നിൽക്കുന്നതിനായി റൂഫ് റെയിലുകളും അലോയ് വീലുകളിലും മാറ്റമുണ്ടാവുമെന്നാണ് സൂചന.
പുതിയ സബ്-4 മീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ സാങ്കേതിക സവിശേഷതകളെ കുറിച്ച് സ്കോഡ ഒരു വിശദാംശവും പുറത്തുവിട്ടിട്ടില്ല. എങ്കിലും കുഷാഖുമായി ഒരേ പ്ലാറ്റ്‌ഫോം പങ്കിടുന്നതിനാൽ പുതിയ സ്‌കോഡ എസ്‌യുവിക്ക് 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിൻ കരുത്ത് പകരാൻ സാധ്യതയുണ്ട്. യൂണിറ്റ് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വരുന്ന മോഡലിന് 113 bhp കരുത്തിൽ 178 Nm torque വരെ ഉത്പാദിപ്പിക്കാനും സാധിക്കും.
ഇന്ത്യൻ വിപണിയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ മാരുതി ബ്രെസ, ടാറ്റ നെക്സോൺ എന്നിവയ്ക്ക് പുറമെ കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV 3XO, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ പോലുള്ള വമ്പൻമാരുമായാവും സ്കോഡയുടെ മോഡൽ മാറ്റുരയ്ക്കുക. പോരാത്തതിന് വില നിലവാരം നോക്കിയാൽ മാരുതി ഫ്രോങ്ക്‌സ്, സിട്രൺ ബസാൾട്ട് എന്നിവയോടും മത്സരിക്കേണ്ടതായി വരും. ഏകദേശം 8 ലക്ഷം രൂപ പ്രാരംഭ വിലയോടെയാവും സ്കോഡ എസ്‌യുവി വരികയെന്നാണ് അനുമാനം.


Click it and Unblock the Notifications








