സെഡാനുകളുടെ ആറാം തമ്പുരാൻ, ബെൻസെല്ലാം മാറി നിൽക്കുന്ന മാറ്റങ്ങളുമായി പുത്തൻ ഒക്‌ടാവിയ
ഇന്ത്യയിൽ ഒരുകാലത്ത് പാവങ്ങളുടെ ബെൻസായി അറിയപ്പെട്ടിരുന്ന വാഹനമായിരുന്നു സ്കോഡ ഒക്‌ടാവിയ. ഈയടുത്ത കാലത്ത് ലഭ്യമായിരുന്ന എക്‌സിക്യൂട്ടീവ് സെഡാൻ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പിലാക്കിയതോടെയാണ് രാജ്യംവിട്ടത്. പക്ഷേ ആഗോള നിരരത്തുകളിൽ നിന്നും പുലിയായി വാഴുകയാണ് നമ്മുടെ ഒക്‌ടാവിയ. ഇപ്പോഴിതാ കാലാതീതമായി നിലനിൽക്കാൻ വാഹനത്തിന്റെ പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.
നിലവിൽ ആഗോള വിപണിയിൽ നാലാം തലമുറയിലുള്ള സ്‌കോഡ ഒക്ടാവിയയെയാണ് (Skoda Octavia) മുഖംമിനുക്കലിന് വിധേയമാക്കിയിരിക്കുന്നത്. പുതുക്കിയ വാഹനം സെഡാൻ, എസ്റ്റേറ്റ് പതിപ്പുകളിലാണ് ഇത്തവണയും അരങ്ങേറിയിരിക്കുന്നത്. മെച്ചപ്പെടുത്തിയ സ്‌റ്റൈലിംഗിനൊപ്പം കിടിലൻ സേഫ്റ്റി, അസിസ്റ്റ് സംവിധാനങ്ങളും സെഡാനിലേക്ക് എത്തിയിട്ടുണ്ടെന്നാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് അവകാശപ്പെടുന്നത്.

ഡിസൈനിലെ മാറ്റങ്ങളിൽ നിന്നും തന്നെ ആദ്യം തുടങ്ങാം. അടിസ്ഥാന രൂപം നിലനിർത്തിയിട്ടുണ്ടെങ്കിലും പരിഷ്ക്കരിച്ച ഫ്രണ്ട് ഗ്രിൽ, പുതുക്കിയ ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, പുതിയ എൽഇഡി മാട്രിക്സ് ബീം ഹെഡ്‌ലൈറ്റുകൾ, പുതിയ അലോയ് വീലുകൾ, ആനിമേറ്റഡ് ഇൻഡിക്കേറ്ററുകളോട് കൂടിയ എൽഇഡി റിയർ ലൈറ്റുകൾ എന്നിവയാണ് 2024 ഫെയ്‌സ്‌ലിഫ്റ്റിന്റെ ലുക്ക് തന്നെ മാറ്റിമറിക്കാൻ സഹായിച്ചിരിക്കുന്നത്.
ഒക്ടാവിയ ഫെയ്‌സ്‌ലിഫ്റ്റ് ഒമ്പത് ഇൻ്റീരിയർ ഡിസൈൻ ഓപ്ഷനുകളുള്ള എസെൻസ്, സെലക്ഷൻ, സ്‌പോർട്ട്‌ലൈൻ, ആർഎസ് എന്നീ നാല് വകഭേദങ്ങളിൽ ലഭ്യമാണെന്നും സ്കോഡ പറയുന്നു. പുതിയതും സുസ്ഥിരവുമായ മെറ്റീരിയലുകളുടെ സംയോജനം സീറ്റുകളിലും ഡോർ പാനലുകളിലും ഡാഷ്‌ബോർഡിലും ദൃശ്യമാണ്. തിരഞ്ഞെടുത്ത വേരിയൻ്റുകളിൽ ഒരു സ്റ്റാൻഡേർഡ് ഫീച്ചർ എന്ന നിലയിൽ 10 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേയും ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ആദ്യമായി 13 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ഒരു ഓപ്‌ഷനായും ഒക്‌ടാവിയ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റ്, ലോറ വോയ്‌സ് അസിസ്റ്റൻ്റുമായി സംയോജിപ്പിച്ചിരിക്കുന്ന AI അടിസ്ഥാനമാക്കിയുള്ള ചാറ്റ്‌ജിപിടി ചാറ്റ്‌ബോട്ടിനെ പിന്തുണയ്ക്കുന്നുവെന്നതും ഹൈലൈറ്റാണ്. കൂടാതെ റിമോട്ട് പാർക്ക് അസിസ്റ്റും ഇൻ്റലിജൻ്റ് പാർക്ക് അസിസ്റ്റും പുതിയ ഒക്ടാവിയയിൽ ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
പുതിയ 2024 സ്‌കോഡ ഒക്ടാവിയ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ എല്ലാ വേരിയൻ്റുകളിലും ഡ്യുവൽ സോൺ ക്ലൈമാറ്റ്‌ട്രോണിക് സിസ്റ്റം ഒരുക്കിയിട്ടുണ്ട്. കൂടാതെ ബേസ് വേരിയന്റ് മുതൽ നിങ്ങൾക്ക് 15-വാട്ട് ഫോൺ ബോക്‌സും ലഭിക്കും. ഇത് സ്‌മാർട്ട്‌ഫോണുകൾ വേഗത്തിൽ ചാർജ് ചെയ്യാൻ അനുവദിക്കുകയും കൂളിംഗ് പ്രവർത്തനം നൽകുകയും ചെയ്യുന്നു. മുൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, അപ്‌ഡേറ്റ് ചെയ്ത പതിപ്പ് 45 വാട്ട് ഔട്ട്‌പുട്ട് നൽകുന്ന USB-C പോർട്ടുകൾക്കൊപ്പം മൂന്നിരട്ടി ചാർജിംഗ് പവറാണ് നൽകുന്നത്.

കൂടാതെ ആദ്യമായി നവീകരിച്ച കെസി (Kessy) കീലെസ് വെഹിക്കിൾ ആക്സസ് സിസ്റ്റം ഒക്ടാവിയ അവതരിപ്പിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഇനി എഞ്ചിൻ ഓപ്ഷന്റെ കാര്യത്തിലേക്ക് വന്നാൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനായുള്ള പരിഷ്ക്കാരങ്ങൾക്കാണ് കമ്പനി പ്രാഥമികമായി ഊന്നൽകൊടുത്തിരിക്കുന്നത്. പുതിയ ഒക്ടാവിയയ്ക്ക് ആഗോളതലത്തിൽ ആറ് പെട്രോളും രണ്ട് ഡീസൽ എഞ്ചിനുകളുമാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.
ഇതിൽ പെട്രോൾ മോഡലുകളിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.5 ലിറ്റർ ടർബോ, 1.5 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് ടെക്, 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 2.0 ലിറ്റർ ടർബോ എഞ്ചിൻ ഓപ്ഷനുകളാണ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവുക. അതേസമയം ഡീസലിൽ രണ്ട് കോൺഫിഗറേഷനുകളിലായി 2.0 ലിറ്റർ യൂണിറ്റുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. ട്രാൻസ്മിഷനായി 6-സ്പീഡ് മാനുവലും 7-സ്പീഡ് DSG ഓട്ടോമാറ്റിക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്‌കോഡയ്ക്ക് നിലവിൽ സ്ലാവിയ സെഡാൻ, കുഷാക്ക് മിഡ്-സൈസ് എസ്‌യുവി, കൊഡിയാക് എസ്‌യുവി എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ളത്. ഈ വർഷത്തിൻ്റെ രണ്ടാം പകുതിയിൽ എന്യാക് iV ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാൻ സ്‌കോഡ ഒരുങ്ങുകയാണ്. ആയതിനാൽ ഒക്‌ടാവിയയെ തിരികെ കൊണ്ടുവരാനുള്ള പദ്ധതികളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നു വേണം പറയാൻ.
20 വർഷത്തിലേറെയായി ഒക്ടാവിയ ഇന്ത്യയിൽ വിൽപ്പനയ്‌ക്കുണ്ടായിരുന്നതാണ്. കർശനമായ ആർഡിഇ മാനദണ്ഡങ്ങൾ കാരണം വിപണിയിൽ നിന്ന് പിൻവലിക്കുകയായിരുന്നു. സെഡാന്റെ 1 ലക്ഷത്തിലധികം യൂണിറ്റുകൾ ഔദ്യോഗികമായി രാജ്യത്ത് കമ്പനി വിറ്റഴിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇറക്കുമതി മോഡലായി ഇതിഹാസ വാഹനം തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ എൻട്രി ലെവൽ ലക്ഷ്വറി കാറുകൾക്ക് പകരമായി പരിഗണിക്കാവുന്ന അടിപൊളി ഓപ്ഷനാവുമിത്.


Click it and Unblock the Notifications








