കൊതിപ്പിക്കുന്ന അഴകും സ്റ്റൈലൻ വിലയും; ഗ്ലാമറസായി സ്കോഡ സ്ലാവിയ മോണ്ടി കാർലോ വിപണിയിൽ
കുഷാഖ് (Kushaq), സ്ലാവിയ (Slavia) എന്നീ രണ്ട് കിടിലൻ കാറുകളിലൂടെ ഇന്ത്യക്കാരുടെ ജനപ്രിയ വാഹന നിർമാതാക്കളായി മാറിയിരിക്കുകയാണ് സ്കോഡ (Skoda). വിപണിയിൽ എത്തിയിട്ട് മൂന്ന് നാല് വർഷം ആകുന്നുവെങ്കിലും സെഡാനെയും എസ്‌യുവിയെയും ഇന്നും പുതുമയോടെ നിലനിർത്താൻ കമ്പനിക്കാവുന്നുണ്ട്. പണ്ടത്തെ ഉയർന്ന മെയിന്റനെൻസ് ചെലവുമില്ല എന്നതിനു പുറമെ ഉഗ്രൻ സേഫ്റ്റിയും പെർഫോമൻസും തരുന്ന മോഡലുകളാണ് ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ച കുഷാഖും സ്ലാവിയയും. വാങ്ങാനായി ആളുകളെ ഷോറൂമിലെത്തിക്കാൻ വേരിയന്റ് നിരയിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതാണ് സ്കോഡയുടെ പ്രധാന വിനോദം.
ഇപ്പോഴിതാ ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്‌കോഡ സ്ലാവിയ മോണ്ടി കാർലോ വിപണിയിൽ എത്തിച്ചിരിക്കുകയാണ്. മിഡ്-സൈസ് സെഡാന്റെ 1.0 ലിറ്റർ മാനുവൽ ട്രാൻസ്‌മിഷൻ വേരിയന്റിനായി 15.79 ലക്ഷം രൂപയും 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ ഓട്ടോമാറ്റിക്കാനായി 16.89 ലക്ഷവും 7 സ്പീഡ് ഡിഎസ്‌ജിയുള്ള 1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ ഓട്ടോമാറ്റിക്കിനായി 18.49 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

കഴിഞ്ഞ വർഷം പുറത്തിറക്കിയ സ്‌കോഡ കുഷാഖ് മോണ്ടി കാർലോയ്‌ക്കൊപ്പം സ്ലാവിയ മോണ്ടി കാർലോയും കച്ചോടം പിടിക്കുമെന്നാണ് വിലയിരുത്തൽ. റാലി മോണ്ടി കാർലോയിൽ പ്രവേശിച്ചതിൻ്റെ 112-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സെഡാന്റെ സ്പോർട്ടി പതിപ്പ് വിപണിയിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്നും വേറിട്ടു നിർത്താനായി കാറിൽ നിരവധി കോസ്മെറ്റിക് നവീകരണങ്ങളാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്.
സ്പോർട്സ് എക്സ്ക്ലൂസീവ് ടൊർണാഡോ റെഡ്, കാൻഡി വൈറ്റ് എന്നിങ്ങനെ രണ്ട് കിടിലൻ കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് സ്ലാവിയ മോണ്ടി കാർലോ അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള മോഡലിന് സമാനമായ ഡിസൈനിലുള്ള 15 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകൾ, ബൂട്ട് ലിപ് സ്‌പോയിലർ, ബ്ലാക്ക് ബാഡ്ജുകൾ, ഡോർ ഹാൻഡിലുകളിലെ ബ്ലാക്ക് ആക്‌സൻ്റുകൾ, ബ്ലാക്ഡ് ഔട്ട് ഡോർ മിറർ, റിയർ ഡിഫ്യൂസർ എന്നിവയ്‌ക്കൊപ്പം ഗ്ലോസ് ബ്ലാക്ക് ഫ്രണ്ട് ഗ്രില്ലും കാറിന്റെ ലുക്ക് വർധിപ്പിക്കുന്നുണ്ട്.

ഫെൻഡറിൽ മോണ്ടി കാർലോയുടെ ബാഡ്ജുകളും ഇടംപിടിച്ചിരിക്കുന്നതും രസകരമായ കാഴ്ച്ചയാണ്. ഒക്ടാവിയ vRS 245 പെർഫോമൻസ് കാറിൽ നിന്ന് നേരിട്ട് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്ന R17 ഡ്യുവൽ-ടോൺ അലോയ് വീലുകൾ കുഷാഖ് മോണ്ടി കാർലോ എഡിഷനിൽ ഉണ്ടെങ്കിലും സ്ലാവിയയിൽ നിന്നും ഇതൊഴിവാക്കിയത് വാഹന പ്രേമികളെ നിരാശപ്പെടുത്തുന്നുണ്ട്. ഇക്കാര്യം കൂടിയുണ്ടായിരുന്നുവെങ്കിൽ കുറ്റംപറയാൻ വേറെ കാരണങ്ങൾ അന്വേഷിക്കേണ്ടി വരുമായിരുന്നു.
എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറിലും ചെറിയ നവീകരണങ്ങളൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട് കമ്പനി. സ്കോഡ സ്ലാവിയ മോണ്ടി കാർലോ നിലവിലെ മോഡലിൻ്റെ അതേ ഡിസൈനാണ് അകത്തളത്തിലും ഒരുക്കിയിരിക്കുന്നത് എങ്കിലും ചില മാറ്റങ്ങൾ കൊണ്ടുവന്ന് ആകർഷകമാക്കാൻ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന് സാധിച്ചിട്ടുണ്ട്. റെഡ്, ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയ ഡ്യുവൽ-ടോൺ അപ്ഹോൾസ്റ്ററി പ്രീമിയം ഫീൽ ഒരുക്കുന്നതിൽ വിജയിച്ചു.

ഡാഷ്‌ബോർഡിൻ്റെ വീതിയിൽ ഒഴുകുന്ന റൂബി റെഡ് മെറ്റാലിക് ഇൻസെർട്ടുകൾ സെൻ്റർ കൺസോളിലും ഫ്രണ്ട് ഡോറുകളിലേക്കും ചേർത്തിട്ടുണ്ട്. ഹെഡ്‌റെസ്റ്റുകളിൽ ആലേഖനം ചെയ്‌തിരിക്കുന്ന 'മോണ്ടി കാർലോ' ലോഗോയും സ്ലാവിയയുടെ സ്റ്റാൻഡേർഡ് മോഡലിൻ്റെ മറ്റ് മാറ്റങ്ങളിൽ ഉൾപ്പെടുന്നുണ്ട്. രണ്ട് ഹെഡ്‌റെസ്റ്റുകളിലും 'മോണ്ടി കാർലോ' എഴുത്തുകളും കാണാം. ചുവപ്പും കറുപ്പും നിറത്തിലുള്ള ലെതറെറ്റ് സീറ്റുകളാണ് പിൻഭാഗത്തുള്ളത്.
സ്കോഡ സ്ലാവിയ മോണ്ടി കാർലോയ്ക്ക് വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ ലഭിക്കുന്നതും ശ്രദ്ധേയമാണ്. 20.32 സെന്റീമീറ്റർ വലിപ്പമുള്ള ഇൻസ്ട്രുമെൻ്റ് കൺസോളിൽ റെഡ് തീമോടുകൂടിയാണ് പൂർത്തിയാക്കിയിരിക്കുന്നത് ഡാഷ്‌ബോർഡിൻ്റെ മധ്യഭാഗത്തായി ഇടംപിടിച്ചിരിക്കുന്ന ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും സ്‌കോഡ പ്ലേ ആപ്പുകളും റെഡ് തീമുമായാണ് വരുന്നത്. 1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ, 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ.
1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിന് 148 bhp കരുത്തിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. പുതിയ RDE മാനദണ്ഡങ്ങൾക്ക് അനുസൃതമായി സ്ലാവിയ മോണ്ടി കാർലോയുടെ എഞ്ചിൻ അപ്‌ഡേറ്റുചെയ്‌തെന്നും സ്കോഡ പറയുന്നു. കൂടാതെ E20 ഇന്ധനവുമായി പൊരുത്തപ്പെടുന്നുവെന്നതും ശ്രദ്ധേയമാണ്. ആയതിനാൽ മുമ്പത്തേക്കാൾ കൂടുതൽ ഇന്ധനക്ഷമതയാണ് കാറിന് നൽകാനാവുന്നത്.


Click it and Unblock the Notifications








