ഒരു വർഷം മുമ്പ് മേടിച്ചവരുടെ ഭാഗ്യം, നിർത്തിയിട്ട് പിന്നേം ഇറക്കിയ സ്കോഡ കാറിന് 20 ലക്ഷം കൂടുതൽ മുടക്കണം
കുഷാഖും (Kushaq) സ്ലാവിയയുമായി (Slavia) വിപണിയിൽ കുതിക്കുന്ന ബ്രാൻഡാണ് സ്കോഡ (Skoda). പണ്ടത്തെ ഹൈ-കോസ്റ്റ് മെയിന്റനെൻസ് എന്ന ചീത്തപ്പേരെല്ലാം മാറ്റിയെടുത്ത് ജനഹൃദയങ്ങളിലാണ് ഈ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് സ്ഥാനംപിടിച്ചിരിക്കുന്നത്. അധികം വണ്ടികളൊന്നും ഇപ്പോൾ നിരയിലെങ്കിലും വലിയ പദ്ധതികൾ തന്നെയാണ് രാജ്യത്തിനായി സ്കോഡ കരുതിവെച്ചിരിക്കുന്നത്.
എന്നിരുന്നാലും ആളുകൾ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് ഇന്ത്യയിൽ സ്കോഡയ്ക്ക് അഡ്രസുണ്ടാക്കി കൊടുത്ത ഒക്‌ടാവിയ, സൂപ്പർബ് പോലുള്ള മോഡലുകൾ എന്ന് തിരികെവരുമെന്നതാണ്. അവർക്കായി ഏറ്റവും സന്തോഷമുള്ള വാർത്തയും കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഏപ്രിൽ മൂന്നിന് സൂപ്പർബ് വീണ്ടും വിപണിയിൽ എത്തിക്കുമെന്നതായിരുന്നു അത്. ഇപ്പോഴിതാ വാക്കുപാലിച്ചുകൊണ്ട് എക്‌സിക്യൂട്ടീവ് സെഡാനെ പുനരവതരിപ്പിച്ചിരിക്കുകയാണ് സ്കോഡ.

വിൽപ്പന അവസാനിപ്പിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷം സ്കോഡ സൂപ്പർബ് ഇന്ത്യൻ വിപണിയിൽ വീണ്ടും കൊണ്ടുവന്നിരിക്കുന്നത്. കൂടുതൽ കർശനമായ ബിഎസ്-VI മലിനീകരണ നിയമങ്ങളുടെ രണ്ടാം ഘട്ടം നടപ്പിലാക്കിയതോടെയാണ് മുമ്പ് സ്‌കോഡ ഇന്ത്യയുടെ നിരയിലെ മുൻനിര സെഡാൻ മോഡലായിരുന്ന സൂപ്പർബ് നിരത്തൊഴിഞ്ഞിരുന്നത്. എന്തായാലും ഈ തിരിച്ചുവരവ് വാഹന പ്രേമികളെ സംബന്ധിച്ചിടത്തോളം ആഘോഷമാണ്.
യാത്രാസുഖത്തിന്റെ കാര്യത്തിൽ വേറെ ലെവലായ വണ്ടിയാണ് സൂപ്പർബ്. മുമ്പത്തെപ്പോലെ ഇത് പ്രാദേശികമായി അസംബിൾ ചെയ്യില്ല. പകരം, സ്കോഡ സൂപ്പർബിനെ ഒരു കംപ്ലീറ്റിലി ബിൽറ്റപ്പ് യൂണിറ്റായി (CBU) ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഒരു വർഷം മൊത്തം 2,500 യൂണിറ്റുകൾ ഹോമോലോഗേഷൻ കൂടാതെ ഇറക്കുമതി ചെയ്യാൻ സാധിക്കും. ഈ സാധ്യതയാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡും പരീക്ഷിക്കുന്നത്. അതിനാൽ തന്നെ വിലയുടെ കാര്യത്തിലും മുൻഗാമിയേക്കാൾ റിച്ചായിരിക്കും പുതിയ 2024 മോഡൽ.

ലോറിൻ ആൻഡ് ക്ലെമെന്റ് എന്ന ടോപ്പ് എൻഡ് വേരിയന്റിൽ സൂപ്പർബിന്റെ 100 യൂണിറ്റുകൾ മാത്രമേ ഇന്ത്യക്കായി ഇപ്പോൾ അനുവദിച്ചിട്ടുള്ളൂ. വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്നതിനാൽ തന്നെ 54 ലക്ഷം രൂപയാണ് കാറിന് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. മുമ്പ് ഇവിടെ വിൽപ്പനയ്‌ക്കെത്തിയിരുന്ന മുൻഗാമിയേക്കാൾ ഏകദേശം 20 ലക്ഷം രൂപയാണ് സൂപ്പർബിന് കൂടുതലായി ഇറക്കേണ്ടി വരിക.
അതായത് നിർത്തലാക്കുന്നതിന് മുമ്പ് വാങ്ങിയവർക്കെല്ലാം ലോട്ടറിയാണ് അടിച്ചിരിക്കുന്നതെന്ന് സാരം. മാത്രമല്ല പുതുതലമുറയ്ക്ക് പകരം മുമ്പുണ്ടായിരുന്ന കാറിന്റെ അതേ മോഡൽ തന്നെയാണ് ഇത്തവണയും ഇന്ത്യയിൽ കൊണ്ടുവന്നിരിക്കുന്നത് എന്നതു കൂടി കണക്കിലെടുക്കുമ്പോൾ സംഗതി ചൂടുള്ള ചർച്ചകൾക്ക് വഴിവെക്കും. എന്തായാലും പുതിയ സൂപ്പർബിനായുള്ള ഡെലിവറി ഈ മാസം അവസാനം ആരംഭിക്കുമെന്ന് സ്കോഡ അറിയിച്ചിട്ടുണ്ട്.

കാഴ്ച്ചയിൽ പഴയ മോഡലിന് സമാനമാണെങ്കിലും കാര്യങ്ങൾ പുതുമയുള്ളതാക്കാൻ സ്കോഡ സൂപ്പർബിൽ പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചിട്ടുണ്ട്. റോസോ ബ്രൂനെല്ലോ, വാട്ടർ വേൾഡ് ഗ്രീൻ, മാജിക് ബ്ലാക്ക് എന്നീ കിടിലൻ നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയാണ് കാറിന്റെ വരവ്. ഡിസൈനിലേക്ക് നോക്കിയാൽ വാഷറുകളുള്ള പൂർണ എൽഇഡി ഹെഡ്‌ലൈറ്റുകളാൽ ചുറ്റപ്പെട്ട സ്കോഡയുടെ സിഗ്നേച്ചർ ഗ്രില്ലാണ് മുൻവശത്തെ ഹൈലൈറ്റ്.
എൽഇഡി ഫോഗ് ലൈറ്റുകൾ ബമ്പറിൽ സ്ഥാപിച്ചിരിക്കുന്നത് ശരിക്കും മനോഹരമാണ്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ സൂപ്പർബിന് 18 ഇഞ്ച് പ്രൊപ്പസ് എയ്‌റോ അലോയ് വീലുകളാണ് സ്കോഡ ഒരുക്കിയിരിക്കുന്നത്. എൽഇഡി ടെയിൽ ലൈറ്റുകൾ ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകളോടെയാണ് വരുന്നത്. ഫ്രണ്ട് ഫെൻഡറുകളിൽ ലോറിൻ ആൻഡ് ക്ലെമന്റ് എന്ന എഴുത്തും സെഡാനിൽ കാണാം.

വില കൂടുതൽ കൊടുക്കുന്നതിനാൽ ഇന്റീരിയറിലെ കാര്യങ്ങളിൽ കാര്യമായ പരിഷ്ക്കാരം തന്നെ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. പുതിയ സൂപ്പർബിലെ ഫീച്ചർ ലിസ്റ്റും സ്കോഡ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. ഇതിൽ പുതിയ 10.2 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർഡ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്ക് അനുയോജ്യമായ 9.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ ഉൾപ്പെടുത്തിയതാണ് ഹൈലൈറ്റ്.
വയർലെസ് ചാർജിംഗ്, ട്രൈ-സോൺ ക്ലൈമറ്റ് കൺട്രോൾ, പാഡിൽ ഷിഫ്റ്ററുകളുള്ള ടൂ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയാണ് കാറിലെ മറ്റ് പ്രധാന സവിശേഷതകൾ. ഡ്രൈവർ സീറ്റിന് മസാജും മെമ്മറി ഫംഗ്ഷനുകളും ലഭിക്കുമ്പോൾ മുൻ സീറ്റുകൾ ഇലക്ട്രോണിക് ആയി 12 വ്യത്യസ്ത രീതികളിൽ ക്രമീകരിക്കാനും സാധിക്കും. ഇന്ത്യയിൽ ചെക്ക് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായിരിക്കും സ്കോഡ സൂപ്പർബ് എന്നതാണ് എടുത്തു പറയേണ്ട കാര്യം.

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ സ്ലാവിയയും കുഷാഖും 5-സ്റ്റാർ റേറ്റിംഗുമായി എത്തിയപ്പോൾ യൂറോ NCAP ക്രാഷ് ടെസ്റ്റുകളിലും സൂപ്പർബ് സമാനമായ സേഫ്റ്റി റേറ്റിംഗുകളാണ് നേടിയിരിക്കുന്നത്. 9 എയർബാഗുകൾ, ഡ്രൈവർമാർക്കുള്ള ക്ഷീണം അല്ലെങ്കിൽ മയക്കം കണ്ടെത്തൽ, 360 ഡിഗ്രി ക്യാമറ, ആക്ടീവ് ഷാസിസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, പാർക്ക് അസിസ്റ്റ് വിത്ത് എമർജൻസി ബ്രേക്കിംഗ് അസിസ്റ്റ് തുടങ്ങിയ മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകളും സെഡാൻ നൽകുന്നു.
സ്കോഡ ഒരു വേരിയന്റിൽ മാത്രമാണ് സൂപ്പർബ് വാഗ്ദാനം ചെയ്യുന്നത് എന്ന് നേരത്തെ പറഞ്ഞല്ലോ. ഇന്ത്യയിൽ നിലവിലുള്ള എമിഷൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന 2.0 ലിറ്റർ ഫോർ സിലിണ്ടർ TSI പെട്രോൾ എഞ്ചിനാണ് ഈ ആഡംബര പൂർണമായ സെഡാന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് 187 bhp കരുത്തിൽ 320 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.


Click it and Unblock the Notifications








