നെക്സോണും ബൊലേറോയും ഒന്നുമല്ല, 10 ലക്ഷം പേർ വാങ്ങിയ എസ്‌യുവിയെ ഗസ് അടിക്കാമോ?
2024 സാമ്പത്തിക വർഷത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ വാഹന വിപണിയായി ഇന്ത്യ മാറി. കാറുകളുടെ പറുദീസയായ ജപ്പാനെ മറികടന്നാണ് ഈ നേട്ടത്തിലേക്ക് നമ്മുടെ രാജ്യം എത്തിയത്. യുഎസ്എയ്ക്കും ചൈനയ്ക്കും പിന്നിൽ നിൽക്കുമ്പോൾ അധികം വൈകാതെ ഒന്നാം സ്ഥാനത്തെത്താമെന്ന് മോഹങ്ങളൊന്നുമില്ലെങ്കിലും രാജ്യത്ത് കാർ വാങ്ങുന്നവരുടെ എണ്ണത്തിലുണ്ടായ വർധനവ് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്.
പണ്ടൊക്കെ ആഡംബര വസ്‌തുവായി മാത്രം കണ്ടിരുന്ന കാറുകൾ ഇന്ന് മനുഷ്യ ജീവിതത്തിന്റെ ആവശ്യകാര്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ രാജ്യത്ത് വിൽക്കുന്ന കാറുകളുടെ പകുതിയിലേറെയും എസ്‌യുവി മോഡലുകളുമാണ്. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ ഒറിജിനൽ സ്വഭാവമൊന്നും ഇവയ്ക്കില്ലെങ്കിലും പല കാര്യങ്ങളാലും ഇത്തരം വാഹനങ്ങൾ സ്വന്തമാക്കാനാണ് ആളുകൾക്ക് ഏറെയിഷ്‌ടം.

ടാറ്റ പഞ്ച്, ടാറ്റ നെക്‌സോൺ, ടാറ്റ ഹാരിയർ, ടാറ്റ സഫാരി, മാരുതി ബ്രെസ, മാരുതി ഫ്രോങ്‌സ്, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സോനെറ്റ്, കിയ സെൽറ്റോസ്, മഹീന്ദ്ര ബൊലേറോ, മഹീന്ദ്ര ഥാർ, മഹീന്ദ്ര സ്‌കോർപിയോ, മഹീന്ദ്ര XUV700, ഹ്യുണ്ടായി വെന്യു, ടൊയോട്ട ഫോർച്യൂണർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, എംജി ഹെക്ടർ പോലുള്ള എസ്‌യുവികൾക്കാണ് ആഭ്യന്തര വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്.
എസ്‌യുവി വിഭാഗത്തിൽ പോലും മാരുതിയും ഹ്യുണ്ടായിയും ടാറ്റയും മഹീന്ദ്രയും എല്ലാം ഒന്നിച്ചാണ് ഒന്നാം സ്ഥാനത്തിനായി മത്സരിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. എന്നാൽ ഇന്ത്യയിൽ മൂന്ന് എസ്‌യുവികൾക്ക് മാത്രമാണ് 10 ലക്ഷം വിൽപ്പനയെന്ന നാഴികക്കല്ല് ഇതുവരെ മറികടക്കാനായിട്ടുള്ളത്. അത് നെക്സോണോ, പഞ്ചോ, സെൽറ്റോസോ, ഫോർച്യൂണറോ, ബൊലോറോയോ ഒന്നുമല്ലെന്നത് കേൾക്കുമ്പോൾ ചിലരെങ്കിലും നെറ്റിയൊന്ന് ചുളുക്കിയേക്കാം അല്ലേ. എന്നാൽ ഈ കടമ്പകടന്ന മച്ചാൻമാരെ ഒന്ന് പരിചയപ്പെടുത്തി തരാം.

മഹീന്ദ്ര സ്കോർപിയോ: 2002-ൽ ഇന്ത്യൻ വിപണിയിലെത്തിയ വണ്ടി കമ്പനിയുടെ പോലും മുഖമായി മാറുന്ന കാഴ്ച്ചയാണ് പിന്നീട് കാണാനായത്. 22 വർഷത്തിന് മുകളിലായിട്ടും ഇന്ന് സ്കോർപിയോയ്ക്ക് കിട്ടുന്ന വരവേൽപ്പ് അതൊന്ന് വേറെ തന്നെയാണ്. ഇന്ത്യയിൽ 10 ലക്ഷം യൂണിറ്റ് വിൽപ്പന സ്വന്തമാക്കിയ എസ്‌യുവികളിൽ ഒന്നാമാനാണ് ഇത്. നിലവിൽ ക്ലാസിക്, N എന്നിങ്ങനെ രണ്ട് തലമുറകളിലായാണ് എസ്‌യുവി വിപണനം ചെയ്യുന്നത്.
13.59 ലക്ഷം മുതൽ 17.35 ലക്ഷം രൂപ വരെയാണ് സ്കോർപിയോ ക്ലാസിക്കിൻ്റെ വില വരുന്നത്. അതേസമയം സ്കോർപിയോ N മതിയെന്നുള്ളവർക്ക് 13.60 ലക്ഷം രൂപ മുതൽ 24.54 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില മുടക്കേണ്ടി വരുന്നത്. എഞ്ചിൻ ഓപ്ഷനിലേക്ക് വന്നാൽ ഇരുവരും ശരിക്കും വ്യത്യസ്‌തമാണ്. ക്ലാസിക്കിൽ 132 bhp കരുത്തിൽ 300 Nm torque നൽകുന്ന 2.2 ലിറ്റർ എംഹോക്ക് CRDi ഡീസലാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

മറുവശത്ത് മഹീന്ദ്ര സ്കോർപിയോ N പതിപ്പിന് 2.0 ലിറ്റർ എംസ്റ്റാലിയൻ TGDi പെട്രോൾ എഞ്ചിനും 2.2 ലിറ്റർ എംഹോക്ക് CRDi ഡീസൽ എഞ്ചിനുമാണ് ലഭിക്കുന്നത്. ഇതിൽ പെട്രോൾ 203 bhp പവറിൽ 370 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം ഡീസൽ എഞ്ചിൻ വേരിയന്റിനെ അനുസരിച്ച് ഓട്ടോമാറ്റിക്കിലും മാനുവലിലും വ്യത്യസ്‌ത പെർഫോമൻസ് കണക്കുകളാണ് നൽകുന്നത്. 175 bhp, 400 Nm torque എന്നിവയാണ് പരമാവധി പവർഔട്ട്പുട്ട്.
മാരുതി ബ്രെസ: 2016-ലാണ് മാരുതി സുസുക്കി ബ്രെസ എന്ന കോംപാക്‌ട് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിച്ചത്. 8.34 ലക്ഷം മുതൽ 14.14 ലക്ഷം വരെ എക്സ്ഷോറൂം വിലയുള്ള വാഹനം ഇപ്പോഴും ചൂടപ്പംപോലെയാണ് വിറ്റഴിച്ചുകൊണ്ടിരിക്കുന്നത്. തുടക്കകാലത്ത് ഡീസൽ എഞ്ചിനോടെ വിറ്റഴിച്ചിരുന്ന ബ്രെസ പിന്നീട് ബിസ്-VI കാലഘട്ടത്തോടെ പെട്രോളിലേക്ക് ചേക്കേറി. എന്നിട്ടും സാക്ഷാൽ മാരുതിയെ പോലും ഞെട്ടിക്കുന്ന ഡിമാന്റാണ് ബ്രെസക്ക് നേടാനായത്.

ഇന്ത്യയിൽ 10 ലക്ഷം വിൽപ്പന കടന്ന മറ്റൊരു എസ്‌യുവിയെന്ന പൊൻതൂവൽ കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. K15C 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് പുതിയ ബ്രെസയുടെ ഹൃദയം. മാനുവൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന മോഡലിന് 103 bhp കരുത്തിൽ പരമാവധി 137 Nm torque വരെ ഉത്പാദിപ്പിക്കാനുമാവും. മൈലേജ് കൂടുതൽ വേണമെന്നുള്ളവർക്ക് സിഎൻജി ഓപ്ഷനും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഹ്യുണ്ടായി ക്രെറ്റ: ഇന്ത്യയിൽ 10 ലക്ഷം വിൽപ്പനയെന്ന അപൂർവം റെക്കോർഡ് സ്വന്തമാക്കിയ മൂന്നാമത്തെ എസ്‌യുവിയാണ് ക്രെറ്റ. 2015-ൽ അവതരിപ്പിച്ച മോഡൽ നിലവിൽ സ്റ്റാൻഡേർഡ്, N ലൈൻ എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ലഭ്യമാണ്. സ്റ്റാൻഡേർഡ് പതിപ്പിന് 11 ലക്ഷം രൂപ മുതൽ 20.15 ലക്ഷം രൂപ വരെ എക്‌സ്ഷോറൂം വിലയുള്ളപ്പോൾ പെർഫോമൻസ് മോഡലിന് 16.82 ലക്ഷം മുതൽ 20.45 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

സ്റ്റാൻഡേർഡ് ഹ്യുണ്ടായി ക്രെറ്റയ്ക്ക് 1.5 ലിറ്റർ MPi പെട്രോൾ, 1.5 ലിറ്റർ കാപ്പ ടർബോ GDi പെട്രോൾ, 1.5 ലിറ്റർ U2 CRDi ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. മറുവശത്ത് എസ്‌യുവിയുടെ N ലൈൻ വേരിയന്റിന് 1.5 ലിറ്റർ U2 CRDi ഡീസൽ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. കിടിലൻ വില നിർണയവും വൈവിധ്യമാർന്ന എഞ്ചിൻ-ഗിയർബക്സ് കോമ്പിനേഷനും ഡിസൈനുമെല്ലാമാണ് ക്രെറ്റയെ ഇത്രയും ജനപ്രിയമാക്കി നിർത്തുന്ന കാര്യം.


Click it and Unblock the Notifications








