ഫ്രോങ്ക്‌സ് വാങ്ങിയവർ ശ്രദ്ധിക്കണേ, ബ്രേക്ക് പണിതരാൻ ചാൻസുണ്ട്; തിരിച്ചുവിളിച്ച് കമ്പനി, ഇന്ത്യക്കാർ സേഫാണ്!
മാരുതി സുസുക്കിയുടെ ഹിറ്റ് മോഡലുകളിൽ ഒന്നാണ് ഫ്രോങ്ക്‌സ് (Maruti Suzuki Fronx). കൂപ്പെ എസ്‌യുവി സ്റ്റൈലിംഗുമായി എത്തിയ വാഹനത്തെ ഇരുകൈയും നീട്ടിയാണ് ഇന്ത്യക്കാർ സ്വീകരിച്ചത്. താങ്ങാനാവുന്ന വിലയും ഒന്നാന്തരം പെർഫോമൻസും മൈലേജുമൊന്നുമല്ല ഫ്രോങ്ക്‌സിന്റെ വിജയരഹസ്യം. പിന്നെയെന്താണെന്ന് ചോദിച്ചാൽ ഫ്രീക്ക് ലുക്കാണെന്ന് നിസംശയം പറയാം. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും ഡിസൈനിൽ അതിന്റെ യാതൊരു സാമ്യതയും കാണാനില്ല. മുൻവശത്ത് നിന്ന് നോക്കിയാൽ ഗ്രാൻഡ് വിറ്റാരയെ ഓർമിപ്പിച്ചേക്കാം.
വശക്കാഴ്ച്ചയിലും പിന്നിലെ ഡിസൈനിലും തനതായ ശൈലി പിന്തുടരാനായതും ഫ്രോങ്ക്‌സിന്റെ വിജയത്തിന് പൊലിമയേകി. ഇന്ത്യക്കാർക്ക് മാത്രമല്ല കേട്ടോ, സുസുക്കിയുടെ ജന്മനാടായ ജപ്പാനിലും ഫ്രോങ്ക്‌സ് വമ്പൻ ഹിറ്റാണ്. 2024 ഒക്ടോബറിലാണ് മാരുതി ഫ്രോങ്ക്‌സ് ജാപ്പനീസ് വിപണിയില്‍ കാലുകുത്തുന്നത്. ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന ആദ്യത്തെ മാരുതി സുസുക്കി എസ്‌യുവിയെന്ന പ്രത്യേകതയും ഫ്രോങ്ക്‌സിനുണ്ട്. എന്തായാലും പ്രതീക്ഷിച്ചതിലും ഒമ്പത് മടങ്ങ് വിൽപ്പന നേടാനും കക്ഷിക്ക് സാധിച്ചു.

പക്ഷേ ഇതിനിടയിൽ ചില നിർമാണ തകരാറുകൾ ഫ്രോങ്ക്‌സിന് സംഭവിച്ചിരിക്കുകയാണ്. ബ്രേക്കുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്ന് ജപ്പാനിൽ സുസുക്കി ഫ്രോങ്ക്സ് തിരിച്ചുവിളിച്ചിരിക്കുകയാണ് കേട്ടോ. രാജ്യത്തെ ലാൻഡ്, ഇൻഫ്രാസ്ട്രക്ചർ, ഗതാഗതം, ടൂറിസം മന്ത്രാലയത്തിന് ഇതിനെ സംബന്ധിച്ച് ഫയലിംഗും സുസുക്കി സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. വാഹനത്തിൻ്റെ റിയർ ബ്രേക്ക് കാലിപ്പറിലെ മൗണ്ടിംഗ് ബോൾട്ടുകൾ ശരിയായി മുറുകാത്ത പ്രശ്നമാണ് തിരിച്ചുവിളിക്കാൻ കാരണമായിരിക്കുന്നത്.
2024 സെപ്റ്റംബർ 13 നും നവംബർ 8 നും ഇടയിൽ നിർമിച്ച ഫ്രോങ്ക്‌സിന്റെ മൊത്തം 1,911 യൂണിറ്റുകൾ തിരിച്ചുവിളിക്കും. ബോൾട്ട് അതിൻ്റെ നിലവിലെ അവസ്ഥയിൽ വച്ചാൽ അത് കാലക്രമേണ അയവുള്ളതാകാൻ സാധ്യതയുണ്ട്. അതിന്റെ ഫലമായി ബ്രേക്കിംഗ് സമയത്തോ അല്ലെങ്കിൽ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കുമ്പോഴോ അസാധാരണമായ ശബ്ദങ്ങൾ ഉണ്ടാകാം.

ചില കേസുകളിൽ ബോൾട്ട് ഊരിപ്പോവാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ബ്രേക്കിംഗിനെ കാര്യമായി ബാധിക്കുകയും ചെയ്യുമെന്നാണ് വിവരം. ഈ പ്രശ്നം പരിഹരിക്കുന്നതിന് എല്ലാ വാഹനങ്ങളിലെയും ബോൾട്ടുകൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും ബോൾട്ടുകൾക്ക് തകരാർ കണ്ടെത്തിയാൽ അവ മാറ്റി സ്ഥാപിക്കുകയും ചെയ്യും. തിരിച്ചുവിളിക്കലിന്റെ ഭാഗമായതിനാൽ സർവീസ് ഫ്രീയായിരിക്കുമെന്നാണ് സുസുക്കി അറിയിച്ചിരിക്കുന്നത്.
എന്നാൽ ഇന്ത്യയിൽ വിപണനം ചെയ്തിരിക്കുന്ന ഫ്രോങ്ക്‌സിന് ഈയൊരു തകരാർ കണ്ടെത്തിയിട്ടില്ല. ആയതിനാൽ ഇവിടെ വാങ്ങിയവർ ആശങ്കപ്പെടേണ്ടതായി ഒന്നും തന്നെയില്ല. 2023 ഏപ്രിലിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയ മോഡൽ ഇതുവരെ 2 ലക്ഷത്തിലധികം വീടുകളിൽ എത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ. ഈയൊരു നേട്ടം വേഗത്തിൽ കൊയ്യുന്ന മോഡലാണ് ഫ്രോങ്ക്‌സ്. എൻസിആർ, ഡൽഹി, മുംബൈ, കൊച്ചി, ബെംഗളൂരു എന്നീ നഗരങ്ങളാണ് ഫ്രോങ്ക്സിന് ഏറ്റവും കച്ചോടമുള്ള നഗരങ്ങൾ.

7.52 ലക്ഷം രൂപയിൽ തുടങ്ങി 13.04 ലക്ഷം രൂപ വരെയാണ് ഫ്രോങ്ക്സിൻ്റെ എക്സ്ഷോറൂം വില വരുന്നത്. സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, ഡെൽറ്റ പ്ലസ് ഓപ്ഷണൽ, സീറ്റ, ആൽഫ എന്നിങ്ങനെ ആറ് വേരിയൻ്റുകളിലാണ് കൂപ്പെ സ്റ്റൈൽ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. സിഗ്മ, ഡെൽറ്റ വകഭേദങ്ങളിൽ സിഎൻജി പവർട്രെയിനുമുണ്ട്. ഇന്ത്യൻ വിപണിയിൽ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് ഫ്രോങ്ക്‌സ് വിപണനത്തിന് എത്തിയിരിക്കുന്നത്.
മാരുതിയുടെ നിരയിൽ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ലഭിക്കുന്ന ഏക വാഹനമാണിതെന്നതും ശ്രദ്ധേയമാണ്. 1.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ 5,500 ആർപിഎമ്മിൽ 99 bhp പവറും 2,000-4,500 ആർപിഎമ്മിൽ 147 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമം ഗിയർബോക്‌സിൻ്റെ മാനുവൽ നിയന്ത്രണം ഏറ്റെടുക്കുന്നതിന് പാഡിൽ ഷിഫ്റ്ററുകളുള്ള 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഇതിലെ ട്രാൻസ്മിഷൻ കോമ്പിനേഷനുകൾ.
മാരുതി സുസുക്കി ഫ്രോങ്ക്‌സിലെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 6,000 ആർപിഎമ്മിൽ 89 bhp പരമാവധി കരുത്തും 4,400 ആർപിഎമ്മിൽ 113 Nm ടോർക്കും ഉൽപ്പാദിപ്പിക്കും. ഇത് 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 5-സ്പീഡ് എഎംടി എന്നിവയ്‌ക്കൊപ്പമാണ് വാഗ്ദാനം ചെയ്യുന്നത്. എന്തായാലും ഫ്രോങ്ക്‌സ് സർപ്രൈസ് ഹിറ്റായതിൽ കമ്പനിക്കും അതിയായ സന്തോഷമുണ്ടാവും.


Click it and Unblock the Notifications








