പഞ്ചിനെ വെല്ലാൻ മാരുതിയുടെ പുത്തൻ മിനി എസ്‌യുവി, റോഡിൽ പരീക്ഷണത്തിനിറങ്ങിയ കാർ കണ്ടോ
മാരുതി സുസുക്കി എന്നാൽ ഇന്ത്യക്കാർക്ക് അതൊരു വിശ്വാസമാണ്. കമ്പനിയുടെ ഏത് മോഡൽ വാങ്ങിയാലും അതൊരു അസറ്റാണ്. എപ്പോഴെങ്കിലും ഒന്ന് വണ്ടി മാറണമെന്ന് വിചാരിച്ചാൽ തന്നെ മുടക്കിയ പൈസയിൽ വലിയ നഷ്‌ടമില്ലാതെ കൊടുക്കാനും സാധിക്കും. റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ മാരുതി കാറുകളെല്ലാം വേറെ ലെവലാണ്. അതുമാത്രമല്ല, ആളുകളുടെ പൾസറിഞ്ഞ് പുതിയ മോഡലുകൾ പുറത്തിറക്കാനും രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് അറിയാം. വരുന്ന വർഷം ബ്രാൻഡിന്റേതായി അവതരിക്കാൻ പോവുന്നത് ഏത് മോഡലായിരിക്കുമെന്ന് സൂചനയുമായി പുതിയ സ്പൈ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ.
പണ്ട് ഹാച്ച്ബാക്കുകൾ വിറ്റ് പണംവാരിയിരുന്ന കമ്പനി ഇപ്പോൾ ട്രെൻഡിനനുസരിച്ച് എസ്‌യുവി വിപണിയിലേക്കും കൂടുതൽ ശ്രദ്ധകൊടുത്ത് പണമുണ്ടാക്കുകയാണ്. ബ്രെസ, ഫ്രോങ്ക്‌സ്, ഗ്രാൻഡ് വിറ്റാര പോലുള്ള മോഡലുകളെല്ലാം ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഇതിനു പിന്നാലെ മറ്റൊരു മിനി സ്പോർട് യൂട്ടിലിറ്റി വാഹനം ഇന്ത്യക്കായി അവതരിപ്പിക്കാൻ പോവുകയാണ് മാരുതി സുസുക്കി.

ടാറ്റ പഞ്ചും ഹ്യുണ്ടായി എക്സ്റ്ററും മത്സരിക്കുന്ന മൈക്രോ എസ്‌യുവി സെഗ്മെന്റിലേക്ക് പുതിയൊരു വാഹനത്തെ കൊണ്ടുവരാനാണ് മാരുതിയുടെ നീക്കം. ഇതിന്റെ ഭാഗമായി സുസുക്കി ഹസ്‌ലറിന് ആഭ്യന്തര വിപണിയിലേക്ക് കൊണ്ടുവന്നേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പരീക്ഷണയോട്ടത്തിനായി ഹസ്‌ലറിനെ നിരത്തിലിറക്കിയതോടെയാണ് ബ്രാൻഡിന്റെ അടുത്ത നീക്കത്തെ കുറിച്ച് പുറംലോകം അറിയുന്നത്.
ഇതിനോടകം വിദേശ രാജ്യങ്ങളിൽ വലിയ ഹിറ്റായ സുസുക്കിയുടെ കെയ് കാർ ഡിസൈനിലുള്ള ഹസ്‌ലറിന് ഇന്ത്യയിലും തരംഗം സൃഷ്‌ടിക്കാനാവുമെന്നാണ് വിലയിരുത്തൽ. ഒരു വലിയ ഗ്ലാസ് ഏരിയയും ബോക്‌സി ഡിസൈനുമുള്ള മോഡൽ നമ്മുടെ നിരത്തുകൾക്ക് അത്ര പരിചയമില്ലാത്ത സ്റ്റൈലിംഗാണ് അവതരിപ്പിക്കുന്നത്. റൂഫ് റെയിലുകൾ, ബോഡി ക്ലാഡിംഗ് എന്നിവ പോലെ കുറച്ച് ക്രോസ്ഓവർ ഘടകങ്ങളും കൂടി ഇതിലേക്ക് ചേരുന്നതോടെ വാഹനം കളറാവുന്നുണ്ട്.
അപ്പ്-റൈറ്റായ ബോണറ്റും പരന്ന ഫാസിയയും വാഗൺആറിന്റെ കട്ടിനെ ഓർമപ്പെടുത്തുന്നതാണ്. ഒതുക്കമുള്ള രൂപമുള്ളതിനാൽ സിറ്റി ഉപയോഗത്തിനും മറ്റും തികച്ചും അനുയോജ്യമായ ഫാമിലി കാർ കൂടിയാണിത്. 2,425 മില്ലീമീറ്റർ നീളമുള്ള വീൽബേസാണ് സുസുക്കി ഹസ്‌ലറിനുള്ളത്. കെയ് കാറുകൾ ഇന്ത്യക്കാർക്ക് അത്ര പരിചയമില്ലെങ്കിലും വിദേശത്ത് യാത്ര ചെയ്‌തിട്ടുള്ളതും താമസിച്ചിട്ടുള്ളവർക്കും മോഡലിനെ വേഗം സ്വീകരിക്കാനാവും.
എക്സ്റ്റീരിയർ ലുക്കിൽ കുഞ്ഞനായി തോന്നാമെങ്കിലും മുതിർന്ന നാല് പേർക്ക് സുഖമായി ഇരിക്കാനും യാത്ര ചെയ്യാനുമുള്ള സ്പേസാണ് സുസുക്കി ഹസ്‌ലറിനകത്തുള്ളത്. ഒരു വിചിത്രമായ ഇൻ്റീരിയർ ലേഔട്ടിലൂടെയാണ് സുസുക്കി ഇത് കൈവരിച്ചത്. മാരുതി കാറുകളിലൂടെ ഏറെ പരിചിതമായ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ കെയ് കാറും പണികഴിപ്പിച്ചിരിക്കുന്നത്.

സുസുക്കി ഹസ്‌ലർ ഒരു ഉയരമുള്ള വാഹനമാണ്. 3,395 mm നീളവും 1,475 mm വീതിയും മാത്രമുള്ള ഇത് ഇന്ത്യക്കാർക്ക് അത്ര ദഹിച്ചേക്കില്ലെന്ന് വേണം പറയാൻ. ജിംനിയുടെ മറ്റൊരു പതിപ്പാവാൻ താത്പര്യമില്ലാത്തതിനാൽ സുസുക്കി ഹസ്‌ലർ ഇന്ത്യയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചാൽ വീൽബേസിലും മറ്റും മാറ്റമുണ്ടാവാൻ സാധ്യതയുണ്ട്. കൊറിയൻ സ്പെക്ക് കാസ്പറിനെ അടിസ്ഥാനമാക്കി എക്‌സ്‌റ്റർ നിർമിച്ചപ്പോൾ ഹ്യുണ്ടായി കൊണ്ടുവന്ന മാറ്റങ്ങൾക്ക് സമാനമായിരിക്കും കാര്യങ്ങൾ.
മാരുതി സുസുക്കിയുടെ വാഹന നിരയിൽ ഇഗ്‌നിസിന് പകരമായി ഹസ്‌ലർ ഇടംപിടിച്ചാൽ ടാറ്റ പഞ്ചിനുള്ള നല്ലൊരു ഉത്തരമായിരിക്കും. ഇഗ്നിസിൻ്റെ വിൽപ്പന ഗണ്യമായി കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഇക്കാര്യം കമ്പനിക്ക് പരിഗണിക്കാനാവുന്നതാണ്. 2024 ജൂലൈയിലെ വിൽപ്പനയിൽ ഇഗ്നിസിനെ മറികടന്ന് ജിംനി വരെ കുതിപ്പുണ്ടാക്കിയിരുന്നു. ഹസ്‌ലറിന്റെ വരവ് മാരുതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ ചിലപ്പോൾ മറ്റേതെങ്കിലും ആവശ്യങ്ങൾക്കായി കാർ ഇവിടെ പരീക്ഷിക്കപ്പെട്ടതാവാം എന്നും അനുമാനിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








