ഇനി ഇങ്ങനെയൊന്ന് മാറി നോക്കാം, ജിംനിയുടെ ഓഫ്-റോഡ് എഡിഷൻ പുറത്തിറക്കി കമ്പനി; ഥാർ പേടിക്കണോ?
ജിപ്‌സിയുടെ (Gypsy) പകരക്കാരനായി ജിംനി (Jimny) വിലസാൻ തുടങ്ങിയിട്ട് കാലം ഒരുപാടായി. വിദേശ വിപണികളിൽ ആശാൻ ഹിറ്റാണെങ്കിലും നമ്മൾ ഇന്ത്യക്കാർ വിളിച്ചുവരുത്തി അപമാനിച്ചൊരു എസ്‌യുവിയാണ് ജിംനി. വിദേശത്ത് ചൂടപ്പം പോലെ വിറ്റഴിക്കപ്പെട്ടപ്പോൾ ഞങ്ങൾക്കും ഒന്ന് തായോ എന്നു പറഞ്ഞുവെങ്കിലും അവതരിപ്പിച്ച് കഴിഞ്ഞപ്പോൾ ആളുകൾക്ക് എന്തോ ജിംനിയെ അങ്ങ് പിടിച്ചില്ല. 5-ഡോറിന്റെ പ്രായോഗികത ഉണ്ടായിരുന്നുവെങ്കിലും വിലയും ചെറിയ രൂപവുമെല്ലാം അപമതിപ്പുളവാക്കി. പക്ഷേ ആളുകൾ തിരിച്ചറിയുമെന്ന വിശ്വാസത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി (Maruti Suzuki).
എന്തായാലും ഇതിനിടയിൽ ജിംനിയുടെ പുതിയ ഓഫ്‌റോഡ് പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കി. ഇവിടെയല്ല കേട്ടോ, 2024 തായ്‌ലൻഡ് ഇൻ്റർനാഷണൽ മോട്ടോർ ഷോയിലാണ് സുസുക്കി ജിംനിയുടെ ലിമിറ്റഡ് എഡിഷൻ മോഡലിനെ പുറത്തിറക്കിയിരിക്കുന്നത്. ഓഫ്-റോഡർ എസ്‌യുവിയുടെ ലിമിറ്റഡ് എഡിഷൻ മോഡൽ സുസുക്കി അവതരിപ്പിക്കുന്നത് ഇതാദ്യമല്ല. നേരത്തെ സുസുക്കി റിനോ എഡിഷനും ജിംനിയുടെ ഹെറിറ്റേജ് എഡിഷനും പുറത്തിറക്കി വിജയം കൊയ്‌തിരുന്നു.

സുസുക്കി ജിംനി ഓഫ്‌റോഡ് എഡിഷൻ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമേ വിൽക്കൂ. എസ്‌യുവിയുടെ മോണോടോൺ കളർ ഓപ്ഷന് 1.76 മില്യൺ ബാറ്റ് ആണ് വില വരുന്നത്. അതേസമയം ഡ്യുവൽ ടോണിന് 1.79 മില്യൺ ബാറ്റാണ് വില. ഇനി വാഹനത്തിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടന്നാൽ ജിംനി ഓഫ്‌റോഡ് എഡിഷനിൽ കോസ്‌മെറ്റിക് മാറ്റങ്ങൾ മാത്രമാണ് സുസുക്കി വരുത്തിയിരിക്കുന്നത്.
സ്റ്റാൻഡേർഡ് ജിംനിയിൽ നിന്നും വേറിട്ടുനിർത്താൻ ഓഫ്‌റോഡ് എഡിഷൻ ഹെറിറ്റേജ് എഡിഷനിൽ നിന്ന് എടുത്ത വ്യത്യസ്തമായ ഗ്രില്ലാണ് അവതരിപ്പിക്കുന്നത്. കൂടാതെ ഫ്രണ്ട് ബമ്പറിനും വശങ്ങളിലും ഒരു പ്രത്യേക ഗാർണിഷിംഗും സുസുക്കി സമ്മാനിച്ചിട്ടുണ്ട്. ഡോർ ഹാൻഡിൽ പ്രൊട്ടക്ടർ, ഫ്യൂവൽ ലിഡ് കവർ സ്റ്റിക്കർ, സ്പെയർ ടയർ കവറിന് ഡീക്കൽ, ജിംനി എന്നെഴുതിയ മഡ്‌ലാപ്പ്, ഓഫ്‌റോഡ് പതിപ്പിന് പിന്നിൽ ഒരു എംബ്ലവും വേറിട്ടുനിർത്താൻ കൊടുത്തിട്ടുണ്ട്.
ജിംനിയുടെ ഓഫ്‌റോഡ് എഡിഷനിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും സുസുക്കി വരുത്തിയിട്ടില്ല. 101 bhp കരുത്തിൽ പരമാവധി 130 Nm torque നൽകുന്ന അതേ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായിട്ടാണ് എസ്‌യുവി വിപണനത്തിന് എത്തുക. മുകളിൽ സൂചിപ്പിച്ചതു പോലെ ഓഫ്‌റോഡ് എഡിഷൻ 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടാണ് വരുന്നത്. 5-സ്പീഡ് മാനുവൽ ഗിയർബോക്സ് വേണമെന്നുള്ളവർക്ക് ജിംനിയുടെ സ്റ്റാൻഡേർഡ് പതിപ്പിലേക്ക് പോവാം.
ഇനി ഇന്ത്യയുടെ കാര്യം നോക്കിയാൽ സുസുക്കി ഓഫ്‌റോഡ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതേയില്ല. കാരണം ജിംനി അവതരിപ്പിച്ചതിനുശേഷം ആഗോള വിപണിയിൽ അവതരിപ്പിച്ച പ്രത്യേക പതിപ്പുകളൊന്നും ഇന്ത്യൻ വിപണിയിൽ ലഭിച്ചിട്ടില്ല. മാത്രമല്ല കമ്പനി പ്രതീക്ഷിച്ചത്ര വിൽപ്പനയൊന്നും ഈ ലൈഫ്-സ്റ്റൈൽ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് കൊണ്ടുവരാനായിട്ടില്ലെന്നതാണ് മറ്റൊരു യാഥാർഥ്യം.
2024 ഒക്‌ടോബറിൽ 1,211 യൂണിറ്റുകളാണ് ജിംനിയുടെ വിറ്റഴിഞ്ഞത്. ഇന്ത്യയിലെ വിൽപ്പന വർധിപ്പിക്കാൻ മാരുതി സുസുക്കിക്ക് ഓഫ്‌റോഡ് എഡിഷൻ പോലുള്ള സമാനമായ സ്‌പെഷ്യൽ എഡിഷനുകൾ വാഗ്ദാനം ചെയ്യുന്നത് പരിഗണിക്കാം. ഇത്തരം ഐഡിയകൾ പാളിപ്പോവാനാണ് സാധ്യതയെങ്കിലും വിലയും കൂടെ സെറ്റാക്കിയാൽ ചിലപ്പോൾ ക്ലിക്കാവാൻ വിദൂരമായ സാധ്യതയുണ്ടായേക്കാം.
2023 ജൂണിൽ ലോഞ്ച് ചെയ്ത 5-ഡോർ ജിംനിക്ക് നിലവിൽ 12.74 ലക്ഷം മുതൽ 14.95 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ചില ഷോറൂമുകളിൽ 3.30 ലക്ഷം രൂപ വരെ വിലക്കുറച്ചും വാഹനം വിൽക്കുന്നുണ്ട്. എന്നിട്ടും കാര്യമായ രീതിയിൽ ക്ലച്ചുപിടിക്കാൻ എസ്‌യുവിക്ക് സാധിച്ചിട്ടില്ല. എങ്കിലും സെലിബ്രിറ്റികൾക്കിടയിലും യൂട്യൂബർമാർക്കിടയിലുമെല്ലാം ജിംനിക്ക് കാര്യമായ ജനപ്രീതിയുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








