9 ലക്ഷത്തിന് ഇത്രയും ഫീച്ചറുള്ള വേറെ കാർ വാങ്ങാൻ കിട്ടില്ല, ആൾട്രോസിലേക്ക് വമ്പൻ മാറ്റങ്ങളുമായി ടാറ്റ
മാരുതി ബലേനോയും ഹ്യുണ്ടായി i20-യും അരങ്ങുവാഴുന്ന പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് ടാറ്റ മോട്ടോർസ് കൊണ്ടുവന്ന തുറുപ്പുഗുലാൻ ആയിരുന്നു ആൾട്രോസ്. പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ, സിഎൻജി എന്നിങ്ങനെ വൈവിധ്യമാർന്ന ഇന്ധന തരങ്ങളിലെത്തിയ മോഡലിനെ ഇരുകൈയും നീട്ടിയാണ് ആളുകൾ വരവേറ്റത്. ഒപ്പം സ്പോർട്ടി ഡിസൈനും 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും കൂടിയായതോടെ ചുടപ്പംപോലെയാണ് ആൾട്രോസ് വിറ്റഴിഞ്ഞത്. പിന്നീട് എതിരാളികളെല്ലാം കൂടുതൽ ആധുനികത കൈവരിച്ചതോടെ വിൽപ്പന ചെറുതായൊന്ന് ഇടിഞ്ഞുവെങ്കിലും വേരിയന്റ് നിരയിൽ അടിക്കടി പരിഷ്ക്കാരങ്ങൾ കൊണ്ടുവന്ന് ടാറ്റ ഞെട്ടിക്കുന്നുണ്ടായിരുന്നു.
ഇപ്പോൾ ആൾട്രോസ് റേസർ എന്ന പെർഫോമൻസ് ഹാച്ച്ബാക്കിനെ വിപണിയിൽ അവതരിപ്പിച്ച കമ്പനി ഇക്കൂടെ സ്റ്റാൻഡേർഡ് ആൾട്രോസിലേക്കും ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്. മറ്റൊന്നുമല്ല, പ്രീമിയം ഹാച്ചിലേക്ക് പുതിയ രണ്ട് ടോപ്പ്-ഓഫ്-ലൈൻ വേരിയന്റുകൾ കൊണ്ടുവന്നതാണ് സംഭവം. XZ ലക്‌സ്, XZ+S ലക്‌സ് എന്നിങ്ങനെ അവതരിപ്പിച്ചിരിക്കുന്ന പുത്തൻ പതിപ്പുകൾക്ക് പുറമെ കാറിന്റെ ടോപ്പ് എൻഡ് മോഡലായ XZ+ OS ട്രിമ്മിലേക്ക് കമ്പനി കൂടുതൽ ഫീച്ചറുകളും ചേർത്തിട്ടുണ്ട്.

ആൾട്രോസ് XZ ലക്‌സിന് 9.00 ലക്ഷം ആൾട്രോസ് XZ+S ലക്‌സിന് 9.65 ലക്ഷം, ആൾട്രോസ് XZ+ OS വേരിയന്റിന് 9.99 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഇവയെല്ലാം പെട്രോൾ മാനുവൽ പതിപ്പുകളാണെന്നതും പ്രത്യേകം ഓർമിക്കണേ. ഇനി പ്രീമിയം ഹാച്ച്ബാക്കിലേക്ക് അവതരിപ്പിച്ചിരിക്കുന്ന പുത്തൻ വേരിയന്റുകളുടെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടന്നാലോ?
പുതിയ ടാറ്റ ആൾട്രോസ് XZ ലക്‌സിന് കമ്പനിയുടെ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ലഭിക്കുന്നതാണ് ഏറ്റവും വലിയ കാര്യം. കമ്പനിയുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇതിന് 360-ഡിഗ്രി ക്യാമറ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ പോലുള്ള ഫീച്ചറുകളും ലഭിക്കുന്നതാണ്. ആൾട്രോസിലെ പുതുതായി കൊണ്ടുവന്ന XZ+S ലക്‌സിൽ ഈ ഫീച്ചറുകൾക്കെല്ലാം പുറമെ നാല് എയർബാഗുകളും സ്റ്റാൻഡേർഡായി ലഭിക്കും.

ഇനി XZ+ OS ടോപ്പ് എൻഡിലെ മാറ്റങ്ങളിലേക്ക് കടന്നാൽ iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യയും XZ+S LUX ട്രിമ്മിൽ ഒരു എയർ പ്യൂരിഫയറും ടാറ്റ മോട്ടോർസ് കൊണ്ടുവന്നിട്ടുണ്ട്. പെട്രോൾ എഞ്ചിനിൽ മാത്രമേ ഈ വേരിയന്റ് ലഭ്യമാകൂ. ഇതിൽ നിന്നും ലെതറെറ്റ് സീറ്റുകളും കമ്പനി ഒഴിവാക്കിയിട്ടുണ്ട്. ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, 90-ഡിഗ്രി ഓപ്പണിംഗ് ഡോറുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവ പോലുള്ള മറ്റ് സവിശേഷതകൾ നിലനിർത്തിയിട്ടുണ്ട്.
അതേസമയം രണ്ട് പുതിയ വകഭേദങ്ങളും പെട്രോൾ-മാനുവൽ, പെട്രോൾ-ഡിസിടി, സിഎൻജി-മാനുവൽ, ഡീസൽ-മാനുവൽ കോൺഫിഗറേഷനുകളിൽ വാങ്ങാനാവും കേട്ടോ. ഇനി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ ആൾട്രോസ് റേസർ അവതരിപ്പിച്ചതോടെ ഐ-ടർബോ പതിപ്പിനൊപ്പം ലഭ്യമായിരുന്ന 110 bhp പവറുള്ള 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷൻ കമ്പനി ഇപ്പോൾ നിർത്തലാക്കുകയുണ്ടായി.

ആയതിനാൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, സിഎൻജി, 1.5 ലിറ്റർ ടർബോ ഡീസൽ എന്നീ എഞ്ചിൻ ഓപ്ഷനുകളിൽ മാത്രമാണ് പ്രീമിയം ഹാച്ച്ബാക്ക് വാങ്ങാനാവുക. പെർഫോമൻസിലേക്ക് നോക്കിയാൽ NA പെട്രോൾ എഞ്ചിന് 87 bhp കരുത്തും ഡീസലിന് 89 bhp പവറുമാണുള്ളത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡിസിടി എന്നിവയെല്ലാമാണ് ടാറ്റ വാഗ്‌ദാനം ചെയ്യുന്നത്.
ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഹ്യുണ്ടായി i20, മാരുതി ബലേനോ, ടൊയോട്ട ഗ്ലാൻസ എന്നിവയോടാണ് ടാറ്റ ആൾട്രോസ് മത്സരിക്കുന്നത്. അതേസമയം പുതിയ ആൾട്രോസ് റേസർ i20 N ലൈൻ, ഫ്രോങ്ക്സ് ടർബോ എന്നിവയുമായാണ് മാറ്റുരയ്ക്കുന്നത്. R1, R2, R3 എന്നിങ്ങനെ 3 വ്യത്യസ്‌ത വേരിയന്റുകളിൽ വരുന്ന ഹോട്ട് ഹാച്ചിന് യഥാക്രമം 9.49 ലക്ഷം, 10.49 ലക്ഷം, 10.99 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.
ടാറ്റ നെക്‌സോണിൽ നിന്ന് കടമെടുത്ത പുതിയ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ടാറ്റ ആൾട്രോസ് റേസറിൻ്റെ ഹൃദയം. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി മാത്രം ജോടിയാക്കിയ എഞ്ചിന് 118 bhp പവറിൽ പരമാവധി 170 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ ലഭ്യമല്ല. സ്റ്റാൻഡേർഡ് വേരിയൻ്റുകളേക്കാൾ സ്‌പോർട്ടി എക്‌സ്‌ഹോസ്റ്റ് നോട്ടാണ് മോഡൽ വരുന്നത്.


Click it and Unblock the Notifications








