വണ്ടിക്കച്ചോടം പഠിച്ച് ടാറ്റ, ആൾട്രോസ് റേസർ വാങ്ങാൻ ആളുണ്ടേൽ ആ കുറവും നികത്താമെന്ന് കമ്പനിയുടെ ഉറപ്പ്
എസ്‌യുവികൾ ട്രെൻഡായതോടെ ആകെ പെട്ടുപോയൊരു വിഭാഗമാണ് ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്കുകൾ. വിലയിലും ഫീച്ചറുകളിലുമെല്ലാം ഒരേ പോലെയുള്ളതിനാൽ ആളുകൾക്കെല്ലാം സ്പോർട് യൂട്ടിലിറ്റി വാഹന തരങ്ങളോടാണ് താത്പര്യം. എന്നാൽ എന്തൊക്കെയോ കാരണങ്ങളാൽ ഇന്നും കേമൻമാർ ഹാച്ച്ബാക്കുകൾ തന്നെയാണെന്ന് വേണം പറയാൻ. എന്തായാലും ആളെക്കൂട്ടാനായി പല വിദ്യകളുമായി കമ്പനികൾ രംഗത്തെത്തുന്നുണ്ട്. ജനപ്രിയ മോഡലായ ആൾട്രോസിന്റെ റേസർ (Tata Altroz Racer) പതിപ്പ് പുറത്തിറക്കിയാണ് ടാറ്റ മോട്ടോർസ് അടുത്തിടെ വാർത്തകളിൽ നിറഞ്ഞത്. ഫോക്‌സ്‌വാഗൺ പോളോ GTI ഒഴിച്ചിട്ടു പോയ സിംഹാസനമാണ് രത്തൻ ടാറ്റയുടെ ബ്രാൻഡ് കണ്ണുവെച്ചിരിക്കുന്നത്.
എന്നാൽ ഇതിനായി ആളുകളെ കൈയിലെടുത്ത പെർഫോമൻസ് ഹാച്ച്ബാക്കായ ഹ്യുണ്ടായി i10 N ലൈൻ മോഡലിനെ ടാറ്റ ആൾട്രോസ് റേസറിന് മറികടക്കേണ്ടതായുണ്ട്. ഓട്ടോമാറ്റിക് കാറുകൾക്ക് ഏറെ സ്വീകാര്യത ലഭിക്കുന്ന സമയത്ത് ആൾട്രോസിന്റെ പെർഫോമൻസ് പതിപ്പ് മാനുവൽ ട്രാൻസ്മിഷനോടെ പുറത്തിറക്കാൻ ടാറ്റ മോട്ടോർസ് കാണിച്ച ധൈര്യം ഒന്ന് വേറെ തന്നെയാണ്. പക്ഷേ ഇതൊരു പോരായ്‌മയായി പലരും കാണുന്നുണ്ടെന്നതാണ് രസകരമായ കാര്യം.

എന്നാൽ ഡിമാൻഡ് അനുസരിച്ച് ഭാവിയിൽ ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ആൾട്രോസ് റേസറിൽ അവതരിപ്പിക്കാമെന്ന് ഉറപ്പുനൽകിയിരിക്കുകയാണ് കമ്പനി. പക്ഷേ ഇതിനായി ആവശ്യക്കാരില്ലെങ്കിൽ വിപണിയിൽ എത്തിക്കുന്നതിന് അർഥമില്ലല്ലോയെന്ന വശക്കാരാണ് ടാറ്റ മോട്ടോർസ്. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി മാത്രം ജോടിയാക്കിയ 1.2 ലിറ്റർ, ത്രീ-ലിണ്ടർ, ടർബോ പെട്രോൾ എഞ്ചിനാണ് ഹോട്ട് ഹാച്ചിന് തുടിപ്പേകുന്നത്.
ഇത് നെക്സോൺ എസ്‌യുവിയിൽ നിന്നും കടമെടുത്ത പെട്രോൾ എഞ്ചിനാണെന്നതാണ് മറ്റൊരു രസകരമായ കാര്യം. ഈ ത്രീ-സിലിണ്ടർ യൂണിറ്റിന് 118 bhp പവറിൽ പരമാവധി 170 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആൾട്രോസ് റേസറിലേക്ക് ഓട്ടോമാറ്റിക് ഗിയർബോക്സ് കൊണ്ടുവരാൻ കമ്പനി തീരുമാനിച്ചാൽ അത് 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCA) യൂണിറ്റ് ആയിരിക്കും.

6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഓപ്ഷനുകളുള്ള ഹ്യുണ്ടായി i20 N ലൈനിൻ്റെ നേരിട്ടുള്ള എതിരാളിയായ ആൾട്രോസ് റേസർ ശ്രേണിക്ക് ഓട്ടോമാറ്റിക് മോഡൽ സമ്മാനിക്കുന്നത് നല്ലൊരു തീരുമാനമായിരിക്കും. ആൾട്രോസ് റേസറിനെ എത്രയും വേഗം വിപണിയിലെത്തിക്കുക എന്നതാണ് മുൻഗണനയെന്നും അതിനാലാണ് തുടക്കത്തിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഒഴിവാക്കാൻ കാരണമായതെന്നും കമ്പനി അഭിപ്രായപ്പെടുകയുണ്ടായി.
2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചതു മുതല്‍ ഇന്ത്യക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറുകളിൽ ഒന്നാണിത്. R1, R2, R3 എന്നിങ്ങനെ 3 വ്യത്യസ്‌ത വേരിയന്റുകളിൽ വരുന്ന ടാറ്റ ആൾട്രോസ് റേസറിന് 9.49 ലക്ഷം രൂപ മുതൽ 10.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പെർഫോമൻസ് ഹാച്ചിന്റെ എല്ലാ വേരിയന്റുകൾക്കും ആറ്റോമിക് ഓറഞ്ച്, അവന്യൂ വൈറ്റ്, പ്യുവർ ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളും ലഭിക്കും.

ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, സ്‌പോർട്ടി എക്‌സ്‌ഹോസ്റ്റ്, 16 ഇഞ്ച് അലോയ് വീലുകൾ, റിയർ വൈപ്പറും വാഷറും, റിയർ ഡീഫോഗർ, ആറ് എയർബാഗുകൾ, ലെതറെറ്റ് സീറ്റുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പുഷ് ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് ഉള്ള സ്മാർട്ട് കീ, നാല് സ്പീക്കറുകളും നാല് ട്വീറ്ററുകളും, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ പോലുള്ള ഫീച്ചറുകളെല്ലാം കാറിൽ നിരത്തിയിട്ടുണ്ട്.
ഇതുകൂടാതെ ക്രൂയിസ് കൺട്രോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റിയർ എസി വെൻ്റുകൾ, ലെതർ ഫ്രണ്ട് സ്ലൈഡിംഗ് ആംറെസ്റ്റ്, ലെതർ സ്റ്റിയറിംഗ് വീലും ഗിയർ നോബും, ഡാഷ്‌ബോർഡിൽ ആംബിയന്റ് ലൈറ്റിംഗ്, ആൾട്രോസ് റേസർ R1 വേരിയന്റിന് വോയിസ്-ആക്ടിവേറ്റഡ് ഇലക്ട്രിക് സൺറൂഫ്, വയർലെസ് ചാർജർ, ഏഴ് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 360-ഡിഗ്രി ക്യാമറ (സറൗണ്ട് വ്യൂ സിസ്റ്റം), ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ
എക്സ്പ്രസ് കൂൾ ഫംഗ്ഷൻ, എയർ പ്യൂരിഫയർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യ, 4-ഡോർ പവർ വിൻഡോ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ORVM-കൾ പോലുള്ള മോഡേൺ ഫീച്ചറുകളും ടാറ്റ ആൾട്രോസ് റേസറിൽ ലഭ്യമാവും. ഡിസൈനിൽ മാറ്റങ്ങളൊന്നും കാണാനാവില്ലെങ്കിലും പുതുമക്കായി ബോണറ്റിലും റൂഫിലും ഡ്യുവൽ വൈറ്റ് റേസിംഗ് സ്ട്രിപ്പുകളും പുതിയൊരു ഓറഞ്ച് കളർ ഓപ്ഷനും ഉപയോഗിച്ചാണ് പെർഫോമൻസ് ഹാച്ചിനെ മാറ്റിയെടുത്തിരിക്കുന്നത്.


Click it and Unblock the Notifications








