9.99 ലക്ഷത്തിന്റെ ബേസ് വേരിയന്റിൽ വരെ എമ്മാതിരി ഫീച്ചറുകൾ, മോഡിഫൈ ചെയ്‌താൽ ലുക്ക് കിടിലമാവും
കാർ സങ്കൽപ്പങ്ങളെല്ലാം പൊളിച്ചെഴുതാൻ വേണ്ടി ടാറ്റ മോട്ടോർസ് പണിതിറക്കിയ മോഡലാണ് കർവ്. ലംബോർഗിനി സ്റ്റൈലുള്ള കൂപ്പെ എസ്‌യുവി കുറഞ്ഞ വിലയ്ക്കിറക്കിയാണ് രത്തൻ ടാറ്റയുടെ കമ്പനി ഏവരേയും ഞെട്ടിച്ചത്. രണ്ട് വർഷത്തോളമായി രാജ്യം കാത്തിരിക്കുന്ന കാറുകളിൽ ഒന്നായി മാറിയ കർവിന് ഇങ്ങനെ ഒരുപാട് പ്രത്യേകതകളുണ്ട്. പരമ്പരാഗത എസ്‌യുവികളോട് മല്ലിടാൻ എത്തുമ്പോൾ എന്തെങ്കിലുമൊക്കെ അധികമായി കരുതണമെന്ന് ടാറ്റ മോട്ടോർസിന് നന്നായി അറിയാം. ആദ്യം രൂപംകൊണ്ട് ഞെട്ടിച്ച വാഹനം പിന്നെ വിലയിലൂടെയും ആളുകളെ അമ്പരപ്പിച്ചു. ഇനി ഹ്യുണ്ടായി ക്രെറ്റയും മാരുതി ഗ്രാൻഡ് വിറ്റാരയും വാങ്ങാൻ പോവുന്നവരുടെ മനസിലേക്ക് ടാറ്റ കർവിന്റെ രൂപവും വന്നെത്തും.
ആദ്യം ഇലക്‌ട്രിക് വേഷത്തിൽ വിപണിയിൽ എത്തിച്ച കർവ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനിലും സ്വന്തമാക്കാം. ഉയർന്ന മത്സരാധിഷ്ഠിത സെഗ്മെന്റായ മിഡ്-സൈസ് എസ്‌യുവി നിരയിലേക്ക് എത്തുന്ന കാർ 9.99 ലക്ഷം മുതൽ 17.70 ലക്ഷം വരെയുള്ള വിലയിൽ സ്വന്തമാക്കാനാവും. പക്ഷേ ബേസ് മോഡൽ സ്വന്തമാക്കിയാൽ എന്തുകിട്ടാനാണെന്ന് ആലോചിക്കുന്നവർക്ക് ടാറ്റ നല്ല ചൂടൻ ഉത്തരമായിരിക്കും നൽകുക.

കാരണം ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഫീച്ചറുകളാണ് ടാറ്റ തങ്ങളുടെ കൂപ്പെ എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്. വിപണിയിൽ എത്തിയതിനാൽ ബേസ് മോഡൽ എങ്ങനെയായിരിക്കും ഇരിക്കുകയെന്ന് അറിയാനുള്ള പുതിയ ചിത്രങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഇതിലൂടെ വാഹനത്തിന്റെ അകത്തേയും പുറത്തെയും കാര്യങ്ങൾ ഊഹിച്ചെടുക്കാനുമാവും. എങ്കിലും ടാറ്റ കർവ് ബേസ് മോഡൽ വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവർക്ക് വേണ്ടി കാര്യങ്ങളൊന്ന് വിശദീകരിക്കാം.
എക്സ്റ്റീരിയർ ഡിസൈനിലേക്ക് വന്നാൽ ടാറ്റ കർവ് ബേസ് സ്മാർട്ട് വേരിയൻ്റിന് സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈൻ, എൽഇഡി ഡിആർഎല്ലുകൾ, ബ്ലാക്ക്ഡ്-ഔട്ട് ഗ്രിൽ, കുറപ്പിലൊരുക്കിയ ORVM, ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, വീൽ കവറുകളില്ലാത്ത സ്റ്റീൽ വീലുകൾ, മുൻവാതിലുകളിൽ കർവ് എഴുത്തുകൾ, എൽഇഡി ടെയിൽലൈറ്റുകൾ, ചരിഞ്ഞിറങ്ങുന്ന റൂഫ് സ്റ്റൈലിംഗ് എന്നിവയെല്ലാമാണ് കൂപ്പെ എസ്‌യുവിക്ക് ലഭിക്കുന്നത്.

മറ്റ് വേരിയന്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ബേസ് സ്മാർട്ട് വേരിയന്റിൽ നഷ്‌ടപ്പെട്ടിരിക്കുന്ന ഒരു പ്രധാന ഡിസൈൻ ഘടകം മുന്നിലും പിന്നിലും ഉള്ള എൽഇഡി ലൈറ്റ് ബാറുകളാണ്. ഒരു അലോയ് വീൽ വാങ്ങിയിട്ടാൽ പുറത്തുനിന്നും ജാഡ ലുക്ക് കിട്ടുമെന്നതിൽ സംശയമൊന്നും വേണ്ട. പിന്നെ താത്പര്യമുള്ളവർക്ക് വേണമെങ്കിൽ ചില ആക്‌സസറികൾ ഉപയോഗിച്ച് വാഹനത്തെ കൂടുതൽ മോടിപിടിപ്പിക്കുകയുമാവാം.
ഇന്റീരിയറിലേക്ക് കയറിയാൽ ടാറ്റ കർവ് ശ്രേണിയിലെ എൻട്രി ലെവൽ വേരിയന്റിന് ഒരു ഡ്യുവൽ-ടോൺ തീം, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള ടൂ സ്‌പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ഡ്രൈവ് മോഡുകൾ, മാനുവൽ ഹാൻഡ്‌ബ്രേക്ക്, എസി നിയന്ത്രണങ്ങൾക്കുള്ള പരമ്പരാഗത ബട്ടണുകൾ, 6 എയർബാഗുകൾ, A-പില്ലറിൽ ഫിറ്റ് ചെയ്‌ത ട്വീറ്ററുകൾ തുടങ്ങിയ ഫീച്ചറുകളെല്ലാം ലഭിക്കുന്നുണ്ട്.

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ADAS സ്യൂട്ട്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, EPB, ജെസ്റ്റർ നിയന്ത്രിത ടെയിൽഗേറ്റ്, പനോരമിക് സൺറൂഫ്, ഓട്ടോ-ഡിമ്മിംഗ് IRVM, 360-ഡിഗ്രി ക്യാമറ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളൊന്നും ബേസ് മോഡലിൽ പ്രതീക്ഷിക്കരുതല്ലോ. ഈ ബേസ് വേരിയന്റിൽ 1.2 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ തെരഞ്ഞെടുക്കാനും അവസരമുണ്ട്.
എന്നാൽ രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് വരുന്നത്. ഓട്ടോമാറ്റിക് ഗിയർബോക്‌സ് വേണമെന്നുള്ളവർക്ക് മറ്റ് വേരിയന്റുകൾ പരിഗണിക്കേണ്ടി വരും. ട്രാൻസ്മിഷനിൽ പരമിതിയുണ്ടെങ്കിലും പെർഫോമൻസ് കണക്കുകളെല്ലാം ടോപ്പ് വേരിയന്റുകൾക്ക് സമാനമാണ്. ടാറ്റ കർവിലെ പെട്രോൾ എഞ്ചിൻ 118 bhp കരുത്തിൽ പരമാവധി 170 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
അതേസമയം ടാറ്റ കർവിലെ ഡീസൽ എഞ്ചിന് 116 bhp പവറിൽ 260 Nm torque വരെ വികസിപ്പിക്കാനുമാനും. കൂടാതെ എല്ലാം ഇക്കോ, സിറ്റി, സ്‌പോർട്ട് എന്നിവയുടെ 3 ഡ്രൈവ് മോഡുകളും കൂപ്പെ എസ്‌യുവിയുടെ ഭാഗമാണ്. ടാറ്റ മോട്ടോർസ് തങ്ങളുടെ എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണണ്ട്. വാഹനത്തിനായുള്ള ഡെലിവറി 2024 സെപ്റ്റംബർ 12 ന് ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications








