ക്രെറ്റയ്ക്ക് ടാറ്റയുടെ വക ബോംബ്; കുറച്ച് ദിവസം കാത്തിരുന്നാൽ കർവ് പെട്രോളിലും ഡീസലിലും വാങ്ങാം
കാത്തിരിപ്പുകൾക്കൊടുവിൽ കർവ് ഇവിയെ അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ മോട്ടോർസ്. ഇലക്‌ട്രിക് വാഹനങ്ങളുടെ സങ്കൽപ്പം പൊളിച്ചെഴുതാൻ എത്തുന്ന ഇവിയുടെ വിലയും റേഞ്ചും കണ്ട് അത്ഭുതത്തോടെ നോക്കിനിന്ന വാഹന പ്രേമികൾക്ക് മുമ്പിലേക്ക് കർവിന്റെ (Tata Curvv) പെട്രോൾ, ഡീസൽ മോഡലുകളേക്കൂടി കൊണ്ടുവന്നിരിക്കുകയാണ് കമ്പനി. കൂപ്പെ എസ്‌യുവിയായി പണികഴിപ്പിച്ചിരിക്കുന്ന മോഡൽ ഏതുതരം ആളുകളെയും കൈയിലെടുക്കാൻ പ്രാപ്‌തമാണ്. ഇലക്‌ട്രിക് വേണ്ടാത്തവർക്ക് മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് കർവിന്റെ ICE പതിപ്പിൽ ഒരുക്കിയിട്ടുള്ളത്. സെപ്റ്റംബർ രണ്ടിന് വാഹനത്തിന്റെ ഔദ്യോഗിക അവരണവും വില പ്രഖ്യാപനവും ഉണ്ടാവുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്.
ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര പോലുള്ള വമ്പൻമാർ അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്കാണ് ടാറ്റ കർവിന്റെ വരവ്. ഡിസൈനിലേക്ക് നോക്കിയാൽ നെക്സോണിനോട് വളരെ സാമ്യമുള്ള നിലപാടാണ് കൂപ്പെ സ്പോർട് യൂട്ടിലിറ്റി വാഹനത്തിനുള്ളതെങ്കിലും പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന കൂപ്പ സ്റ്റൈലിംഗ് എതിരാളികളിൽ നിന്നും വേറിട്ടുനിൽക്കാൻ കർവിനെ സഹായിക്കും.

സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, മുന്നിലും പിന്നിലും എൽഇഡി ലൈറ്റ് ബാറുകൾ, ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ചരിഞ്ഞ റൂഫ്‌ലൈൻ, റൂഫ്-ഫിറ്റഡ് സ്‌പോയിലർ, 18 ഇഞ്ച് അലോയ് വീലുകൾ, എന്നിവയെല്ലാമാണ് ടാറ്റ കർവിനെ മനോഹരമാക്കുന്നത്. ഡേടോണ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ്, ഫ്ലേം, ഓപ്പറ ബ്ലൂ, പ്യുവർ ഗ്രേ, ഗോൾഡ് എസെൻസ് എന്നിങ്ങനെ 6 കളർ ഓപ്ഷനുകളാവും കൂപ്പെ എസ്‌യുവിയിൽ ഒരുക്കുക.
സ്മാർട്ട്, പ്യുവർ പ്ലസ്, ക്രീയേറ്റീവ്, ക്രീയേറ്റീവ് പ്ലസ് S, അക്കംപ്ലീഷ്‌ഡ് S, അക്കംപ്ലീഷ്‌ഡ് പ്ലസ് A എന്നിങ്ങനെ ആറ് വേരിയന്റുകളിലാവും ടാറ്റ കർവ് തെരഞ്ഞെടുക്കാനാവുക. പുറംമോടിയിൽ കാണുന്ന പ്രീമിയം ലുക്ക് അകത്തളത്തിലും ഉറപ്പുവരുത്തിക്കൊണ്ട് എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്. അത്യാധുനിക ഫീച്ചറുകളെല്ലാം കോർത്തിണക്കിയുള്ള ഇന്റീരിയർ ആരേയും മോഹിപ്പിക്കുന്നവിധത്തിൽ ഒരുക്കാൻ സാധിച്ചത് കൈയടി അർഹിക്കുന്നുണ്ട്.

ജെസ്റ്റർ കൺട്രോൾ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ്, റിക്ലൈനിംഗ് റിയർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയ്‌ക്കൊപ്പം സെഗ്‌മെൻ്റ്-ഫസ്റ്റ് പവർഡ് ടെയിൽ ഗേറ്റും ടാറ്റ കർവിന് ലഭിക്കുന്നു. 6 എയർബാഗുകൾ, ലെവൽ 2 ADAS, ഇഎസ്‌സി, നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ, ടിപിഎംഎസ്, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നീ സേഫ്റ്റി ഫീച്ചറുകളും കർവിന്റെ ഭാഗമാണ്.
ഫോർ സ്പോക്ക് സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, മൾട്ടി-ഫംഗ്ഷൻ ഡിസ്പ്ലേ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, വയർലെസ് ചാർജർ, എസ്ഒഎസ് കോൾ, റിയർ എസി വെൻ്റുകൾ, കൂൾഡ് ഗ്ലോവ്ബോക്സ്, എയർ പ്യൂരിഫയർ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും വൈപ്പറുകളും എന്നീ സവിശേഷതകളും എടുത്തു പറയേണ്ട കാര്യം തന്നെയാണ്. ബർഗണ്ടി, ബ്ലാക്ക് കോമ്പിനേഷനിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത് എന്നതിനാൽ പ്രീമിയം ഫീലും ഉയരും.

വ്യത്യസ്‌ത ബോഡി സ്‌റ്റൈലുകളും മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളുള്ള പെട്രോൾ, ഡീസൽ എഞ്ചിനുകളേയും പിന്തുണയ്‌ക്കുന്ന പുതിയ ATLAS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് മോഡൽ പണികഴിപ്പിക്കുന്നത്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാവും ടാറ്റ കർവ് സ്വന്തമാക്കാനാവുക. അതിൽ നെക്സോണിൽ നിന്നുള്ള 1.2 ലിറ്റർ ടർബോ പെട്രോൾ, ഹൈപ്പീരിയോൺ എന്നുവിളിക്കുന്ന പുതിയ 1.2 ലിറ്റർ GDi ടർബോചാർജ്ഡ് പെട്രോൾ, 1.5 ഡീസൽ എന്നിവയാണ് കൂപ്പെ എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.
ഹൈപ്പീരിയോൺ യൂണിറ്റിന് 124 bhp കരുത്തിൽ പരമാവധി 225 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 1.2 ലിറ്റർ ടർബോ പെട്രോൾ 119 bhp പവറിൽ 170 Nm torque ആണ് വികസിപ്പിക്കുന്നത്. ഇനി ക്രയോടെക് 1.5 ഡീസലിലേക്ക് വന്നാൽ 117 bhp, 260 Nm torque എന്നിവയും നൽകും. ഡീസൽ എഞ്ചിനോടുകൂടിയ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭിക്കുന്ന സെഗ്‌മെൻ്റിലെ ആദ്യത്തെ വാഹനമായിരിക്കും കർവ് എന്നതും ഹൈലൈറ്റാവും.
ട്രാൻസ്മിഷൻ ചോയ്‌സുകളിൽ മൂന്ന് എഞ്ചിനുകളും 6-സ്പീഡ് മാനുവൽ സ്റ്റാൻഡേർഡായി വരുന്നു. ഒപ്പം 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഓപ്ഷനുമുണ്ട്. പാഡിൽ ഷിഫ്റ്റുകളും ടാറ്റ കർവിലുണ്ടാവുമെന്നാണ് അറിയാൻ കഴിഞ്ഞത്. സെഗ്മെന്റിൽ സിട്രൺ ബസാൾട്ടാവും നേരിട്ടുള്ള എതിരാളിയെങ്കിലും ടാറ്റയുടെ പദ്ധതി രാജ്യത്തെ ഏറ്റവും ഡിമാന്റുള്ള മിഡ്-സൈസ് എസ്‌യുവിയിലെ മറ്റ് മോഡലുകൾക്കൊപ്പം മാറ്റുരയ്ക്കാനാണ്.


Click it and Unblock the Notifications








