രൂപം കണ്ടാൽ ഞെട്ടും, വിലകേട്ടാൽ കൊതിക്കും! പാവങ്ങളുടെ ലംബോർഗിനി റെഡിയാക്കി ടാറ്റ; ആദ്യ ടീസർ കണ്ടോ
പണ്ട് മൈലേജ് മാത്രം നോക്കി കാർ വാങ്ങിയിരുന്ന ഇന്ത്യക്കാരെ സേഫ്റ്റി എന്താണെന്ന് മനസിലാക്കി കൊടുത്ത് കാർ വാങ്ങാൻ പഠിപ്പിച്ച വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. പുറത്തിറക്കുന്ന എല്ലാ മോഡലുകളുടെയും സുരക്ഷ ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ കമ്പനിയിപ്പോൾ ആളുകൾക്ക് വിൽക്കാറുള്ളൂ. കൃത്യസമയത്ത് മോഡൽ നിര പുതുക്കാനും പുത്തൻ വാഹനങ്ങൾ അവതരിപ്പിക്കാനും ബ്രാൻഡിന് കൃത്യമായി അറിയാം. അതിനാൽ തന്നെ ടിയാഗോ മുതൽ സഫാരി വരെ നീളുന്ന ടാറ്റയുടെ ഓരോ കാറുകൾക്കുമുള്ള ഫാൻബേസ് ഒന്ന് വേറെ തന്നെയാണെന്ന് വേണം പറയാൻ. ഈ ശ്രേണിയിലേക്ക് പുത്തനൊരു നായകൻ കൂടിയെത്താൻ ഇരിക്കുകയാണിപ്പോൾ.
പെട്രോൾ, ഡീസൽ കാറുകളേ പോലെ തന്നെ ഇലക്‌ട്രിക് വാഹന നിരയും പടുത്തുയർത്തുന്ന ടാറ്റ മോട്ടോർസ് അടുത്തതായി കൊണ്ടുവരുന്നതും ഒരു ഇവിയാണ്. മറ്റേതുമല്ല, പാവങ്ങളുടെ ഉറൂസ് എന്ന പേരിൽ ഫാൻസ് വിളിക്കുന്ന കർവിനെയാണ് കമ്പനി അടുത്തതായി പുറത്തിറക്കാൻ പോവുന്നത്. കൃത്യമായ അവതരണ തീയതിയൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ലെന്ന സൂചന ടാറ്റ തന്നിട്ടുണ്ട്.

മറ്റൊന്നുമല്ല, വരാനിരിക്കുന്ന കർവ് ഇവിയുടെ ആദ്യത്തെ ഔദ്യോഗിക ടീസർ പുറത്തുവിട്ടാണ് ബ്രാൻഡ് കർവ് ഇലക്ട്രിക് എസ്‌യുവിയുടെ വരവ് അടുത്തിരിക്കുന്നുവെന്ന സൂചന നൽകിയിരിക്കുന്നത്. 2022-ൽ ഒരു കൺസെപ്റ്റ് മോഡലായി ആദ്യം പ്രദർശിപ്പിച്ച വാഹനം പിന്നീട് പ്രൊഡക്ഷൻ പതിപ്പായി 2023 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്‌തിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ നടന്ന 2024 ഭാരത് മൊബിലിറ്റി ഷോയിലും പ്രത്യക്ഷപ്പെട്ട വാഹനത്തിന് ഗംഭീര സ്വീകാര്യതയാണ് കിട്ടിയത്.
ഈ ആരവമെല്ലാം കെട്ടടങ്ങുന്നതിനു മുമ്പാണ് ലോഞ്ചിനായി തയാറെടുക്കുന്നത്. കൂപ്പെ എസ്‌യുവി സെഗ്‌മെന്റിലേക്കാണ് ടാറ്റ കർവ് ഇവി വരുന്നത്. ആദ്യം ഇലക്ട്രിക്കായി പുറത്തിറക്കുമെങ്കിലും പിന്നീട് പെട്രോൾ, ഡീസൽ എഞ്ചിനോടെയും വാഹനം അരങ്ങേറ്റം കുറിക്കുമെന്നതാണ് ഹൈപ്പുയർത്തുന്ന മറ്റൊരു വിഷയം. വൈദ്യുത വാഹന വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ ഇവി, മാരുതി സുസുക്കി eVX, എംജി ZS ഇവി പോലുള്ളവയുമായാണ് കർവി ഇവി മത്സരിക്കുക.

ഇലക്ട്രിക്, ഐസിഇ പവർട്രെയിനുകളെ പിന്തുണയ്ക്കുന്ന ടാറ്റയുടെ ജനറേഷൻ 2 പ്ലാറ്റ്‌ഫോമിലാണ് പുതിയ കർവ് പണികഴിപ്പിക്കുന്നത്. പുതിയ നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവയിൽ കാണുന്ന അതേ ഡിസൈൻ ഭാഷ തന്നെ പിന്തുടരുമെങ്കിലും ഫ്ലഷ് ഡോർ ഹാൻഡിലുകൾ, പുതുക്കിയ ഹെഡ്‌ലാമ്പ്, ഫോഗ് ലാമ്പ് ഹൗസിംഗ് എന്നിവയ്‌ക്കൊപ്പം തനതായ ചില ഡിസൈൻ ഘടകങ്ങളും ടാറ്റ കർവിന് ലഭിക്കുന്നുണ്ട്.
ഇതോടൊപ്പം സ്‌പോർട്ടിയർ രൂപം, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, ഫ്ലവർ പെറ്റൽ ഡിസൈനുള്ള മൾട്ടി സ്‌പോക്ക് 18 ഇഞ്ച് അലോയ് വീലുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന കൂപ്പെ സ്റ്റൈൽ ഗ്ലാസ് ഏരിയ, ലംബമായി അടുക്കിയ ഹെഡ്‌ലാമ്പുകൾ, പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ, ഷാർക്ക് ഫിൻ ആൻ്റിന, റൂഫ് റെയിലുകൾ എന്നിവയും ടാറ്റ കർവ് ഇവിയുടെ ഡിസൈൻ ഹൈലൈറ്റുകളായിരിക്കും.

ഫീച്ചറുകളിലും ആള് ധാരാളിയായിരിക്കുമെന്ന സൂചന ടാറ്റ മോട്ടോർസ് നേരത്തെ തന്നെ നൽകിയിരുന്നു. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ യൂണിറ്റ്, എയർ കണ്ടീഷനിംഗിനുള്ള ടച്ച് കൺട്രോളുകൾ, ഡ്രൈവ് മോഡുകൾക്കുള്ള റോട്ടറി ഡയൽ, മുൻവശത്ത് വെൻ്റിലേറ്റഡ് സീറ്റിംഗ്, പുതിയ ഗിയർ ലിവർ എന്നിവയിലൂടെയായിരിക്കും കർവ് ഇലക്ട്രിക് കൂപ്പെ എസ്‌യുവി കിടിലമാവുക.
സേഫ്റ്റിയുടെ കാര്യത്തിലും പുലിക്കുട്ടനായിരിക്കും വാഹനം. 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗിനൊപ്പം 6 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയുള്ള അഡ്വാൻസ്ഡ് എഡിഎഎസ് സിസ്റ്റം, വലിയ പനോരമിക് ഗ്ലാസ് റൂഫ്, നിരവധി സുരക്ഷാ ഫീച്ചറുകൾ എന്നിവയുള്ളതിനാൽ വാങ്ങുന്നവരെ ആകർഷിക്കാൻ എളുപ്പത്തിൽ സാധിക്കും.
ഇവിയുടെ വിശദമായ സാങ്കേതിക സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കർവ് ഇവി സ്റ്റാൻഡേർഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വരുമെന്ന് പ്രതീക്ഷിക്കാം. ഈ വേരിയന്റുകളിൽ വ്യത്യസ്ത ബാറ്ററി പായ്ക്കുകൾ അവതരിപ്പിക്കുമെന്നാണ് വിവരം. സിംഗിൾ ചാർജിൽ ഏകദേശം 500 കി.മീ. റേഞ്ച് നൽകാൻ വാഹനത്തിന് ശേഷിയുണ്ടായിരിക്കും. വിലയുടെ കാര്യത്തിലേക്ക് വന്നാൽ 20 ലക്ഷം രൂപയായിരിക്കും വൈദ്യുത പതിപ്പിനായി മുടക്കേണ്ടി വരുന്ന പ്രാരംഭ വില.


Click it and Unblock the Notifications








