'ടാറ്റയുടെ ജിംനി'യായി പുതിയ കൂപ്പെ എസ്‌യുവി; എല്ലാവരും വാങ്ങുമെന്ന് കരുതിയ വണ്ടി ക്ലച്ചുപിടിച്ചില്ല!
മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റയും മാരുതി ഗ്രാൻഡ് വിറ്റാരയും കിയ സെൽറ്റോസും ഹോണ്ട എലിവേറ്റുമെല്ലാം വിരാജിക്കുന്നത് കുറേക്കാലം കണ്ടിരുന്നവരാണ് ടാറ്റ മോട്ടോർസ്. ഒരു പരിധി വരെ നെക്സോണുമായി കമ്പനി പിടിച്ചു നിന്നുവെങ്കിലും ഈ വലിയ കളത്തിലേക്ക് എന്തെങ്കിലും പുതുമ കൊണ്ടുവന്ന് ഞെട്ടിക്കാമെന്നായിരുന്നു രത്തൻ ടാറ്റയുടെ പ്ലാൻ. അങ്ങനെയാണ് ഇന്ത്യയിൽ കൂപ്പെ എസ്‌യുവി സ്റ്റൈലിംഗ് അനുകരിച്ച് കർവ് രൂപമെടുക്കുന്നത്. ഇലക്ട്രിക്കിലും പെട്രോളിലും ഡീസലിലും വണ്ടി വാങ്ങാമെന്നതാണ് മറ്റൊരു പ്രത്യേകത. പക്ഷേ പുറത്തിറങ്ങി ഇതുവരെ മോഡലിന് വിപണിയിൽ ചലനങ്ങളുണ്ടാക്കാൻ സാധിച്ചോയെന്ന് സംശയിക്കുന്നവരുണ്ടാവാം.
കാരണം നിരത്തിലിറങ്ങിയാൽ അത്രയ്ക്ക് വണ്ടികളൊന്നും കാണാനുമില്ല. പക്ഷേ കണക്കുകളൊക്കെ ഒന്ന് വിശദമായി പഠിച്ചാലോ? സിയാം പാസഞ്ചർ വെഹിക്കിൾ ഇൻഡസ്ട്രി ഡാറ്റ പ്രകാരം പെട്രോൾ, ഡീസൽ, ഇലക്ട്രിക് പതിപ്പുകളിൽ ലഭ്യമായ ടാറ്റ കർവ് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി 8,218 യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്. ഓഗസ്റ്റിൽ കൂപ്പെ എസ്‍യുവിയുടെ 3,455 യൂണിറ്റുകളാണ് കമ്പനി വിപണനം ചെയ്‌ത്.

പെട്രോൾ, ഡീസൽ വേരിയൻ്റുകളുടെ ഡെലിവറി സെപ്റ്റംബറിൽ ആരംഭിച്ചതോടെ കർവിന്റെ വിൽപ്പന 38 ശതമാനം വർധിച്ച് 4,763 യൂണിറ്റുകളായി. പക്ഷേ ഇവി, ICE എഞ്ചിൻ വേരിയൻ്റുകളുടെ കൃത്യമായ മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകൾ ടാറ്റ മോട്ടോർസ് ഇതുവരെ പുറത്തിവിട്ടിട്ടില്ല. നെക്‌സോണിൻ്റെ 12,000 യൂണിറ്റ് പ്രതിമാസ ശരാശരി വിൽപ്പനയെ അപേക്ഷിച്ച് നോക്കുമ്പോൾ കർവ് പിന്നിലാണെങ്കിലും ഏകദേശം 1,700 യൂണിറ്റ് പ്രതിമാസ വിൽപ്പനയുള്ള ഹാരിയറിനേക്കാൾ കർവിന്റെ വിൽപ്പന വളരെ കൂടുതലാണ്.
ഇതെന്തായാലും ടാറ്റയെ സംബന്ധിച്ച് ആശ്വസിക്കാനാവുന്ന കാര്യമാണ്. മിഡ്-സൈസ് എസ്‌യുവിയിൽ മത്സരിക്കുന്നതിനാൽ സെഗ്‌മെൻ്റ് ലീഡറായ ക്രെറ്റയുടെ പ്രതിമാസ ശരാശരി 16,000 യൂണിറ്റിൽ നിന്നും വളരെ അകലെയാണ് കർവ് നിലവിലുള്ളത്. പതിയെ കക്ഷിയെ ആളുകളെല്ലാം മനസിലാക്കി വരുമ്പോൾ കൂപ്പെ എസ്‌യുവിയുടെ വിൽപ്പന ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നിവയുള്ള ടാറ്റ കർവിന്റെ മൾട്ടി-പവർട്രെയിൻ തന്ത്രം എതിരാളികളേക്കാൾ മത്സരാധിഷ്ഠിത നേട്ടം നൽകാൻ സാധ്യതയുള്ളതും മോഡലിനെ വേറിട്ടു നിർത്തുന്ന സംഗതിയാണ്. 9.99 ലക്ഷം മുതൽ 17.70 ലക്ഷം വരെയുള്ള വിലയിലാണ് കർവിന്റെ ഡീസൽ, പെട്രോൾ എഞ്ചിൻ മോഡലുകൾ വിപണനം ചെയ്യുന്നത്. 17.49 ലക്ഷം രൂപ മുതലാണ് കർവ് ഇവിയുടെ വില ആരംഭിക്കുന്നത്.
ക്രിയേറ്റീവ്, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ് പ്ലസ് S, എംപവേർഡ് പ്ലസ്, എംപവേർഡ് പ്ലസ് A എന്നീ വേരിയന്റുകളിലെത്തുന്ന ഇവിക്ക് 21.99 ലക്ഷം വരെയും വില ഉയരുകയും ചെയ്യും. ഇലക്ട്രിക്, ICE എഞ്ചിനുകളെ പിന്തുണയ്ക്കുന്നതിനായി ടാറ്റ വികസിപ്പിച്ചെടുത്ത ഒരു പുതിയ അഡാപ്റ്റീവ് ടെക്-ഫോർവേഡ് ലൈഫ് സ്റ്റൈൽ ആർക്കിടെക്ചർ ATLAS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കർവ് പണികഴിപ്പിച്ചിരിക്കുന്നത്.

വലിപ്പത്തിലേക്ക് വന്നാൽ ടാറ്റയുടെ കൂപ്പെ എസ്‌യുവിക്ക് 4,308 മില്ലീമീറ്റർ നീളവും 1,810 മില്ലീമീറ്റർ വീതിയും 1,630 മില്ലീമീറ്റർ ഉയരവും 208 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്. 500 ലിറ്റർ ബൂട്ട് സ്പേസാണ് ടാറ്റ കർവിന്റെ മറ്റൊരു ഹൈലൈറ്റ്. രണ്ടാം നിര സീറ്റുകൾ മടക്കിയാൽ 973 ലിറ്ററായും ഇത് വികസിപ്പിക്കാനാവും. 1.2 ലിറ്റർ ടർബോ-പെട്രോൾ, 1.2 ലിറ്റർ GDi പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ എഞ്ചിൻ ഓപ്ഷനുകളാണ് ടാറ്റ കർവിൽ തെരഞ്ഞെടുക്കാനാവുക.
ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, 7-സ്പീഡ് DCT ട്രാൻസ്മിഷൻ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഇവിയുടെ കാര്യത്തിലേക്ക് വന്നാൽ 40.5kWh, 55 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. പുതിയ എംഐഡിസി മാനദണ്ഡങ്ങള്‍ പ്രകാരം 55 kWh ബാറ്ററിക്ക് 502 കിലോമീറ്ററും 45 kWh ബാറ്ററിക്ക് 430 കിലോമീറ്ററുമാണ് സിംഗിൾ ചാർജിൽ കമ്പനി അവകാശപ്പെടുന്ന റേഞ്ച് കണക്കുകൾ.
ടാറ്റ മോട്ടോർസിന്റെ പുതുതലമുറ ബാറ്ററി പായ്ക്കുകൾ അൾട്രാ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് എന്നതിനാൽ ചാർജിംനെ കുറിച്ചോർത്ത് ടെൻഷനടിക്കേണ്ട കാര്യമില്ല. ഡിസി ചാർജർ (70 കിലോവാട്ട്) ചെയ്താൽ 15 മിനിറ്റിനുള്ളിൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കാം. അതേസമയം 40 മിനിറ്റിനുള്ളിൽ ബാറ്ററി 10-80 ശതമാനം ചാർജ് ചെയ്യാനും ഇത് അനുവദിക്കും. വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ ടു വെഹിക്കിൾ (V2V) ചാർജിംഗ് കഴിവുകളോടെയാണ് കർവ് ഇവി വരുന്നത്.


Click it and Unblock the Notifications








