മാരുതി ഇ വിറ്റാരയെ വാഴിക്കില്ല, 500 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിയുടെ വരവിന് സമയം കുറിച്ച് ടാറ്റ
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. ഇവി മുതലാളിയാവാൻ സാധാരണക്കാർക്കൊപ്പം നിന്ന രത്തൻ ടാറ്റയുടെ കമ്പനി എംജിയുമായാണ് ഇപ്പോൾ കടുത്ത മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്ന നെക്സോൺ ഇലക്ട്രിക് എസ്‌യുവിയെ മറികടന്ന് എംജി വിൻഡ്‌സർ ഇവി രാജ്യംവെട്ടിപ്പിടിച്ചത് അടുത്തിടെയായിരുന്നു. ഇതിലൊന്നും തളരാതെ പിടിച്ചുനിൽക്കുന്ന ടാറ്റ തങ്ങളുടെ മോഡലുകളിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം ചെറുതൊന്നുമല്ല. നിലവിൽ ടിയാഗോ ഇവി, ടിഗോർ ഇവി, പഞ്ച് ഇവി, നെക്സോൺ ഇവി, കർവ് ഇവി എന്നിങ്ങനെ അഞ്ചോളം വൈദ്യുത കാറുകളാണ് കമ്പനി വിപണനത്തിന് എത്തിക്കുന്നത്.
എംജിക്ക് പുറമെ ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന രംഗത്ത് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിപണിയിലുണ്ടെങ്കിലും ടാറ്റയെ കാര്യമായ പരിക്കേൽപ്പിക്കാൻ ഇവർക്കായിട്ടില്ല. എന്നാൽ അടുത്ത വർഷം ജനുവരിയോടെ മാരുതി സുസുക്കി കൂടി അരങ്ങത്തേക്ക് എത്തുന്നതോടെ ടാറ്റയുടെ ആധിപത്യം ചോദ്യം ചെയ്യപ്പെട്ടേക്കാം. എന്നാൽ അതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് കമ്പനി. മറ്റൊന്നുമല്ല, അടുത്ത വർഷം മാർച്ച് മാസത്തോടെ ഹാരിയർ ഇവിയെ പുറത്തിറക്കാനുള്ള ഒരുങ്ങളാണ് ടാറ്റ ആരംഭിച്ചിരിക്കുന്നത്.

പ്രീ-പ്രൊഡക്ഷൻ രൂപത്തിൽ സമീപകാലത്ത് പ്രദർശിപ്പിച്ച ഹാരിയർ ഇവി അടുത്ത വർഷം എത്തുന്നുവെന്നത് ആരാധകരെ സംബന്ധിച്ച് സന്തോഷകരമായ വാർത്തയാണ്. അടുത്ത കലണ്ടർ വർഷത്തിൻ്റെ അവസാനത്തോടെ ഇവി നിരയുടെ എണ്ണം പത്താക്കുന്നതിന്റെ ആദ്യപടിയായിരിക്കും ഹാരിയർ. ഇതിനുശേഷം സിയറയായിരിക്കും ടാറ്റ മോട്ടോർസ് ഇന്ത്യക്കായി സമർപ്പിക്കുക. എന്തായാലും ഹാരിയർ ഇവിയുടെ വരവ് വലിയ ചർച്ചയാവും.
2023 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി അവതരിപ്പിച്ച ഹാരിയർ ഇവി ടാറ്റയുടെ ആക്‌ടി ഡോട്ട് ഇവി ആർക്കിടെക്ച്ചറിലായിരിക്കും പണികഴിപ്പിക്കുക. ഡിസൈനിൻ്റെ കാര്യത്തിൽ നിലവിലെ ഡീസൽ എഞ്ചിൻ മോഡലിന് സമാനമായിരിക്കും ഇലക്ട്രിക് എസ്‌യുവിയും. എങ്കിലും പുതിയ ഗ്രിൽ, പുതിയ അലോയ് വീലുകൾ, പുതുക്കിയ ഫ്രണ്ട് ബമ്പർ, പിൻവശത്ത് എക്‌സ്‌ഹോസ്റ്റിൻ്റെ അഭാവം എന്നിവയുടെ രൂപത്തിൽ ചില മാറ്റങ്ങൾ ഉണ്ടാവും.

മുൻവശത്ത് തിരശ്ചീന സ്ലാറ്റുകളുള്ള ബ്ലാങ്കഡ്-ഓഫ് ഗ്രിൽ, പൂർണ വീതിയിൽ ഒഴുകുന്ന എൽഇഡി ഡിആർഎല്ലുകൾ, ADAS സെൻസൃ ഉൾക്കൊള്ളുന്ന റീഡിസൈൻ ചെയ്‌ത ഫ്രണ്ട് ബമ്പർ എന്നിവയെല്ലാം ഇലക്ട്രിക് എസ്‌യുവിക്ക് അഴകേകും. ഇവി നിർദിഷ്‌ഠ ഡ്യുവൽ-ടോൺ അലോയ് വീലുകളായിരിക്കും വശക്കാഴ്ച്ചയിലെ മാറ്റം. പിൻഭാഗവും നിലവിലെ ഹാരിയറിന് സമാനമായിരിക്കും. വരാനിരിക്കുന്ന ഹാരിയർ ഇവിക്കൊപ്പം സീവീഡ് ഗ്രീൻ ഉൾപ്പെടെയുള്ള പുതിയ കളർ ഓപ്ഷനുകളും ഇടംപിടിച്ചേക്കും.
ഇനി ഇന്റീരിയറിലേക്ക് കയറിയാൽ ഹാരിയർ ഇലക്ട്രിക്കിലെ ഡാഷ്‌ബോർഡ്, സ്റ്റിയറിംഗ് വീൽ, എസി വെൻ്റുകൾ, ഡോർ ട്രിമ്മുകൾ, സെൻ്റർ കൺസോൾ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയും പുതിയ ഡീസൽ ഹാരിയറിന് സമാനമായിരിക്കും. ഒന്നിലധികം സൗണ്ട് മോഡുകളുള്ള ജെബിഎൽ 10-സ്പീക്കർ സിസ്റ്റം, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് പാനൽ, ടച്ച് അധിഷ്‌ഠിത HVAC പാനൽ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ് പോലുള്ള ഫീച്ചറുകളാൽ ഇവി സമ്പന്നമായിരിക്കും.

ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ഒആർവിഎമ്മുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, വയർലെസ് ചാർജർ, ആംബിയൻ്റ് ലൈറ്റിംഗ്, റിയർ എസി വെൻ്റുകൾ, ആറ് എയർബാഗുകൾ തുടങ്ങിയ സവിശേഷതകളും ടാറ്റ ഹാരിയർ ഇവിയിലുണ്ടാവും. സേഫ്റ്റിയുടെ കാര്യത്തിൽ കക്ഷി 5-സ്റ്റാർ നേടുമെന്ന് ഉറപ്പാണ്.
AWD, 4WD എന്നിങ്ങനെ രണ്ട് വേരിയന്റുകളും ഹാരിയർ ഇലക്ട്രിക്കിനുണ്ടാവും. പല ആധുനിക വൈദ്യുത വാഹനങ്ങളെയും പോലെ, വേഗത്തിലുള്ള ആക്‌സിലറേഷനും മികച്ച ഹാൻഡിലിംഗിനും വേണ്ടിയാണ് ഓൾ-വീൽ ഡ്രൈവ് സംവിധാനം പുതിയ ഇലക്ട്രിക് എസ്‌യുവിക്ക് സമ്മാനിക്കുക. എന്തായാലും സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ച് നൽകാൻ ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവി സജ്ജമായിരിക്കും.


Click it and Unblock the Notifications








