നെക്സോൺ വാങ്ങാനുള്ള പുതിയ കാരണം ഇതാണ്, മൈലേജിൽ ആറാടാൻ സിഎൻജി മോഡൽ സെപ്റ്റംബറിൽ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നാണ് ടാറ്റ നെക്സോൺ (Tata Nexon). പെട്രോൾ, ഡീസൽ, ഇലക്‌ട്രിക് എന്നിങ്ങനെ മൂന്ന് ഇന്ധന തരങ്ങളിലും സ്വന്തമാക്കാനാവുന്ന ആദ്യത്തെ സബ്-4 മീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനം കൂടിയാണിത് എന്നതും ശ്രദ്ധേയമാവുന്ന കാര്യമാണ്. എന്നാൽ സെപ്റ്റംബർ മുതൽ നെക്സോൺ സിഎൻജിയിലും വാങ്ങാനാവും. വാഹനത്തിന്റെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് പതിപ്പിനെ 2024 സെപ്റ്റംബർ മാസത്തിൽ പുറത്തിറക്കാൻ ടാറ്റ തീരുമാനമെടുത്തിരിക്കുകയാണ്. അടുത്തിടെ ഡൽഹിയിൽ നടന്ന 2024 ഭാരത് മൊബിലിറ്റി ഷോയിൽ സിഎൻജി വേരിയന്റിനെ ബ്രാൻഡ് പ്രദർശിപ്പിച്ചിരുന്നു.
ഗംഭീര മൈലേജാണ് സിഎൻജി കാറുകളുടെ ഹൈലൈറ്റുകളെങ്കിലും മുകളിൽ പറഞ്ഞ ബൂട്ട് സ്പേസ്, ഇന്ധനം നിറയ്ക്കുന്നതിലെ താമസം പോലുള്ള പ്രായോഗികതക്കുറവ് പൊതുവേ സിഎൻജി വാഹനങ്ങൾക്കുണ്ടായിരുന്നു. എന്നാൽ ഈ കുറവുകളെല്ലാം നികത്തിക്കൊണ്ട് ടാറ്റ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് മോഡലുകളെ മോഡേണാക്കാൻ ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ കമ്പനി കൊണ്ടുവന്നു.

സെഗ്മെന്റിലെ മാരുതി ബ്രെസയിൽ പോലുമില്ലാത്ത സംഗതി നെക്സോൺ സിഎൻജിയിൽ വരുമ്പോൾ വാങ്ങാൻ ആളുകൾ ഇരച്ചെത്തുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ. ആയതിനാൽ അധികം വൈകാതെ മോഡലിനെ വിപണയിലെത്തിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. പുതിയ കർവ് കൂപ്പെ എസ്‌യുവിക്ക് പിന്നാലെ സെപ്റ്റംബർ മാസത്തിൽ നെക്സോണിന്റെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് മോഡൽ കൂടി വരുന്നതോടെ സംഗതി ഉഷാറാവും.
ഈ നാല് ഇന്ധന ഓപ്ഷനുകളിലും ലഭ്യമാവുന്ന ആദ്യത്തെ സ്പോർട് യൂട്ടിലിറ്റി വാഹനം കൂടിയാവും നെക്സോൺ. മറ്റ് ടാറ്റ മോഡലുകളുടെ അതേ ഇരട്ട സിഎൻജി സിലിണ്ടർ സാങ്കേതികവിദ്യയാണ് നെക്‌സോൺ സിഎൻജിയിലും ഉപയോഗിക്കുക. ഇതുകൂടാതെ ഈ സെഗ്‌മെൻ്റിലെ ആദ്യത്തെ ടർബോ-പെട്രോൾ സിഎൻജി കാർ എന്ന ബഹുമതിയും മോഡലിന് ലഭിക്കും. ഈ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് സാധാരണ 118 bhp കരുത്തിൽ പരമാവധി 170 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസിൽ എത്രത്തോളം കുറവ് വരുമെന്ന കാര്യം കണ്ടുതന്നെ അറിയാം. ഇന്ധനക്ഷമതയും പവർ, ടോർക്ക് കണക്കുകളും മൂടിവെച്ചിരിക്കുകയാണെങ്കിലും ഞെട്ടിക്കാനുള്ള സംഗതി കൈവശമുണ്ടാവുമെന്നാണ് അനുമാനം. തുടക്കത്തിൽ മാനുവൽ ഗിയർബോക്‌സിന് ഒപ്പമായിരിക്കും നെക്സോൺ i-CNG അവതരിപ്പിക്കുക. എന്നാൽ പിന്നീട് ടിയാഗോയിലേതു പോലെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും കമ്പനി കൊണ്ടുവന്നേക്കാം.
രണ്ട് സിഎൻജി സിലിണ്ടർ ടാങ്കുകൾ ബൂട്ട് ഫ്ലോറിനടിയിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ ബൂട്ട് സ്പേസ് ലാഭിക്കാൻ സാധിച്ചിട്ടുണ്ട്. സിഎൻജി സിലിണ്ടറുകൾക്ക് ഏകദേശം 60 ലിറ്റർ വാതകം ഉൾക്കൊള്ളാൻ കഴിയും. അതേസമയം ടാറ്റ നെക്സോൺ സിഎൻജിക്ക് 230 ലിറ്റർ ബൂട്ട് സ്പേസും ഉണ്ടായിരിക്കുമെന്നാണ് ടാറ്റ മോട്ടോർസ് പറയുന്നത്. ഇതിനോട് ചേർത്ത് വായിക്കേണ്ട കാര്യമാണ് പ്രായോഗികതയ്ക്കായി സ്പെയർ വീൽ കാറിൻ്റെ അടിയിൽ ഘടിപ്പിച്ചിരിക്കുന്നത്.

നേരിട്ട് സിഎൻജി മോഡിൽ വാഹനം സ്റ്റാർട്ട് ചെയ്യാൻ സാധിക്കും. അതോടൊപ്പം തന്നെ പെട്രോളിൽ നിന്നും സിഎൻജിയിലേക്ക് മാറാനും തിരിച്ചും ചെയ്യുന്നതിന് ഒരു ഓട്ടോ സ്വിച്ചും ടാറ്റ നെക്സോൺ സിഎൻജിക്ക് സമ്മാനിക്കും. സേഫ്റ്റി വർധിപ്പിക്കുന്നതിനായി മൈക്രോ സ്വിച്ച്, ലീക്കേജ് പ്രൂഫ് മെറ്റീരിയലുകൾ, തെർമൽ ഇൻസ്‌റ്റൻ്റ് പ്രൊട്ടക്ഷൻ, സിംഗിൾ അഡ്വാൻസ്‌ഡ് ഇസിയു, മോഡുലാർ ഫ്യൂവൽ ഫിൽട്ടർ, ലീക്ക് ഡിറ്റക്ഷൻ ഫെയ്‌ലിയർ തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങളും എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.
സിഎൻജി കുറവാണെങ്കിൽ വാഹനം ഓട്ടോമാറ്റിക്കായി പെട്രോൾ മോഡിലേക്ക് മാറാനും കോംപാക്‌ട് എസ്‌യുവിക്ക് സാധിക്കും. ഡിസൈനിലേക്ക് നോക്കിയാൽ സിഎൻജി മോഡൽ സ്റ്റാൻഡേർഡ് പതിപ്പിന് സമാനമായിരിക്കും പിന്നിലെ സിഎൻജി ബാഡ്‌ജിംഗ് മാത്രമായിരിക്കും അധികമായി ചേർക്കുക. സെപ്റ്റംബറിൽ ലോഞ്ച് ചെയ്യുമ്പോൾ മാരുതി ബ്രെസ സിഎൻജിയോടാവും പ്രധാന മത്സരം. വില നോക്കിയാൽ പെട്രോൾ നെക്സോണിനെ അപേക്ഷിച്ച് ഏകദേശം 60,000 രൂപ മുതൽ 80,000 രൂപ വരെയാവും അധികമായി മുടക്കേണ്ടി വരിക.


Click it and Unblock the Notifications








