നെക്സോൺ വാങ്ങാൻ ഒരു കാരണം കൂടിയായി, മാരുതിയുടെ കുത്തക പിടിച്ചെടുക്കാൻ ടാറ്റയുടെ സർപ്രൈസ്
ഇന്ത്യൻ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 2024 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയ്ക്ക് നാളെ തുടക്കമാവുകയാണ്. ഫെബ്രുവരി ഒന്ന് മുതല്‍ മൂന്ന് വരെ ന്യൂഡല്‍ഹിയിലാണ് ഗ്ലോബല്‍ എക്‌സ്‌പോ അരങ്ങേറാന്‍ പോകുന്നത്. ഫെബ്രുവരി രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത് മൊബലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുന്നതോടെ പരിപാടിക്ക് തുടക്കമാവും
ഇതൊരു ആഗോള വാഹന എക്‌സ്‌പോയായിരിക്കും എന്നതാണ് ഏറ്റവും ശ്രദ്ധേയമാവുന്ന കാര്യം. ബിനാലെ ഓട്ടോ എക്‌സ്‌പോയുടെ ഒരു പതിപ്പായി കണക്കാക്കാം. 2024 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ രാജ്യത്തെ പ്രമുഖ ബ്രാൻഡുകളായ മാരുതി സുസുക്കി, മഹീന്ദ്ര, സ്‌കോഡ, മെർസിഡീസ് ബെൻസ് തുടങ്ങിയ 28 മുൻനിര വാഹന നിർമാതാക്കളാണ് പങ്കെടുക്കാൻ തയാറെടുക്കുന്നത്. അങ്ങനെ വിദേശരാജ്യങ്ങളില്‍ നിന്നുള്ള 50-ലധികവും രാജ്യത്തിനകത്ത് നിന്നുള്ള 800-ലധികം എക്‌സിബിറ്റര്‍മാരും എക്‌പോയ്ക്ക് എത്തും.

വാഹന നിർമാതാക്കൾ, ഘടക നിർമാതാക്കൾ, സാങ്കേതിക ദാതാക്കൾ എന്നിവരുൾപ്പെടെ ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിലെ എല്ലാ പങ്കാളികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും പ്രാദേശിക ഉത്പാദനം, സാങ്കേതിക വികസനം തുടങ്ങിയവയുടെ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനുമാണ് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സംഘാടകർ അവകാശപ്പെടുന്നു.
ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 3 വരെ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ടാറ്റ മോട്ടോർസ് പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല പരിപാടിയിൽ ഒരു സർപ്രൈസ് അവതരണത്തിനും കമ്പനി പദ്ധതിയിട്ടുണ്ടെന്നാണ് വിവരം. മറ്റൊന്നുമല്ല ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയുമായി നെക്സോൺ i-CNG കൺസെപ്റ്റ് പ്രദർശിപ്പിക്കും. പക്ഷേ ഇതൊരു കൺസെപ്റ്റ് പതിപ്പ് മാത്രമായിരിക്കുമെന്നാണ് റിപ്പോർട്ട്.

അതായത് നെക്സോൺ സിഎൻജി യാഥാർഥ്യമാവാൻ കുറച്ച് മാസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സാരം. മുകളിൽ സൂചിപ്പിച്ചതുപോലെ ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയുമായാണ് നെക്‌സോൺ വരുന്നത്. ഇതിനർഥം ഒരു സിഎൻജി സിലിണ്ടറിന് പകരം ടാറ്റ മോട്ടോർസ് രണ്ട് ചെറിയ സിലിണ്ടറുകൾ ബൂട്ടിനടിയിൽ സ്ഥാപിക്കുമെന്നാണ്. ഇതിനോടകം പഞ്ച് സിഎൻജി, ആൾട്രോസ് സിഎൻജി പോലുള്ള മോഡലുകളിൽ പരീക്ഷിച്ച് വിജയിച്ച സംഭവം നെക്സോണിനെയും വേറെ ലെവലാക്കും.
സിഎൻജി പവർട്രെയിനിനൊപ്പം ഏതൊക്കെ വേരിയൻ്റുകളാണ് വാഗ്ദാനം ചെയ്യുന്നതെന്നോ സിഎൻജിയിൽ പ്രവർത്തിക്കുന്ന നെക്‌സോൺ എപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നോ ടാറ്റ വെളിപ്പെടുത്തിയിട്ടില്ല. മെക്കാനിക്കലായി നോക്കിയാൽ നെക്‌സോൺ എസ്‌യുവിയിൽ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനൊപ്പം ഫാക്ടറി ഫിറ്റഡ് ട്വിൻ സിലിണ്ടർ സിഎൻജി കിറ്റ് വാഗ്‌ദാനം ചെയ്യും.

118 bhp കരുത്തിൽ 170 Nm torque ഉത്പാദിപ്പിക്കുന്ന അതേ 1.2-ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് സിഎൻജി പവർട്രെയിനിലും ഉപയോഗിക്കുക. എങ്കിലും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കണക്കുകളിൽ കുറവ് വരും. തുടക്കത്തിൽ മാനുവൽ ഗിയർബോക്‌സിന് ഒപ്പമായിരിക്കും നെക്സോൺ i-CNG അവതരിപ്പിക്കുക. എന്നാൽ പിന്നീട് ടിയാഗോയിലേതു പോലെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും കമ്പനി കൊണ്ടുവന്നേക്കാം.
സിഎൻജി സിലിണ്ടറുകൾക്ക് ഏകദേശം 60 ലിറ്റർ വാതകം ഉൾക്കൊള്ളാൻ കഴിയും. അതേസമയം 230 ലിറ്റർ ബൂട്ട് സ്പേസും ഉണ്ടായിരിക്കുമെന്നത് പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. കൂടാതെ, മൈക്രോ സ്വിച്ച്, ലീക്കേജ് പ്രൂഫ് മെറ്റീരിയലുകൾ, തെർമൽ ഇൻസ്‌റ്റൻ്റ് പ്രൊട്ടക്ഷൻ, സിംഗിൾ അഡ്വാൻസ്‌ഡ് ഇസിയു, സിഎൻജി മോഡിൽ ഡയറക്ട് സ്റ്റാർട്ട്, ഇന്ധനങ്ങൾക്കിടയിൽ ഓട്ടോ സ്വിച്ച്, മോഡുലാർ ഫ്യൂവൽ ഫിൽട്ടർ, ലീക്ക് ഡിറ്റക്ഷൻ ഫെയ്‌ലിയർ തുടങ്ങിയ നിരവധി സുരക്ഷാ ഫീച്ചറുകൾ നെക്‌സോൺ സിഎൻജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചോർച്ച കണ്ടെത്തിയാൽ വാഹനം ഓട്ടോമാറ്റിക്കായി പെട്രോൾ ഇന്ധനത്തിലേക്ക് മാറുന്ന സംവിധാനമാണ് ലീക്ക് ഡിറ്റക്ഷൻ. അത് സിഎൻജി വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ ആശങ്ക കുറയ്ക്കുന്ന സംഭവമാണ്. സിഎൻജി കുറവാണെങ്കിൽ വാഹനം ഓട്ടോമാറ്റിക്കായി പെട്രോൾ മോഡിലേക്ക് മാറും. കൂടുതൽ സുരക്ഷിതമായിരിക്കുമ്പോൾ തന്നെ തങ്ങളുടെ ടാങ്കുകൾക്ക് വേഗത്തിൽ ഇന്ധനം നിറയ്ക്കാൻ കഴിയുമെന്ന് ടാറ്റ പറയുന്നു.
സിഎൻജി കൂടി പുറത്തിറങ്ങിയാൽ എല്ലാത്തരം എനർജിയിലും പ്രവർത്തിക്കുന്ന ഒരേയൊരു വാഹനമായി നെക്സോൺ മാറും. നിലവിൽ ടാറ്റ മോട്ടോർസിന്റെ ജനപ്രിയനായ മോഡൽ പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നി മോലുകളിൽ നെക്സോൺ എസ്‌യുവി ലഭ്യമാണ്. മാത്രമല്ല, ഇക്കഴിഞ്ഞ ദിവസം കാറിന്റെ 6 ലക്ഷം പ്രൊഡക്ഷനും കമ്പനി മറികടന്നിരുന്നു. എന്തായാലും സിഎൻജി വേരിയന്റ് കൂടി വരുന്നതോടെ നെക്സോൺ കൂടുതൽ ആളുകളിലേക്ക് എത്തുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








