ടാറ്റയുടെ ഈ ഇലക്‌ട്രിക് എസ്‌യുവികൾ വാങ്ങിയാൽ രാജ്യത്ത് എവിടെയും ഫ്രീ ചാർജിംഗ്, അതും 6 മാസത്തേക്ക്
ഇലക്‌ട്രിക് കാറുകളെ ഇന്ത്യക്കാർക്ക് ജനപ്രിയമാക്കി കൊടുത്തവരാണ് ടാറ്റ മോട്ടോർസ്. എന്നാൽ രത്തൻ ടാറ്റ വിടപറഞ്ഞതോടെ കമ്പനിയുടെ ഭാഗ്യമെല്ലാം പോയെന്ന് പലരും പറയുന്നുണ്ട്. വൈദ്യുത വാഹന രംഗത്ത് ടാറ്റയെ മറികടന്ന് എംജി കുതിക്കുന്നതെല്ലാം ഇതിന്റെ ഭാഗമായി കാണുന്നവരും ഏറെയാണ്. എന്നാൽ ഇവി രംഗത്തെ ഒന്നാംസ്ഥാനമൊന്നും ടാറ്റ വിട്ടുകൊടുത്തിട്ടില്ല കേട്ടോ. പ്രതിസന്ധികളെയെല്ലാം തരണം ചെയ്‌ത് മുന്നോട്ട് കുതിക്കാൻ ഒരുങ്ങുകയാണ് കമ്പനിയിപ്പോൾ. ഇതിന്റെ ഭാഗമായി നല്ല ഓഫറുകളും ആനുകൂല്യങ്ങളുമെല്ലാം അടിക്കടി ടാറ്റ അവതരിപ്പിക്കാറുമുണ്ട്. നെക്സോൺ ഇവി, കർവ് ഇവി എന്നിവ വാങ്ങുന്നവർക്കായി ബ്രാൻഡ് ആകർഷകമായ ഒരു പദ്ധതി അവതരിപ്പിച്ചതാണ് വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്.
2024 ഡിസംബർ ഒമ്പതിനും ഡിസംബർ 31-നും ഇടയിൽ ഈ രണ്ട് ഇലക്ട്രിക് എസ്‌യുവികളിൽ ഏതെങ്കിലും ഒന്ന് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ചാർജിംഗ് ഫ്രീയാണ്. നെക്സോൺ ഇവി, കർവ് ഇവി ഇലക്ട്രിക് എസ്‌യുവികൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് രാജ്യവ്യാപകമായി ടാറ്റയുടെ പവർ EZ ചാർജിംഗ് സ്റ്റേഷനുകളിലാണ് സൗജന്യ ചാർജിംഗ് ലഭിക്കുക. ഈ സ്കീം സ്വകാര്യ വാഹനങ്ങൾക്ക് മാത്രമുള്ളതാണെന്നും ഫ്ലീറ്റ് വാഹനങ്ങൾക്ക് ഇത് ബാധകമല്ലെന്നും കമ്പനി പ്രത്യേകം അറിയിച്ചിട്ടുണ്ട്.

കലണ്ടർ വർഷത്തിൻ്റെ അവസാനത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ഊർജം പകരാൻ കമ്പനി ആവിഷ്ക്കരിച്ചിരിക്കുന്ന ഈ പദ്ധതി വമ്പൻ ഹിറ്റാവുമെന്നതിൽ സംശയൊന്നും വേണ്ട. സൗജന്യ ചാർജിംഗ് ലഭിക്കാൻ നെക്സോൺ ഇവി, കർവ് ഇവി എന്നിവ വാങ്ങുന്നവർ അവരുടെ വാഹനം ടാറ്റ പവർ EZ ചാർജ് ആപ്പിൽ രജിസ്റ്റർ ചെയ്യണം. അതിനുശേഷം ഫ്രീ ചാർജിംഗ് സേവനങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ സജീവമാകും.
ആപ്പ് രജിസ്ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, വാങ്ങുന്ന തീയതി മുതൽ ഉപഭോക്താക്കൾക്ക് 1,000 യൂണിറ്റ് വരെ വൈദ്യുതി അല്ലെങ്കിൽ ആറ് മാസത്തെ സൗജന്യ ചാർജിംഗിന് അർഹതയുണ്ടെന്നാണ് ടാറ്റ മോട്ടോർസ് പ്രഖ്യാപിച്ചിരിക്കുന്നത്. നിർദ്ദിഷ്ട വൈദ്യുതി പരിധി അല്ലെങ്കിൽ സമയപരിധിക്ക് ശേഷം ചാർജിംഗിന് സ്റ്റാൻഡേർഡ് താരിഫ് ഈടാക്കുകയും ചെയ്യും. ഈ പുതിയ സൗജന്യ ചാർജിംഗ് സ്കീമിലൂടെ ടാറ്റയ്ക്ക് തങ്ങളുടെ ജനപ്രിയ മോഡലുകളുടെ വിൽപ്പന വർധിപ്പിക്കാനാവുമോയെന്നത് വരും ദിവസങ്ങളിൽ അറിയാം.

2024 നവംബറിലെ വിൽപ്പന കണക്കുകൾ പ്രകാരം ടാറ്റ മോട്ടോർസിന് നെക്സോണിന്റെ 15,329 യൂണിറ്റുകളും കർവിന്റെ 5,101 യൂണിറ്റുകളും വിറ്റഴിക്കാനായിരുന്നു. ഇതിൽ ICE എഞ്ചിൻ മോഡലുകളുടെ വിൽപ്പനയും ഉൾപ്പെടുന്നതാണെന്ന് പ്രത്യേകം ശ്രദ്ധിക്കണം. നിലവിൽ നെക്സോൺ ഇവിയുടെ വില 12.49 ലക്ഷം മുതൽ 17.19 ലക്ഷം വരെയാണ്. അതേസമയം കൂപ്പെ ഇലക്ട്രിക് എസ്‌യുവിക്ക് 17.49 ലക്ഷം മുതൽ 21.99 ലക്ഷം വരെയും മുടക്കേണ്ടി വരും.
യഥാക്രമം 30kWh, 40.5kWh ബാറ്ററി പായ്ക്കുകൾ ഉൾക്കൊള്ളുന്ന MR (മീഡിയം റേഞ്ച്), LR (ലോംഗ് റേഞ്ച്) എന്നീ രണ്ട് വേരിയൻ്റുകളിലാണ് നെക്‌സോൺ ഇലക്ട്രിക് എസ്‌യുവി വാങ്ങാനാവുന്നത്. MR മോഡൽ സിംഗിൾ ചാർജിൽ 325 കിലോമീറ്റർ റേഞ്ച് നൽകുമ്പോൾ ഇവിയുടെ LR പതിപ്പ് പൂർണ ചാർജിൽ 465 കിലോമീറ്റർ വരെ റേഞ്ചും വാഗ്ദാനം ചെയ്യും. 7.2kW എസി ചാർജറാണ് വാഹനത്തിനൊപ്പം സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നത്.

മറുവശത്ത് കർവ് ഇവി 45kWh, 55kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്. ഇവയ്ക്ക് യഥാക്രമം 502 കിലോമീറ്ററും 585 കിലോമീറ്ററും (MIDC) റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. ചാർജിംഗിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ഫാസ്റ്റ് ചാർജിംഗ് ഉപയോഗിച്ച് 15 മിനിറ്റിനുള്ളിൽ ബാറ്ററി 150 കിലോമീറ്റർ വരെ ഓടാനാവുന്ന തരത്തിൽ ചാർജ് ചെയ്യാൻ കഴിയുമെന്ന് ടാറ്റ മോട്ടോർസ് പറയുന്നു.
അതേസമയം 40 മിനിറ്റിനുള്ളിൽ ബാറ്ററി പായ്ക്ക് 10-80 ശതമാനം ചാർജ് ചെയ്യാനും ഡിസി ചാർജിംഗ് കർവ് ഇവിയെ അനുവദിക്കും. വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ ടു വെഹിക്കിൾ (V2V) ചാർജിംഗ് കഴിവുകളോടെയാണ് ടാറ്റയുടെ ഇലക്‌ട്രിക് കൂപ്പെ എസ്‌യുവി വിപണനത്തിന് എത്തുന്നത്. ക്രിയേറ്റീവ്, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ് പ്ലസ് S, എംപവേർഡ് പ്ലസ്, എംപവേർഡ് പ്ലസ് A എന്നീ വേരിയന്റുകളിലാണ് വാഹനം വാങ്ങാനാവുന്നതും.


Click it and Unblock the Notifications








