വിറ്റഴിയാത്ത വണ്ടിക്ക് 1 ലക്ഷം രൂപ വരെ വിലക്കുറവ്, ടാറ്റയുടെ ഇലക്‌ട്രിക് എസ്‌യുവി വാങ്ങാൻ നല്ല സമയം
ആഡംബര വസ്‌തുവിൽ നിന്നും അവശ്യ കാര്യമായി മാറിയവരാണ് കാറുകൾ. ഇന്നൊരു മനുഷ്യന്റെ ജീവിതത്തിൽ വാഹനങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് വേണം പറയാൻ. പണ്ടെത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട സാമ്പത്തിക അവസ്ഥയും, അതിന് പുറമെ നിലവിൽ വാഹനങ്ങൾ സ്വന്തമാക്കാനുള്ള നടപടിക്രമങ്ങളിലെ അനായാസതയുമൊക്കെ കാറുകളെ വേഗം ജനങ്ങളിലേക്ക് അടുപ്പിച്ചു.
എന്നിരുന്നാലും ഇന്ധന വില എന്നും ആളുകൾക്ക് തലവേദന തന്നെയാണ്. എൻട്രി ലെവൽ സെഗ്മെന്റിലെല്ലാം കിട്ടാനുള്ളത് പെട്രോൾ വാഹനങ്ങളുമാണ്. കേരളത്തിൽ 108 രൂപ കൊടുത്തത് അത്ര മുതലാവുന്ന സംഗതിയൊന്നും അല്ലെങ്കിലും ആളുകൾക്ക് വേറെ വഴിയൊന്നുമില്ലാത്തതിനാൽ ഇതിനോടെല്ലാം പൊരുത്തപ്പെട്ടു പോവുകയാണ്. പക്ഷേ മുടക്കുമുതൽ ഒരു പ്രശ്‌നമല്ലാത്തവർക്ക് മാറി ചിന്തിക്കാൻ ഇലക്‌ട്രിക് കാറുകളും ഇപ്പോൾ സുലഭമായി കിട്ടാനുണ്ട്.

തുടക്കത്തിൽ കുറച്ചധികം പണം മുടക്കിയാലും പിന്നീട് പെട്രോളും ഡീസലും അടിച്ച് കൈയിലെ കാശ് കളയേണ്ടല്ലോ എന്നാണ് ഇത്തരക്കാരുടെ മനോഭാവം. ഇലക്‌ട്രിക് കാറുകളുടെ രാജാക്കൻമാരായ ടാറ്റ മോട്ടോർസ് വൈവിധ്യമാർന്ന വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുന്നവരാണ്. ഇവി വാങ്ങാൻ പദ്ധതിയിട്ടാൽ ആദ്യം മനസിലേക്ക് വരുന്ന പേരും ടാറ്റയുടേത് തന്നെ. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറുകളിൽ നെക്‌സോൺ ഇവിയാണ് മുന്നിൽ.
പെർഫോമൻസ്, കാര്യക്ഷമത, താങ്ങാനാവുന്ന വില എന്നിവ ഒത്തുചേർന്ന ചുരുക്കം ചില ഇവികളിൽ ഒന്നാണിത്. ഇലക്‌ട്രിക് എസ്‌യുവി വാങ്ങാൻ പ്ലാനിട്ടിരുന്നവരെ പെട്ടെന്ന് ആകർഷിക്കാനായി മോഡൽ നിരയിൽ ഗംഭീര ഓഫറുകളാണ് കമ്പനിയിപ്പോൾ ഒരുക്കിയിട്ടുള്ളത്. അടുത്തിടെ പുറത്തിറക്കിയ നെക്സോൺ ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് ഉൾപ്പെടെ, മുഴുവൻ നെക്സോൺ ഇവി ലൈനപ്പിലും ടാറ്റ മോട്ടോർസ് ആകർഷകമായ ഡിസ്കൌണ്ടുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. അവ എന്തെല്ലാമെന്ന് നോക്കാം.

ഈ ഡിസ്കൌണ്ട് ഓഫർ 2023 മോഡൽ നെക്സോൺ ഇവി പതിപ്പുകൾക്ക് മാത്രമേ ലഭിക്കുകയുള്ളൂവെന്നും പ്രത്യേകം ഓർമിക്കണം. ഇലക്ട്രിക് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ഫിയർലെസ് MR, എംപവേർഡ് പ്ലസ് LR, എംപവേർഡ് LR വേരിയൻ്റുകൾക്ക് 50,000 രൂപ പരിധിയിലാണ് ഓഫറുകളും ആനുകൂല്യങ്ങളും അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം ഫിയർലെസ് പ്ലസ് MR, ഫിയർലെസ് പ്ലസ് S MR, ഫിയർലെസ് പ്ലസ് LR വേരിയൻ്റുകൾക്ക് 65,000 രൂപ വരെയാണ് ആനുകൂല്യങ്ങൾ കിട്ടുക.
നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ ഫിയർലെസ് LR വേരിയൻ്റിന് 85,000 രൂപ വരെ ഡിസ്‌കൌണ്ട് ഒരുക്കിയിട്ടുണ്ട്. അതേസമയം ടോപ്പ്-സ്പെക്ക് ഫിയർലെസ് പ്ലസ് S LR മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളും ലഭിക്കുമെന്നാണ് ടാറ്റ മോട്ടോർസ് അറിയിച്ചിരിക്കുന്നത്. ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾക്ക് പുറമെ, പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് നെക്സോൺ ഇവിയിലും കിടിലം ഓഫറുകൾ അണിനിരത്തിയിട്ടുണ്ട്.

ഇലക്‌ട്രിക് എസ്‌യുവിയുടെ വിറ്റഴിഞ്ഞു പോവാത്ത 2023 ഇയർ മോഡലുകൾക്ക് വലിയ കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നെക്സോൺ ഇവി പ്രൈമിന്റെ ലഭ്യമായ സ്റ്റോക്കുകൾ അനുസരിച്ച് 1.90 ലക്ഷം മുതൽ 2.30 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ടോപ്പ്-സ്പെക്ക് നെക്സോൺ ഇവി മാക്‌സ് വകഭേദങ്ങൾ 2.80 ലക്ഷം രൂപ ഡിസ്കൌണ്ടിൽ വീട്ടിലെത്തിക്കാം. ഇത് കഴിഞ്ഞ വർഷം ഡിസംബറിൽ പ്രഖ്യാപിച്ചതിനേക്കാൾ 20,000 രൂപ കൂടുതലാണ്.
129 bhp കരുത്തുള്ള ഇലക്ട്രിക് മോട്ടോറും 30.2kWh ബാറ്ററി പായ്ക്കും ആണ് നെക്സോൺ ഇവി പ്രൈം വേരിയന്റിൽ നൽകുന്നത്. ഒന്ന് ചാർജ് ചെയ്‌താൽ 312 കിലോമീറ്റർ വരെ റേഞ്ച് കൈവരിക്കാനും ഇതിനാവും. അതേസമയം നെക്സോൺ ഇവി മാക്‌സ് പതിപ്പുകളിൽ 40.5kWh ബാറ്ററി പായ്ക്കാണ് ഒരുക്കിയിട്ടുള്ളത്. 143 bhp ഇലക്ട്രിക് മോട്ടോറിലൂടെ പരമാവധി 437 കിലോമീറ്റർ റേഞ്ച് നൽകാൻ ഈ മോഡലുകൾ പ്രാപ്‌തമാണ്.

മറുവശത്ത് നിലവിൽ 30.2kWh ബാറ്ററിയുള്ള മീഡീയം റേഞ്ച്, 40.5kWh ബാറ്ററിയുള്ള ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിലാണ് നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ് ലഭ്യമാവുന്നത്. ഇലക്‌ട്രിക് എസ്‌യുവിയുടെ മീഡയം റേഞ്ച് പതിപ്പുകളിൽ ARAI അവകാശപ്പെടുന്ന റേഞ്ച് 325 കിലോമീറ്റർ ആണെങ്കിൽ ലോംഗ് റേഞ്ച് മോഡലുകൾ സിംഗിൾ ചാർജിൽ 465 കിലോമീറ്റർ ആണ് വാഗ്‌ദാനം ചെയ്യുന്നത്.
രണ്ട് പതിപ്പുകൾക്കും ഇപ്പോൾ സ്റ്റാൻഡേർഡായി 7.2kW എസി ചാർജർ ലഭിക്കുന്നുണ്ട്. ഇത് MR മോഡലുകളെ വെറും 4.3 മണിക്കൂറിനുള്ളിൽ 10 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ അനുവദിക്കും. അതേസമയം നെക്സോൺ ഇവിയുടെ LR വേരിയന്റുകൾ 6 മണിക്കൂർ സമയമെടുത്താൻ പൂർണ ചാർജ് കൈവരിക്കുന്നത്. ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഇവിടെയും വ്യത്യാസങ്ങൾ കാണാനാവും.
ടാറ്റ നെക്സോൺ ഇലക്‌ട്രിക് എസ്‌യുവിയുടെ മീഡിയം റേഞ്ച് പതിപ്പുകൾ 129 bhp പവറിൽ പരമാവധി 215 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ ലോംഗ് റേഞ്ച് മോഡലുകൾ 145 bhp കരുത്തിൽ 215 Nm torque ആണ് വികസിപ്പക്കുന്നത്. നിലവിൽ എംജി ZS ഇവി, ഹ്യുണ്ടായി കോന, മഹീന്ദ്ര XUV400 പോലുള്ള വമ്പൻ വൈദ്യുത മോഡലുകളുമായാണ് സെഗ്മെന്റിൽ ടാറ്റ മോട്ടോർസിന്റെ മത്സരം.


Click it and Unblock the Notifications








