എംജിയുടെ വിമാനം പോലത്തെ കാർ പണി കൊടുത്തു, നെക്സോൺ ഇവിയിലേക്ക് ഈ മാറ്റങ്ങൾ കൊണ്ടുവന്ന് ടാറ്റ
ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയിൽ വിപ്ലവം തീർത്ത മോഡലാണ് ടാറ്റ നെക്സോൺ ഇവി. ആളുകളെ വൈദ്യുത കാറിലേക്ക് ചേക്കേറാൻ പ്രേരിപ്പിച്ച മുതൽ ഇന്നും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഒന്നാന്തരം സേഫ്റ്റിയും നല്ല റേഞ്ചും തരുന്ന എസ്‌യുവിയെ നെഞ്ചിലേറ്റി നടക്കുന്ന ആളുകളുമുണ്ടാവും. 2020-ൽ വിപണിയിൽ എത്തിയതു മുതൽ ടാറ്റ മോട്ടോർസ് ആളുകളുടെ ഡിമാൻഡിന് അനുസൃതമായി നെക്‌സോൺ ഇവിയെ സ്ഥിരമായി പരിഷ്ക്കരിക്കാറുണ്ട്. 2023 ഫെയ്‌സ്‌ലിഫ്റ്റിൽ കാര്യമായ മെച്ചപ്പെടുത്തലുകൾ അവതരിപ്പിച്ചപ്പോൾ എല്ലാവരും അന്തംവിട്ടിട്ടുണ്ടാവും. എന്നാൽ വീണ്ടും ചെറിയ മാറ്റങ്ങൾ ഇലക്ട്രിക് എസ്‌യുവിയിൽ നടപ്പിലാക്കിയിരിക്കുകയാണ് കമ്പനി.
എന്താണന്നല്ലേ, മറ്റൊന്നുമല്ല വേരിയന്റ് നിരയിൽ ചെറിയ നവീകരണം കൊണ്ടുവന്നതാണ് സംഗതി. കഴിഞ്ഞ വർഷം ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ടാറ്റ നെക്‌സോൺ ഇവിക്ക് 30.02 kWh ബാറ്ററി പായ്ക്കുള്ള മീഡിയം റേഞ്ച് (MR), 40.5 kWh ബാറ്ററി പായ്ക്കുള്ള കൂടുതൽ ചെലവേറിയ ലോംഗ് റേഞ്ച് (LR) മോഡലുകൾ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഈ രണ്ട് വേരിയന്റുകളും നിർത്തലാക്കിയതായാണ് വിവരം.

ടാറ്റ നെക്സോൺ ഇവി മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് വേരിയൻ്റുകൾ നിർത്തലാക്കിയെന്നാണ് റിപ്പോർട്ട്. മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള മത്സരം വർധിച്ചതിനാൽ നെക്സോൺ ഇലക്ട്രിക് എസ്‌യുവി ഇനി മുതൽ 45 kWh ബാറ്ററി പതിപ്പിൽ മാത്രമാവും ലഭിക്കുക. മാറുന്ന വിപണി മുൻഗണന കണക്കിലെടുത്താണ് ടാറ്റ മോട്ടോർസ് ഈ തീരുമാനത്തിലെത്തിയത്. MR, LR വേരിയൻ്റുകൾ നിർത്തലാക്കിയതായി ഡീലർഷിപ്പുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഇപ്പോഴും കാണിക്കുന്നുണ്ട്.
നെക്സോൺ ഇവിയുടെ മീഡിയം റേഞ്ച് മോഡലുകൾക്ക് ഇന്ത്യയിൽ 12.49 ലക്ഷം രൂപ മുതൽ 14.79 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം ഇലക്ട്രിക് എസ്‌യുവിയുടെ ലോംഗ് റേഞ്ച് പതിപ്പുകൾക്ക് 14.59 ലക്ഷം മുതൽ 16.29 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം ഇവിയുടെ 45 kWh ബാറ്ററി പതിപ്പിന് 13.99 ലക്ഷം മുതൽ 16.99 ലക്ഷം വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

വലിയ ബാറ്ററി പായ്ക്കുമായി വരുന്ന നെക്സോൺ ഇവി റെഡ്, ഡാർക്ക് എഡിഷനുകളിലും ലഭ്യമാണ്. ഇതിന് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 20,000 രൂപ അധികമായി ചിലവാകും. നെക്‌സോൺ ഇവിയുടെ റെഡ് ഡാർക്ക് എഡിഷൻ ടോപ്പ് എൻഡ് എംപവേർഡ് പ്ലസ് പേഴ്‌സണയിൽ മാത്രമാണ് വാങ്ങാനാവുന്നത്. 45 kWh ബാറ്ററി പായ്ക്കുള്ള വേരിയന്റ് ക്രിയേറ്റീവ്, ഫിയർലെസ്, എംപവേർഡ്, എംപവേർഡ് പ്ലസ് പേഴ്സണൽ ഓപ്ഷനുകളിൽ ലഭ്യമാണ്.
45 kWh ബാറ്ററി പായ്ക്കുമായി വരുന്ന നെക്സോൺ ഇവി സിംഗിൾ ചാർജിൽ 489 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നു. പനോരമിക് സൺറൂഫ്, V2L, V2Vn ചാർജിംഗ് ടെക്‌നോളജി തുടങ്ങിയ സവിശേഷതകളോടെയാണ് എസ്‌യുവി വരുന്നത്. V2L, V2V ചാർജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റ് വീട്ടുപകരണങ്ങളും ഇലക്ട്രിക് വാഹനങ്ങളും ചാർജ് ചെയ്യാൻ സാധിക്കുന്ന കാര്യമാണ്.

60 kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഏകദേശം 40 മിനിറ്റിനുള്ളിൽ നെക്സോൺ ഇവി 10-80 ശതമാനം മുതൽ ചാർജ് ചെയ്യാൻ കഴിയുമെന്നും ടാറ്റ പറയുന്നുണ്ട്. എസ്‌യുവിയുടെ 45 kWh മോഡൽ പെർമനെന്റ് മാഗ്നറ്റ് മോട്ടോറാണ് ഉപയോഗിക്കുന്നത്. എന്നാൽ പെർഫോമൻസിന്റെ കാര്യത്തിൽ കൂടുതൽ മിടുക്കനാണ് ഈ പുതിയ വകഭേദം. മൊത്തത്തിൽ 147.5 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ ഇതിനാവും.
എന്തായാലും പുതിയ പരിഷ്ക്കാരങ്ങളിലൂടെ അടുത്തിടെ പുറത്തിറക്കിയ എംജി വിൻഡ്‌സർ ഇവിയുമായുള്ള മത്സരം കൊഴുപ്പിക്കാൻ ടാറ്റ മോട്ടോർസിന് സാധിച്ചേക്കും. നെക്സോൺ ഇവിയെ മറികടന്ന് 2024 ഒക്‌ടോബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പാസഞ്ചര്‍ ഇലക്ട്രിക് വാഹനമായി വിന്‍ഡ്‌സര്‍ മാറുകയും ചെയ്‌തിരുന്നു. ഇതിൽ നിന്നും കരകയറാനാണ് ഇലക്ട്രിക് എസ്‌യുവിയിലേക്ക് ടാറ്റ പരിഷ്ക്കാരം നടപ്പിലാക്കിയത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








