ഓണത്തിന് ഷോറൂം കാലിയാവും, കാറുകൾക്ക് 2.05 ലക്ഷം രൂപയുടെ ഓഫർ പ്രഖ്യാപിച്ച് നമ്മുടെ സ്വന്തം ടാറ്റ
ഇന്ത്യയിലെ കാർ വിൽപ്പന ഒച്ചിന്റെ വേഗത്തിലാണ് ഇപ്പോൾ ഇഴയുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് കാർ വിൽപ്പന കുറഞ്ഞതോടെ വാഹന നിർമാതാക്കളെല്ലാം വിഷമത്തിലാണ്. ഉത്സവ സീസണിന് മുന്നോടിയായി വിൽപ്പന കൂട്ടുന്നതിനായുള്ള കഠിന പരിശ്രമത്തിലാണ് ബ്രാൻഡുകളെല്ലാം. അതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് കിടിലൻ ഡിസ്കൗണ്ട് ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്‌ത് കമ്പനികളെല്ലാം മുമ്പോട്ടു വരികയാണ്. ഓണത്തിന് ഷോറൂമുകൾ കാലിയാക്കാനുള്ള തന്ത്രം മെനഞ്ഞ് മുമ്പോട്ട് വന്നിരിക്കുകയാണ് നമ്മുടെ ടാറ്റ മോട്ടോർസും. ഒക്ടോബർ 31-നോ അതിനുമുമ്പോ കാർ വാങ്ങുന്നവർക്ക് 2.05 ലക്ഷം രൂപയുടെ ഓഫറാണ് ടാറ്റ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ മോഡലുകളിൽ പെട്രോൾ, ഡീസൽ അല്ലെങ്കിൽ സിഎൻജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ ടാറ്റ കാറുകളും എസ്‌യുവികളും ഓഫറിന് കീഴിൽ ഉൾപ്പെടുന്നുവെന്നതാണ് രസകരമായ സംഗതി. ഈ സ്കീമിന് കീഴിൽ ടാറ്റ അവരുടെ ഇലക്ട്രിക് വാഹനങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണം. എങ്കിലും ഉത്സവ സീസണിൽ ഓഫറുകൾ നോക്കിയിരിക്കുന്നവർക്ക് പുത്തൻ ടാറ്റ കാർ വാങ്ങാൻ പറ്റിയ സമയമാണ് വന്നെത്തിയിരിക്കുന്നത്. 'ഫെസ്റ്റിവൽ ഓഫ് കാർസ്' എന്നപേരിലാണ് ഉത്സവ കാല ഓഫർ അറിയപ്പെടുന്നത്.

ടാറ്റ മോട്ടോർസിൽ നിന്നുള്ള പ്രധാന മോഡലുകളായ നെക്‌സോൺ, ഹാരിയർ, സഫാരി തുടങ്ങിയ മുൻനിര എസ്‌യുവികൾക്കും ടിയാഗോ, ടിഗോർ, ആൾട്രോസ് തുടങ്ങിയ മറ്റ് മോഡലുകളിലേക്കും ടാറ്റ ആനുകൂല്യങ്ങൾ നൽകുന്നത് ജനകീയമായ തീരുമാനമാണ്. വിലക്കുറവ് മാത്രമല്ല, 45,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് ഉൾപ്പെടെയുള്ള അധിക ആനുകൂല്യങ്ങളും ടാറ്റ ഒരുക്കിയിട്ടുണ്ട്. ഓഫറുകളുടെ വിശദാംശങ്ങൾ താഴെ കൊടുക്കാം.
ഫെസ്റ്റിവൽ ഓഫ് കാർസ് സ്കീമിന് കീഴിൽ ടാറ്റ സഫാരി മൂന്ന് വരി എസ്‌യുവിക്ക് പരമാവധി 2.05 ലക്ഷം രൂപ വരെ ഓഫർ ലഭിക്കും. മറ്റ് ആനുകൂല്യങ്ങൾക്ക് പുറമെ എസ്‌യുവിയുടെ വിലയിൽ 1.80 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ടും ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം ജനപ്രിയനായ ഹാരിയർ എസ്‌യുവിക്ക് 1.60 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. നെക്‌സോണിന്റെ എൻട്രി ലെവൽ വേരിയന്റ് 8 ലക്ഷം രൂപയിൽ വാങ്ങാനും സാധിക്കും.

ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവ ഉൾപ്പെടുന്ന ചെറുകാർ നിരയിലെ ഓഫറുകളിലേക്ക് വന്നാൽ സബ് കോംപാക്‌ട് സെഡാനായ ടിഗോറിന് 30,000 രൂപ ആനുകൂല്യങ്ങളാണ് ടാഖ്ഖ മോട്ടോർസ് ഒരുക്കിയിരിക്കുന്നത്. അതേസമയം ടിയാഗോ ഹാച്ച്ബാക്ക് വാങ്ങാൻ എത്തുന്ന ഉപഭോക്താക്കൾക്ക് പരമാവധി 65,000 രൂപ ലാഭിക്കാൻ കഴിയുമെന്നും കമ്പനി പറയുന്നു. പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിൽ 45,000 രൂപയുടെ ആനുകൂല്യങ്ങളാണ് കാത്തിരിക്കുന്നത്.
ടാറ്റ മോട്ടോർസിന്റെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ പഞ്ച് എസ്‌യുവിയെ ഉത്സവകാല ഓഫറിന് കീഴിൽ പട്ടികപ്പെടുത്തിയിട്ടില്ല. ICE, സിഎൻജി, ഇലക്ട്രിക് എന്നിവയുൾപ്പെടെ മൂന്ന് പവർട്രെയിനുകളിലും പഞ്ച് ലഭ്യമാണ്. ഉത്സവകാല ഡിസ്‌കൗണ്ട് ഓഫറിൽ ടാറ്റയുടെ ഏറ്റവും പുതിയ മോഡൽ കർവ് കൂപ്പെ എസ്‌യുവിയുടെ ഉൾപ്പെടുത്തിയിട്ടില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഈ ഓഫറുകൾ 2024 ഒക്ടോബർ അവസാനം വരെ സാധുതയുള്ളതിനാൽ ഓണത്തിനും അല്ലെങ്കിൽ വരാനിരിക്കുന്ന ദീപാവലി പോലുള്ള ആഘോഷങ്ങൾക്കും പുതിയൊരു വാഹനം സ്വന്തമാക്കണമെന്നുള്ള ഉപഭോക്താക്കൾക്ക് ഈ ഡീലുകൾ പ്രയോജനപ്പെടുത്താനും സുരക്ഷയും ഡിസൈൻ മികവും സമന്വയിപ്പിക്കുന്ന ഒരു ടാറ്റ വാഹനം വീട്ടിലെത്തിക്കാനും സഹായകരമാവുമെന്നതിൽ സംശയമൊന്നും വേണ്ട.
2024 ഓഗസ്റ്റ് മാസക്കെ മൊത്തത്തിലുള്ള നിർമാതാക്കളുടെ വിൽപ്പനയിൽ ടാറ്റ മോട്ടോർസ് മൂന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. പോയമാസം 44,142 കാറുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. മുൻ വർഷം ഇതേ കാലയളവിൽ (2023 ഓഗസ്റ്റ്) 45,515 കാറുകളായിരുന്നു വിപണനം ചെയ്‌തിരുന്നത്. അതായത് വാർഷിക വിൽപ്പനയിൽ കമ്പനിക്ക് 3 ശതമാനം ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് സാരം. നിലവിലെ സാഹചര്യത്തിലുണ്ടായ ഇടിവാണിതെങ്കിലും ഉത്സവ സീസൺ ഓഫറുകളിലൂടെ നഷ്ടം തിരികെ പിടിക്കാനാവുമെന്നാണ് വിശ്വാസം.


Click it and Unblock the Notifications








