മാരുതി വിറയ്ക്കാൻ പോവുന്നതേയുള്ളൂ... ടാറ്റ ഇനി പുറത്തിറക്കാൻ പോവുന്നത് ഈ 'മൈലേജ് എസ്‌യുവി'
പെട്രോളിലും ഡീസലിലും സിഎൻജിയിലും ഇലക്‌ട്രിക്കിലുമെല്ലാം കാറുകൾ വിപണിയിൽ എത്തിക്കുന്ന ചുരുക്കം ചില ബ്രാൻഡുകളിൽ ഒന്നാണ് ടാറ്റ മോട്ടോർസ്. എല്ലാ ഇന്ധനതരങ്ങളിലും വലിയ വിജയം നേടിയെടുക്കാനായ ബ്രാൻഡ് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് മോഡലുകളിൽ കൂടുതൽ ശ്രദ്ധകൊടുക്കുകയാണ്. മാരുതി സുസുക്കി കൈപ്പിടിയിലാക്കി വെച്ചിരിക്കുന്ന സിഎൻജി വിഭാഗത്തിൽ ടാറ്റ നടത്തുന്ന മുന്നേറ്റം വലിയ ചർച്ചയായിട്ടുണ്ട്. ടിയാഗോ, ടിഗോർ, ആൾട്രോസ്, പഞ്ച് പോലുള്ളവയുടെ സിഎൻജി പതിപ്പുകളാണ് നിലവിൽ കമ്പനി നിരയിലുള്ളത്. ബൂട്ട് സ്പേസ്, ഇന്ധനം നിറയ്ക്കുന്നതിലെ താമസം പോലുള്ള പ്രായോഗികതയിൽ പിന്നിലാണെന്ന പരാതിയെല്ലാം തീർത്താണ് ടാറ്റ ഈ രംഗത്തിന് ഊർജം പകർന്നിരിക്കുന്നത്.
ഗംഭീര മൈലേജാണ് സിഎൻജി കാറുകളുടെ ഹൈലൈറ്റുകളെങ്കിലും മുകളിൽ പറഞ്ഞ ബൂട്ട് സ്പേസ്, ഇന്ധനം നിറയ്ക്കുന്നതിലെ താമസം പോലുള്ള പ്രായോഗികതക്കുറവ് പൊതുവേ സിഎൻജി വാഹനങ്ങൾക്കുണ്ടായിരുന്നു. എന്നാൽ ഈ കുറവുകളെല്ലാം നികത്തിക്കൊണ്ട് ടാറ്റ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് മോഡലുകളെ മോഡേണാക്കിയ രത്തൻ ടാറ്റയുടെ കമ്പനി
ഇപ്പോൾ ഏറ്റവും വിൽപ്പനയുള്ള നെക്സോൺ കോംപാക്‌ട് എസ്‌യുവിയുടെ സിഎൻജി പതിപ്പിനെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

2024 ഭാരത് മൊബിലിറ്റി ഷോയിൽ അവതരിപ്പിച്ച ടാറ്റ നെക്‌സോൺ ഐ-സിഎൻജി അധികം വൈകാതെ നിരത്തിലേക്കെത്തും. പൊതുപരിപാടിയിൽ അരങ്ങേറ്റം കുറിച്ചതു മുതൽ പലരും ഈ മോഡൽ പുറത്തിറങ്ങാനായി കാത്തിരിക്കുകയാണ്. ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമായി ജോടിയാക്കിയ ആദ്യത്തെ സിഎൻജി എസ്‌യുവിയായിരിക്കും നെക്സോൺ എന്നതും ശ്രദ്ധേയമാവുന്ന കാര്യമാണ്.
എക്സ്റ്റീരിയർ ഡിസൈനിലും ഇന്റീരിയറിലും കാര്യമായ യാതൊരു മാറ്റവും നെക്സോൺ സിഎൻജിക്കുണ്ടാവില്ല. ടാറ്റയുടെ നൂതനമായ ട്വിൻ സിഎൻജി സിലിണ്ടർ സാങ്കേതികവിദ്യയുമായി ചേർന്ന് 1.2 ലിറ്റർ, 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകാനായി എത്തുക. സിഎൻജി മോഡിൻ്റെ പെർഫോമൻസ് കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പെട്രോളിൽ പ്രവർത്തിക്കുമ്പോഴുള്ള അതേ കണക്കുകൾ കിട്ടിയേക്കുമെന്നാണ് വിവരം.

ടർബോചാർജറിൻ്റെയും സിഎൻജി സാങ്കേതികവിദ്യയുടെയും സംയോജനം നിലവിൽ ഇന്ത്യയിലെ ഒരു കാറിലുമില്ല. പകരം നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുകളാണ് സിഎൻജി ഓപ്ഷനുകളിലേക്ക് യോജിപ്പിച്ചിരിക്കുന്നത്. ഈ സങ്കൽപം ടാറ്റ പൊളിച്ചെഴുതുന്നതോടെ പുതിയൊരു യുഗത്തിന് കൂടി തുടക്കം കുറിക്കാനാവും. ഇതോടൊപ്പം ട്വിൻ സിലിണ്ടർ ടെക്നോളജി കൂടി വരുന്നതോടെ സംഭവം കളറാവും.
രണ്ട് സിഎൻജി സിലിണ്ടർ ടാങ്കുകൾ നെക്സോണിന്റെ ബൂട്ട് ഫ്ലോറിനടിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതുവഴി ബൂട്ട് സ്പേസ് ലാഭിക്കാനുമായി. അപ്പോൾ സ്പെയർ വീൽ ഉണ്ടാകില്ലേയെന്ന് ആലോചിക്കുന്നവർക്കുള്ള ഉത്തരവും ടാറ്റ നൽകിയിട്ടുണ്ട്. അതായത് പ്രായോഗികതയ്ക്കായി സ്പെയർ വീൽ കാറിൻ്റെ അടിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. ട്വിൻ സിലിണ്ടറായതിനാ തന്നെ സിഎൻജി സിലിണ്ടറുകൾക്ക് ഏകദേശം 60 ലിറ്റർ വാതകം ഉൾക്കൊള്ളാൻ കഴിയും.

230 ലിറ്റർ ബൂട്ട് സ്പേസാണ് ടാറ്റ നെക്സോൺ സിഎൻജിയൽ ഉണ്ടായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മൊത്തത്തിലുള്ള സ്റ്റൈലിംഗ് പരമ്പരാഗത പെട്രോൾ, ഡീസൽ എസ്‌യുവിക്ക് സമാനമാണ്. സിഎൻജിയിൽ പെട്രോൾ മോഡിലേക്ക് വേഗത്തിൽ മാറുന്നതിന് ഒരൊറ്റ ഇസിയുവോടുകൂടിയാണ് വാഹനം വരുന്നത്. നേരിട്ട് സിഎൻജി മോഡിൽ സ്റ്റാർട്ടക്കാനായി ഒരു ഓട്ടോ സ്വിച്ചും ടാറ്റ നെക്സോൺ സിഎൻജിയിൽ ഒരുക്കിയിട്ടുണ്ട്.
യാത്രക്കാരുടെ സേഫ്റ്റി ഒരുക്കുന്നതിനായി മൈക്രോ സ്വിച്ച്, ലീക്കേജ് പ്രൂഫ് മെറ്റീരിയലുകൾ, തെർമൽ ഇൻസ്‌റ്റൻ്റ് പ്രൊട്ടക്ഷൻ, സിംഗിൾ അഡ്വാൻസ്‌ഡ് ഇസിയു, മോഡുലാർ ഫ്യൂവൽ ഫിൽട്ടർ, ലീക്ക് ഡിറ്റക്ഷൻ ഫെയ്‌ലിയർ തുടങ്ങിയ നിരവധി സേഫ്റ്റി ഫീച്ചറുകളും നെക്‌സോൺ സിഎൻജിയിൽ വാഗ്‌ദാനം ചെയ്യും. വിപണിയിൽ എത്തുമ്പോൾ മാരുതി സുസുക്കി ബ്രെസ സിഎൻജിയുമായാവും നെക്സോണിന്റെ ഹരിത മോഡലും മത്സരിക്കുക.


Click it and Unblock the Notifications








