എങ്ങനെയെന്നല്ല, സേഫ്റ്റിയിൽ നെക്സോൺ സൂപ്പർസ്റ്റാർ ആവുന്നത് 'ഇങ്ങനെയാണ്'
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടാറ്റ മോട്ടോർസ് ഇന്ത്യക്കാരെ വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പണ്ട് ഇൻഡിക്ക നിർമിച്ചവരാണെന്ന് പോലും തോന്നിപ്പിക്കാത്ത വിധത്തിലുള്ള വളർച്ചയാണ് കമ്പനി ഇപ്പോൾ കൈവരിക്കുന്നത്. ഒരുകാലത്ത് ആരും കയറാതിരുന്ന ഷോറൂമുകളിൽ ഇന്ന് കാറുകൾ വാങ്ങാൻ വമ്പൻ ക്യൂവാണുള്ളത്. ടിയാഗോ മുതൽ സഫാരി വരെ നീളുന്ന വാഹനനിര ശരിക്കും ഏതൊരു എതിരാളിയെ പോലും കൊതിപ്പിക്കുന്നതാണ്.
ആധുനിക ടാറ്റ കാറുകളുടെ ആകർഷണം വർധിപ്പിക്കുന്ന ഒരു പ്രധാന ഘടകം സുരക്ഷയാണ്. ഗ്ലോബൽ NCAP അല്ലെങ്കിൽ ഭാരത് NCAP ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയ അല്ലെങ്കിൽ നേടാൻ കെൽപ്പുള്ള ഉൽപ്പന്നങ്ങളാണ് ടാറ്റ ഇപ്പോൾ സ്ഥിരമായി പുറത്തിറക്കുന്നത്. ബ്രാൻഡിന്റെ 5-സ്റ്റാർ റേറ്റിംഗ് നേടിയ സുരക്ഷിത കാറുകളുടെ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ്.

ഇടിക്കൂട്ടിൽ അഞ്ചിൽ അഞ്ച് മാർക്കും നേടി ഞെട്ടിച്ച മോഡലാണ് ഇപ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്ന്. ടാറ്റ മോട്ടോർസ് കഴിഞ്ഞ വർഷമാണ് നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുന്നത്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടുന്നതിന് കോംപാക്ട് എസ്‌യുവിയിൽ വിപുലമായ സേഫ്റ്റി ഫീച്ചറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
GNCAP ഇടിക്കൂട്ടിൽ എന്തുകൊണ്ടാണ് നെക്സോൺ ഉയർന്ന റേറ്റിംഗ് നേടുന്നതെന്ന് പലരും ചിന്തിട്ടുണ്ടാവും അല്ലേ. സേഫ്റ്റിയിൽ നെക്സോൺ 5 സ്റ്റാർ ആവാൻ സഹായിക്കുന്ന ആ ഘടകങ്ങൾ എന്തെല്ലാമെന്ന് പറഞ്ഞുതരട്ടേ. ഒന്നാമത്തെ കാര്യം സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറായി 6 എയർബാഗുകളുമായാണ് ടാറ്റ നെക്‌സോൺ വരുന്നത്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾക്ക് പുറമെ വാഹനത്തിൽ കർട്ടൻ, സൈഡ് എയർബാഗുകൾ കൂടി കോർത്തിണക്കാൻ കമ്പനിക്കായത് വലിയൊരു നേട്ടമാണ്.

കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ISOFIX ആങ്കറേജുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, സെൻട്രൽ ലോക്കിംഗ് എന്നിവ പോലെയുള്ള ഫീച്ചറുകളും എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും രത്തൻ ടാറ്റയുടെ സ്വന്തം ബ്രാൻഡ് സ്റ്റാൻഡേർഡായി തന്നെ ഒരുക്കിയിട്ടുണ്ട്. സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകൾ കൂടാതെ നെക്‌സോൺ എസ്‌യുവിയുടെ ഉയർന്നതും മികച്ചതുമായ വേരിയൻ്റുകൾക്ക് അധിക സേഫ്റ്റി ഘടകങ്ങളും ലഭിക്കുന്നുണ്ട്.
ഇതെല്ലാം കോംപാക്‌ട് എസ്‌യുവിയുടെ സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നു. ക്രിയേറ്റീവ് വേരിയന്റ് മുതൽ ലഭ്യമാകുന്ന, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ബ്ലൈൻഡ് സ്പോട്ട് വ്യൂ മോണിറ്റർ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, റിയർ വ്യൂ ക്യാമറ എന്നിവയാണ് നെക്‌സോൺ എസ്‌യുവിയിലെ ഈ അധിക സുരക്ഷാ സവിശേഷതകൾ. ഇതുകൂടാതെ, പുതിയ നെക്‌സോണിന് 360-ഡിഗ്രി ക്യാമറയുടെ രൂപത്തിൽ വാഹനത്തിൻ്റെ സറൗണ്ട് വ്യൂ വാഗ്ദാനം ചെയ്യുന്ന പുതിയ സവിശേഷതയും കിട്ടിയിട്ടുണ്ട്.

ഈ ഫീച്ചർ ഇടുങ്ങിയ സ്ഥലത്ത് കാർ പാർക്ക് ചെയ്യുമ്പോൾ വളരെ ഉപയോഗപ്രദമാകുന്ന കാര്യമാണ്. ഇവകൂടാതെ എമര്‍ജന്‍സി അസിസ്റ്റന്‍സ് (ഇ-കാള്‍), ബ്രേക്ക്ഡൗണ്‍ അസിസ്റ്റന്‍സ് (ബി-കാള്‍), ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎമ്മുകള്‍, കോര്‍ണറിംഗ് ഫംഗ്ഷനോട് കൂടിയ ഫ്രണ്ട് ഫോഗ് ലാമ്പ് പോലുള്ള മറ്റ് സുരക്ഷ സവിശേഷതകളും എസ്‌യുവിയിൽ കിട്ടും. നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബോഡിഷെല്‍ ഇന്റഗ്രിറ്റിയും ഫുട്‌വെല്‍ ഏരിയയും സ്ഥിരതയുള്ളതായി ഗ്ലോബല്‍ ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാമില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തില്‍ 34 പോയിന്റില്‍ 32.22 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിന് 49 പോയിന്റില്‍ 44.52 പോയിന്റും സ്‌കോര്‍ ചെയ്താണ് ഏറ്റവും സുരക്ഷിതമായ എസ്‌യുവികളിൽ ഒന്നായി നെക്സോൺ മാറിയത്. കൂടാതെ നെക്‌സോണില്‍ സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷന്‍ ഡോറുകളും സജ്ജീകരിച്ചിരിക്കുന്നുവെന്നതും അപകട സമയത്ത് യാത്രക്കാരെ സംരക്ഷിക്കുന്ന കാര്യമാണ്.

അടുത്തിടെ നടന്ന ഇടിപ്പരീക്ഷയിൽ ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും നെക്‌സോണ്‍ മികച്ച സംരക്ഷണം നല്‍കുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. GNCAP ക്രാഷ് ടെസ്റ്റിൽ നിന്നും 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാറായിരുന്നു ടാറ്റ നെക്‌സോണ്‍. അന്നത്തെ പരീക്ഷയിൽ A ഗ്രേഡ് വാങ്ങി പാസായ വാഹനം ഇന്ന് കൂടുതൽ കർശനമാക്കിയ ഇടിക്കൂട്ടിൽ പോലും മികവ് വർധിപ്പിക്കാനായത് വലിയ നേട്ടം തന്നെയാണ്.


Click it and Unblock the Notifications








