ബ്രെസയുടെ പിന്നാലെ നെക്സോൺ, ടാറ്റ എസ്‌യുവി ഇതുവരെ വാങ്ങിയത് എത്രപേരെന്ന് കണ്ടോ
ആരും കയറാതിരുന്ന ടാറ്റ ഷോറൂമുകളിൽ ആളുകളെ കയറ്റിയ മുതലാണ് നെക്സോൺ എന്ന കോംപാക്‌ട് എസ്‌യുവി. മാരുതി ബ്രെസ അരങ്ങുവാണിരുന്ന വിഭാഗത്തിലേക്ക് ആദ്യം എത്തിയത് 2017-ൽ ആയിരുന്നുവെങ്കിലും 2020-ൽ ലഭിച്ച ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ വരവാണ് മോഡലിന് മൈലേജായത്. ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവറിൽ നിന്നും ഉരുത്തിരിഞ്ഞ കരുത്തൻ പ്ലാറ്റ്ഫോമിലാണ് നെക്സോണിനെ പണിതിറക്കിയിരിക്കുന്നത്.
ഇക്കാര്യം തുടക്കം മുതലേ പരസ്യമായി ഉപയോഗിച്ച ടാറ്റയുടെ എല്ലാ തന്ത്രങ്ങളും വിജയം കണ്ടു. പിന്നീട് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി നെക്സോൺ മാറിയതും തുടർന്ന് മുന്നോട്ടുപോവുന്നതും ചരിത്രമാണ്. ഇപ്പോഴിതാ സബ്-4 മീറ്റർ വാഹനത്തിന്റെ കാര്യത്തിൽ സുപ്രധാനമായൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. നെക്‌സോണിന്റെ 6 ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കിയ വിവരം ആഘോഷമാക്കുകയാണ് കമ്പനി.

കോംപാക്‌ട് എസ്‌യുവിയുടെ 6,00,000-ാമത്തെ യൂണിറ്റ് പുനെയിലെ രഞ്ജൻഗാവ് സൗകര്യത്തിൽ നിന്ന് പുറത്തിറക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് കമ്പനി. വിപണിയിൽ അരങ്ങേറിയിട്ട് ഏഴ് വർഷത്തിനുള്ളിലാണ് ഈ നേട്ടം ടാറ്റ കൈവരിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ, ഇലക്‌ട്രിക് എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത മോഡലുകളിൽ ലഭ്യമാവുന്ന ഏക എസ്‌യുവി കൂടിയാണ് നെക്സോൺ എന്നതും ശ്രദ്ധേയമാണ്.
2020-ൻ്റെ തുടക്കത്തിൽ കമ്പനി പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യകളും ഉൾപ്പെടെ ഒരു വലിയ സൗന്ദര്യവർദ്ധക പുനരവലോകനം നൽകിയതോടെയാണ് നെക്സോണിന്റെ തലവര മാറിയത്. 2022 ഫെബ്രുവരിയിലാണ് എസ്‌യുവി 3 ലക്ഷം യൂണിറ്റിന്റെ പ്രൊഡക്ഷൻ നാഴികക്കല്ല് എത്തിയത് എന്നകാര്യം എടുത്തു പറയേണ്ടതാണ്. പിന്നീടുള്ള രണ്ട് വർഷത്തിൽ താഴെ മാത്രം സമയം എടുത്തുകൊണ്ടാണ് വിൽപ്പന ഇരട്ടിയാക്കാൻ ടാറ്റയ്ക്ക് സാധിച്ചത്.

കൊവിഡ്-19 ആരോഗ്യ പ്രതിസന്ധിയും തത്ഫലമായുണ്ടാകുന്ന വിപണി മാന്ദ്യവും കണക്കിലെടുക്കുമ്പോൾ ഈ കണക്കുകൾ കൂടുതൽ ശ്രദ്ധേയമാവുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് നെക്‌സോണിനായുള്ള രണ്ടാമത്തെ ഫെയ്‌സ്‌ലിഫ്റ്റ് കൂടുതൽ ആധുനിക ഡിസൈൻ ഭാഷയും പുതിയ സെറ്റ് ഫീച്ചറുകളുമായി ടാറ്റ മോട്ടോർസ് അവതരിപ്പിക്കുകയുണ്ടായി. അങ്ങനെ കൃത്യമായ ഇടവേളകളിൽ വാഹനത്തെ പരിഷ്ക്കരിക്കാൻ കമ്പനി കാണിക്കുന്ന മിടുക്ക് വിൽപ്പനയിൽ പ്രതിഫലിക്കുന്നുമുണ്ട്.
ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തിൽ മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV300, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ പോലുള്ള വമ്പൻമാരുമായാണ് ടാറ്റ നെക്സോണിന്റെ മത്സരം. നിലവിൽ 8.10 ലക്ഷം മുതൽ 15.50 ലക്ഷം രൂപ വരെയാണ് മോഡലിന്റെ എക്സ്ഷോറൂം വില വരുന്നത്. ടാറ്റ 'പേഴ്സണസ്' എന്ന് വിളിക്കുന്ന സ്മാർട്ട്, പ്യുവർ, ക്രീയേറ്റീവ്, ഫിയർലെസ് എന്നിങ്ങനെ നാല് വേരിയൻ്റുകളിലായാണ് ഇത് വിൽക്കുന്നത്.

1.2 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ടാറ്റ നെക്സോൺ എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുന്നത്. ഇതിൽ ആദ്യത്തെ യൂണിറ്റ് 120 bhp പവറിൽ പരമാവധി 170 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഡീസലിലേക്ക് നോക്കിയാൽ 116 bhp കരുത്തിൽ 260 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള തരത്തിലാണ് ടാറ്റ ട്യൂൺ ചെയ്‌തിരിക്കുന്നത്.
വേരിയൻ്റിനെ ആശ്രയിച്ച് എഞ്ചിന് 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി, പുതിയ 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT) ഗിയർബോക്‌സ് ഓപ്ഷനുകളും എസ്‌യുവിക്ക് ലഭിക്കും. ഫീച്ചറുകളുടെ കാര്യത്തിലും സമ്പന്നനാണ് ടാറ്റ നെക്സോൺ എന്നതിലുപരി 200 കിലോമീറ്ററിലധികം ഗ്രൗണ്ട് ക്ലിയറൻസും 350 ലിറ്ററിന്റെ പ്രായോഗികമായ ബൂട്ട്‌സ്‌പേസും ഈ കോംപാക്ട് എസ്‌യുവിയുടെ പ്രത്യേകതയാണ്.

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ആറ് എയർബാഗുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ്, ലേയേർഡ് ഡാഷ്‌ബോർഡ്, എസിക്കുള്ള ടച്ച് കൺട്രോളുകൾ, ഇലുമിനേറ്റഡ് ടാറ്റ ലോഗോ ഉള്ള ടൂ-സ്പോക്ക് സ്റ്റിയറിംഗ് വീൽ മുതലായവയാണ് വാഹനത്തിലെ പ്രധാന ഫീച്ചറുകൾ.
സേഫ്റ്റിയുടെ കാര്യത്തിൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്നും 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുള്ള എസ്‌യുവിയാണിത്. നിലവിൽ ഇലക്ട്രിക് വാഹന വിപണി ഭരിക്കുന്നതും നെക്സോൺ തന്നെയാണെന്നതാണ് മറ്റൊരു രസകരമായ കാര്യം. 14.74 ലക്ഷം രൂപ മുതൽ 19.94 ലക്ഷം രൂപ വരെയാണ് വൈദ്യുത മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് പതിപ്പുകളിലായി എത്തുന്ന ഇവിക്ക് യഥാക്രമം 325 കി.മീ, 465 കി.മീ എന്നിങ്ങനെ റേഞ്ച് നൽകാനാവും.


Click it and Unblock the Notifications