ഒറ്റ ചാർജിൽ 400 കി.മീ. ഓടും, പഞ്ച് ഇവിയുടെ ആരുമറിയാത്ത രഹസ്യ വിവരങ്ങൾ ചോർത്തി പാപ്പരാസികൾ
ഇലക്ട്രിക് വാഹന വിപണിക്ക് ഗംഭീര സ്വീകാര്യത ലഭിക്കുമ്പോൾ ഏറ്റവും നേട്ടം കൊയ്യുന്നത് ടാറ്റ മോട്ടോർസ് ആണെന്ന് വേണം പറയാൻ. നെക്സോൺ ഇവിയിലൂടെ തുടങ്ങിയ ജൈത്ര യാത്ര ഇന്നെത്തി നിൽക്കുന്നത് ടിയാഗോ ഇവി വരെയാണ്. അടുത്തതായി കമ്പനിയുടെ നാലാമത്തെ വൈദ്യുത വാഹനവും വിപണിയിലേക്ക് എത്തുകയാണ്. 2024 ജനുവരി 17-ന് എത്തുന്ന പഞ്ച് ഇലക്ട്രിക്കിലേക്കാണ് ഇപ്പോൾ ഏവരുടേയും നോട്ടം.
ടാറ്റ മോട്ടോർസിന്റെ രണ്ടാമത്തെ ഇലക്ട്രിക് എസ്‌യുവിയായി പഞ്ച് ഇവി എത്തുമ്പോൾ പ്രതീക്ഷകളും വാനോളമാണ്. ഡിസൈനും ഇന്റീരിയറുമെല്ലാം വെളിപ്പെടുത്തിയെങ്കിലും ബാറ്ററിയും റേഞ്ചും സംബന്ധിച്ച വിവരങ്ങളെല്ലാം കമ്പനി രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. പക്ഷേ അവതരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇക്കാര്യവും ഇന്റർനെറ്റിലൂടെ ചോർന്നിരിക്കുകയാണ്.

ടാറ്റ പഞ്ച് ഇവിക്കായുള്ള നീണ്ട കാത്തിരിപ്പ് 2024 ജനുവരി 17-ന് ഔദ്യോഗിക വില പ്രഖ്യാപനത്തോടെ അവസാനിക്കും. ചോർന്ന വിവരം അനുസരിച്ച് സ്റ്റാൻഡേർഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് മോഡലുകളിലായി ലഭ്യമാവും. സ്റ്റാൻഡേർഡ് പതിപ്പിന് 25kWh ബാറ്ററി കിട്ടുമ്പോൾ ലോംഗ് റേഞ്ചിന് 35kWh ബാറ്ററി പായ്ക്കാവും കമ്പനി ഒരുക്കിയിരിക്കുന്നത്. ഇലക്ട്രിക് എസ്‌യുവിയിലെ ചെറിയ 25kWh ബാറ്ററി ഓപ്ഷന് 82 bhp പവറിൽ പരമാവധി 114 Nm torque വരെ സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്.
അതേസമയം വലിയ 35kWh ബാറ്ററി പായ്ക്ക് 122 bhp കരുത്തിൽ 190 Nm torque വരെ നിർമിക്കാൻ പ്രാപ്‌തമുള്ളതാണ്. ഇലക്ട്രിക് എസ്‌യുവിയുടെ സ്റ്റാൻഡേർഡ് റേഞ്ച് വേരിയന്റിന് ഏകദേശം 315 കിലോമീറ്ററും ലോംഗ് റേഞ്ച് വേരിയന്റിന് 400 കിലോമീറ്ററുമാണ് ടാറ്റ പഞ്ച് ഇവിക്ക് പ്രതീക്ഷിക്കുന്ന റേഞ്ച്. ഈ കണക്കുകൾ ടാറ്റ മോട്ടോർസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പുതിയ ടാറ്റ ഇവി ബ്രാൻഡിന്റെ അഡ്വാൻസ്ഡ് കണക്റ്റഡ് ടെക് ഇന്റലിജന്റ് ഇലക്ട്രിക് വെഹിക്കിൾ ( Acti.EV) പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിരിക്കുന്നത്.

വിവിധ ബോഡി വലിപ്പങ്ങൾ, പവർട്രെയിനുകൾ, ഡ്രൈവ്ട്രെയിനുകൾ എന്നിവ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് ഈ പ്ലാറ്റ്ഫോം പണികഴിപ്പിക്കുന്നത്. ഇത് 11kW എസി, 150kWh ഫാസ്റ്റ് ഡിസി ചാർജിംഗിനെയും പിന്തുണയ്ക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യയിൽ വർധിച്ചുവരുന്ന എസ്‌യുവി ട്രെൻഡ് കണക്കിലെടുക്കുമ്പോൾ ടിയാഗോ ഇവിയെ മറികടന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവിയായി പഞ്ച് മാറിയേക്കാം.
ആരേയും മോഹിപ്പിക്കുന്ന വിലയും കൂടിയുണ്ടെങ്കിൽ ടാറ്റ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി പഞ്ച് ഇവിയുടെ എക്സ്റ്റീരിയർ ഡിസൈൻ ഘടകങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. നെക്സോൺ ഇവിയുടെ ചെറിയ പതിപ്പായി തോന്നുന്ന വിധത്തിലാണ് വൈദ്യുത എസ്‌യുവിയുടെ മുൻവശം ഒരുക്കിയിരിക്കുന്നത്. കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകൾ, ക്ലോസ്-ഓഫ് ഗ്രിൽ എന്നിവയാണ് ഫ്രണ്ടിലെ ഹൈലൈറ്റുകൾ.

കൂടാതെ മെലിഞ്ഞ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ എയ്‌റോഡെനാമിക് അലോയ് വീലുകൾ, ഡ്യുവൽ-ടോൺ ബമ്പർ എന്നിവയും പഞ്ച് ഇവിക്ക് മിഴിവേകുന്നുണ്ട്. അകത്തളവും സമ്പൂർണമായി പൊളിച്ചെഴുതിയിട്ടുണ്ട്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾപ്പെടെ നിരവധി ടീസറുകൾ പഞ്ച് ഇവിയുടെ പ്രധാന സവിശേഷതകൾ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ സെന്റർ കൺസോളിൽ ടച്ച് സെൻസിറ്റീവ് എസി കൺട്രോൾ പാനൽ ഉണ്ട്.
നെക്‌സോൺ ഇവിക്ക് സമാനമായി ഇലക്‌ട്രിക് മൈക്രോ എസ്‌യുവിക്ക് പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലും ടാറ്റ ലോഗോയും പാഡിൽ ഷിഫ്റ്ററുകളും ഉണ്ടായിരിക്കും. 360-ഡിഗ്രി ക്യാമറ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ ഡ്യുവൽ-ടോൺ അപ്ഹോൾസ്റ്ററി, AQI ഡിസ്‌പ്ലേയുള്ള എയർ പ്യൂരിഫയർ, സൺറൂഫ്, ഓട്ടോ-ഫോൾഡ് ORVM-കൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ക്രൂയിസ് കൺട്രോൾ, ആറ് എയർബാഗുകൾ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെ ഫീച്ചർ ലിസ്റ്റ് വിപുലമാണ്.

വരാനിരിക്കുന്ന ടാറ്റ പഞ്ച് എൻട്രി ലെവൽ വേരിയന്റിന് 12 ലക്ഷം രൂപ മുതൽ ടോപ്പ് എൻഡ് വേരിയന്റിന് 14 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്കായി ബുക്കിംഗുകൾ ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്. ഈ വില പരിധിക്കുള്ളിൽ ലോഞ്ച് ചെയ്യുകയാണെങ്കിൽ സിട്രൺ eC3, എംജി കോമെറ്റ് തുടങ്ങിയ മോഡലുകളുമായാവും ടാറ്റയുടെ മൈക്രോ ഇലക്ട്രിക് എസ്‌യുവി മത്സരിക്കുക.


Click it and Unblock the Notifications