മുഖംമിനുക്കണം, വില കുറയ്ക്കണം! എക്സ്റ്ററിനെ പറപ്പിക്കാൻ മുഖംമിനുക്കി ടാറ്റയുടെ ഈ കുഞ്ഞൻ എസ്‌യുവി
ഇന്ത്യയിലെ എസ്‌യുവി വിപണിയിൽ സൂപ്പർഹിറ്റായ മോഡലാണ് ടാറ്റ പഞ്ച്. ചെറുകാർ വിഭാഗത്തിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞ പഞ്ച് പലരുടേയും എസ്‌യുവി വാങ്ങുകയെന്ന സ്വപ്‌നമാണ് പൂവണിയിച്ചത്. ബ്രാൻഡിനായി ഏറ്റവും കൂടുതൽ വിൽപ്പന പിടിച്ചുകൊടുക്കുന്നതും ഈ മോഡലാണ്. വന്നിട്ട് മൂന്ന് വർഷത്തോളമായെങ്കിലും ആർക്കും കണ്ട് ബോറടിച്ചിട്ടില്ലാത്ത രൂപമാണ് പഞ്ചിന്റെ പ്രത്യേകത.
എന്നാൽ ടാറ്റ മോട്ടോർസ് അധികം വൈകാതെ തന്നെ പഞ്ചിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അവതരിപ്പിക്കാനുള്ള പുറപ്പാടിലാണ്. ഇതിന്റെ ഭാഗമായുള്ള ആദ്യ പരീക്ഷയോട്ടവും ആരംഭിച്ചിരിക്കുകയാണ് കമ്പനി. കാഴ്ച്ചയിൽ എന്ത് മാറ്റമാവും ടാറ്റ കൊണ്ടുവരാൻ പോവുന്നതെന്നാണ് ആളുകൾ കാത്തിരിക്കുന്നത്. അടുത്തിടെ ഇലക്ട്രിക്കായി വേഷമണിഞ്ഞ പഞ്ച് ഇവിയെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ആയതിനാൽ മുൻവശം ഇതിന് സമാനമായിരിക്കുമോയെന്നാണ് ഫാൻസിന് അറിയേണ്ടത്.

ഈ വർഷം ആദ്യം സമാരംഭിച്ച പഞ്ച് ഇവിയിൽ നിന്ന് പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് സ്വാധീനം ചെലുത്തുന്നുവെന്നാണ് ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ സൂചന നൽകിയിരിക്കുന്നത്. നെക്‌സോൺ, ഹാരിയർ, സഫാരി, പഞ്ച് ഇവി, വരാനിരിക്കുന്ന കർവ് എന്നിവയുൾപ്പെടെയുള്ള ടാറ്റ മോട്ടോർസിന്റെ നവീകരിച്ച എസ്‌യുവികളുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ്യമായിരിക്കും മൈക്രോ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും സ്വീകരിക്കുക.
പുതിയ സ്‌റ്റൈലിംഗ് അപ്‌ഡേറ്റുകൾക്കൊപ്പം പഞ്ച് ശരിക്കും ഞെട്ടിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇതിൽ കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകൾ, ലംബമായി അടുക്കിയ ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ബമ്പർ എന്നിവയുൾപ്പെടെ കമ്പനിയുടെ ഏറ്റവും പുതിയ ഡിസൈൻ ഫിലോസഫിക്ക് അനുസൃതമായി മുൻവശത്തെ ഭൂരിഭാഗം മാറ്റങ്ങളും കാണാനാവും. വശക്കാഴ്ച്ചയിലേക്ക് നോക്കിയാൽ അലോയ് വീലുകൾക്ക് പുത്തൻ ഡിസൈൻ സമ്മാനിക്കും. ഇതൊഴിച്ചാൽ നിലവിലെ മോഡലിന് സമാനമായിരിക്കും കാര്യങ്ങൾ.

പിൻഭാഗത്ത് ടെയിൽ സെക്ഷനിൽ പുതിയ ബമ്പറിനൊപ്പം ചില ചെറിയ ഡിസൈൻ ട്വീക്കുകളും ലഭിക്കും. അകത്തളത്തിലും വലിയ മാറ്റങ്ങൾക്കാവും മൈക്രോ എസ്‌യുവി സാക്ഷ്യംവഹിക്കുക. പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലായിരിക്കും അവതരിപ്പിക്കുക. അതോടൊപ്പം ഡാഷ്‌ബോർഡ് ലേഔട്ടിൽ ചെറിയ മാറ്റങ്ങളും ഉണ്ടാവും. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, വയർലെസ് ചാർജിംഗ് തുടങ്ങിയ മോഡേൺ ഫീച്ചറുകളും പഞ്ചിന്റെ ഭാഗമാവും.
സേഫ്റ്റിയുടെ കാര്യത്തിൽ ഇപ്പോഴത്തെ 5-സ്റ്റാർ റേറ്റിംഗ് അതേപടി നിലനിർത്തായാവും എസ്‌യുവിയെ പണികഴിപ്പിക്കുക. എങ്കിലും കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിലെ സുരക്ഷാ സവിശേഷതകളിൽ ചില അധിക സംഗതികളും കമ്പനി കൊണ്ടുവരും. നാല് ഡിസ്‌ക് ബ്രേക്കുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ESP) സ്റ്റാൻഡേർഡായി 6 എയർബാഗുകളും മറ്റും സ്റ്റാൻഡേർഡായി തന്നെയായിരിക്കും ടാറ്റ മോട്ടോർസ് വാഹനത്തിൽ ഒരുക്കുക.

അകത്തും പുറത്തും നിരവധി പരിഷ്ക്കാരങ്ങൾ കാണാനാവുമെങ്കിലും മെക്കാനിക്കലായി ടാറ്റ പഞ്ച് മുൻഗാമിക്ക് സമാനമായി തന്നെയായിരിക്കും തുടരുക. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ വാഹനത്തിൽ സ്റ്റാൻഡേർഡായി തന്നെ തുടരും. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ യൂണിറ്റിന് 85 bhp പവറിൽ പരമാവധി 113 Nm torque വരെ സൃഷ്‌ടിക്കാനാവും. അതോടൊപ്പം തന്നെ മൈലേജ് പ്രിയർക്കാർ സിഎൻജി ഓപ്ഷനും വണ്ടിയിൽ ഉണ്ടാവും.
സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ പവർ കണക്കുകളിൽ വ്യത്യാസമുണ്ടാവുമെന്ന് മാത്രം. അതായത് 73.4 bhp കരുത്തിൽ 103 Nm torque ആവും പഞ്ചിന് ഉത്പാദിപ്പിക്കാനാവുകയെന്ന് സാരം. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് പതിപ്പ് നിലവിൽ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സിൽ മാത്രമേ ലഭ്യമാകൂ. എന്നാൽ ടിയാഗോയ്ക്ക് ഒപ്പം അവതരിപ്പിച്ച ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പഞ്ച് സിഎൻജിയിലേക്കും വരുമോയെന്നത് കണ്ടറിയണം.

2021-ൽ അവതരിപ്പിച്ച പഞ്ചാണ് ഇന്ത്യയിൽ മൈക്രോ എസ്‌യുവി സെഗ്‌മെന്റിന് തുടക്കം കുറിച്ചത്. എന്നാൽ അതിനുശേഷം ഹ്യുണ്ടായി എക്‌സ്‌റ്ററും സിട്രൺ C3 ക്രോസും രംഗത്തേക്കെത്തി. പിന്നീട് അതിവേഗം വളരുന്ന സെഗ്‌മെൻ്റുകളിലൊന്നായി ഇത് ഉയർന്നുവരികയും ചെയ്‌തു. ഈ വർഷം ഉത്സവ സീസണോടെ അവതരിപ്പിച്ച് വിപണി പിടിക്കാനുള്ള തന്ത്രമാണ് ടാറ്റ മോട്ടോർസ് ആവിഷ്ക്കരിക്കുന്നത് എന്നു വേണം പറയാൻ.


Click it and Unblock the Notifications








