എക്സ്റ്റർ വന്നിട്ടും കുലുങ്ങിയില്ല, ഇതുതാണ്ട ടാറ്റ... ഇതുവരെ കമ്പനി വിറ്റത് 3 ലക്ഷം പഞ്ച് എസ്‌യുവി
ഇപ്പോൾ റോഡിലിറങ്ങിയാൽ ഏറ്റവും കൂടുതൽ കാണാൻ പറ്റുന്ന മോഡലുകളിൽ ഒന്നാണ് ടാറ്റ പഞ്ച് (Tata Punch). എല്ലാവർക്കും എസ്‌യുവിയെന്ന സ്വപ്‌നം യാഥാർഥ്യമാക്കാനായി പിറവിയെടുത്ത മൈക്രോ എസ്‌യുവിയെ ഇരുകൈയും നീട്ടിയാണ് ആളുകൾ സ്വീകരിച്ചത്. ഇന്നും ടാറ്റ ഷോറൂമുകളിലേക്ക് എത്തുന്ന പകുതിപ്പേരും പഞ്ചാണ് വാങ്ങുന്നതും.
ഇന്ത്യയിലെ മൈക്രോ എസ്‌യുവി എന്ന സെഗ്മെന്റിന് കൃത്യമായ നിര്‍വചനം നല്‍കിയ പഞ്ച് ഇപ്പോഴിതാ 3 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കിയിരിക്കുകയാണ്. എതിരാളിയായി ഹ്യുണ്ടായി എക്സ്റ്റർ വന്നുവെങ്കിലും കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ ഒരു ലക്ഷം പഞ്ച് എസ്‌യുവികൾ വിൽക്കാൻ ടാറ്റ മോട്ടോർസിന് കഴിഞ്ഞു. അതിനു മുമ്പായി വിപണിയില്‍ അവതരിപ്പിച്ച് 19 മാസത്തിനുള്ളില്‍ രണ്ട് പഞ്ചിന്റെ 2 ലക്ഷം യൂണിറ്റ് പുറത്തിറക്കാന്‍ കമ്പനിക്കായിരുന്നു.

ഓരോ മാസവും വിൽപ്പന കൂടുന്നതല്ലാതെ പഞ്ചിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്നതാണീ കണക്കുകൾ. ഇന്ത്യയിലെ ടാറ്റ മോട്ടോർസിന്റെ ലൈനപ്പിലെ ഏറ്റവും ചെറിയ എസ്‌യുവിയായി 2021 ഒക്ടോബര്‍ മാസത്തിലാണ് വാഹനം സമർപ്പിക്കുന്നത്. വിപണിയില്‍ മികച്ച തുടക്കം ലഭിച്ച ഈ വാഹനത്തിന്റെ ആദ്യ ഒരു ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ലിലേക്ക് എത്താനെടുത്തത് വെറും 10 മാസം സമയമായിരുന്നു. ഇതിലും വേഗമാണ് പിന്നീടുള്ള നാഴികക്കല്ല് താണ്ടാനായി മോഡൽ എടുത്തത്.
പെട്രോൾ, സിഎൻജി എന്നിങ്ങനെ രണ്ട് ഫ്യുവൽ ഓപ്ഷനുകളിലായി എത്തുന്ന മോഡലിന് അധികം വൈകാതെ തന്നെ ഒരു ഇലക്ട്രിക് പതിപ്പും ലഭിക്കും. നിലവിൽ നെക്‌സോൺ എസ്‌യുവിക്ക് ശേഷം കാർ നിർമ്മാതാക്കളിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറാണ് പഞ്ച്. ഇവി എത്തുന്നതോടെ വിൽപ്പനയുടെ വേഗം ഇനിയും കൂടുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പ്രതിമാസം ശരാശരി 10,000 യൂണിറ്റ് വിൽപ്പനയാണ് പഞ്ച് നേടുന്നത്.

നാല് ട്രിമ്മുകളിലായി എട്ട് വേരിയന്റുകളിലായി വരുന്ന പഞ്ച് എസ്‌യുവിക്ക് 6 ലക്ഷം മുതൽ 9.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. പ്യുവർ, പ്യുവർ (O), അഡ്വഞ്ചർ, അഡ്വഞ്ചർ (O), അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ് (O), ക്രിയേറ്റീവ്, ക്രിയേറ്റീവ് (O) എന്നിങ്ങനെയാണ് വകഭേദങ്ങൾ വ്യാപിച്ച് കിടക്കുന്നത്. ഫീച്ചറുകളിലേക്ക് വന്നാലും ആള് പുലിയാണെന്ന് തെളിയിച്ചിട്ടുണ്ട്. കൂടാതെ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ പഞ്ചിന് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കാനായിട്ടുണ്ട്.
കാഴ്ച്ചയിൽ കുഞ്ഞനായിട്ട് തോന്നുമെങ്കിലും ഇന്റീരിയറിൽ ധാരാളം സ്പേസ് ഒരുക്കാനും ടാറ്റക്ക് സാധിച്ചിട്ടുണ്ട്. ആല്‍ഫ-ആര്‍ക്ക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത് എന്നതിനാൽ ഡ്രൈവും സ്റ്റെബിലിറ്റിയും വേറെ ലെവലാണ്. മൊത്തത്തിൽ 3827 മില്ലീമീറ്റർ നീളം, 1742 മില്ലീമീറ്റർ വീതി, 1615 മില്ലീമീറ്റർ ഉയരം 2445 മില്ലീമീറ്റർ വീല്‍ബേസ്, 187 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിങ്ങനെയാണ് പഞ്ചിന്റെ വലിപ്പം വരുന്നത്.

ഉയര്‍ന്ന സീറ്റിങ്ങ് പൊസിഷനും വിസിബിലിറ്റിയും കാരണം തുടക്കക്കാരായ ഡ്രൈവർമാർക്കു പോലും എളുപ്പത്തിൽ വാഹനം കൊണ്ടുനടക്കാനാവും. ഇതെല്ലാം ഈ പഞ്ചിന്റെ വില്‍പ്പന ഉയരാന്‍ കാരണമായിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. ടാറ്റ മോട്ടോർസിന്റെ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യത്തിലാണ് മോഡലിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ടാറ്റയുടെ മറ്റ് എൻട്രി ലെവൽ കാറുകളിൽ കാണുന്ന അതേ 1.2 ലിറ്റർ, ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനാണ് പഞ്ചിന്റെയും ഹൃദയം.
അഞ്ച് സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് എന്നിവയുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് ഏകദേശം 85 bhp കരുത്തിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. ഡ്യുവൽ സിലിണ്ടർ സജ്ജീകരണം വാഗ്ദാനം ചെയ്യുന്ന ടാറ്റയുടെ iCNG സാങ്കേതികവിദ്യയും പഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണ സിഎൻജി വാഹനങ്ങളിലേതു പോലെ തന്നെ ഇവിടെ നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ മോഡലിന്റെ പവർ കണക്കുകൾ കുറുന്നുണ്ട്.

സിഎന്‍ജി മോഡില്‍ പവര്‍ കണക്കുകള്‍ 72 bhp, 102 Nm torque എന്നിങ്ങനെയായി കുറയും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമാകും പഞ്ച് സിഎന്‍ജി ലഭ്യമാകുക. സേഫ്റ്റിയുടെ കാര്യം നോക്കിയാൽ ഇടിപ്പരീക്ഷയിലെ 5-സ്റ്റാർ നേട്ടത്തിന് പുറമെ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, റിയർ ഡീഫോഗറുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, ഒരു റിയർ വ്യൂ ക്യാമറ, ISOFIX ആങ്കറുകൾ പോലുള്ള സവിശേഷതകളാണ് വണ്ടിയിലുള്ളത്.
പുഷ്-ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ്, ലെതർ സ്റ്റിയറിംഗ് വീൽ, ലെതർ ഗിയർ നോബ്, ഓട്ടോ-ഫോൾഡിംഗ് ORVM-കൾ, കൂൾഡ് ഗ്ലോവ്‌ബോക്‌സ്, പിൻസീറ്റ് ആംറെസ്റ്റ്, 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, iRA കണക്റ്റഡ് ടെക്. എൽഇഡി ലൈറ്റിംഗ് എന്നിവയും അതിലേറെയും പോലുള്ള മോഡേൺ ഫീച്ചറുകളാൽ സമ്പന്നമാണ് പഞ്ച് എസ്‌യുവി.


Click it and Unblock the Notifications








