27 കി.മീ. മൈലേജുള്ള ടിയാഗോ സിഎൻജി ഓട്ടോമാറ്റിക്, പക്ഷേ ഇതൊന്നും അറിയാതെ പോയി തലവെക്കരുതേ...
പെട്രോളിനും ഡീസലിനുമെല്ലാം ഒടുക്കത്തെ വിലയാണെന്ന് പരാതി പറയുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇതിന്റെ പേരിൽ കാറോ ബൈക്കോ ഉപയോഗിക്കാതിരിക്കാം എന്നുവിചാരിച്ചാലും നടക്കുന്ന കേസല്ല. ജീവിതത്തിന്റെ ഭാഗമായി മാറിയ ഇവ കൊടുത്ത് ഇനി ഇലക്ട്രിക്കിലേക്ക് ചേക്കേറിയാക്കാമെന്ന് വെച്ചാൽ മുടക്കുമുതൽ ഓർത്ത് പലരും അതിനും മുതിരാറില്ല. ഇവിടെയാണ് സിഎൻജി കാറുകളുടെ പ്രാധാന്യം വരുന്നത്.
പക്ഷേ പ്രായോഗികമല്ലെന്ന കാരണത്താൽ പലരും മടിച്ചു നിൽക്കുകയാണ്. ഒന്നുകിൽ ഇന്ധനം നിറയ്ക്കാൻ വേണ്ടി വരുന്ന ഉയർന്ന സമയം അല്ലെങ്കിൽ ബൂട്ട് സ്പേസില്ലെന്ന പരാതി അതുമല്ലെങ്കിൽ ഓട്ടോമാറ്റിക്കില്ലെന്ന പോരായ്‌മയാണ് സിഎൻജി വാഹനങ്ങളിലേക്ക് കൂടുതൽ ആളുകൾ അടുക്കാത്തതിന്റെ കാരണം. എന്നാൽ അവസാനത്തെ രണ്ട് പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തി നമ്മെ ഞെട്ടിച്ചിരിക്കുകയാണ് ടാറ്റ മോട്ടോർസ്.

ബൂട്ട് സ്പേസ് കിട്ടാനായി സിഎൻജി കാറുകളിലേക്ക് ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ കൊണ്ടുവന്നതിനു പിന്നാലെ ടിയാഗോ, ടിഗോർ സിഎൻജിയിലേക്ക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ടാറ്റ അവതരിപ്പിച്ചു. ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി വരുന്ന ആദ്യത്തെ സിഎന്‍ജി കാറുകളായി ഇവ മാറി. എന്നാൽ ഹാച്ച്ബാക്ക് മോഡൽ വാങ്ങുന്നതിനു മുമ്പ് ചില കാര്യങ്ങൾ വാഹനത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതിനു ശേഷമേ ഇതുവാങ്ങാനായി ഇറങ്ങാവൂ. അതെന്താല്ലാമെന്ന് പറഞ്ഞുതരാം.
ടൂ-പെഡൽ സാങ്കേതികവിദ്യ ഉപയോഗിച്ച് സിഎൻജി വിഭാഗത്തിലൊരു പുതിയ തുടക്കത്തിനാണ് ടാറ്റ തയാറെടുക്കുന്നത്. ഇതിനായി ടിയാഗോ ഹാച്ച്ബാക്ക്, NRG ഹാച്ച്ബാക്ക്, ടിഗോർ കോംപാക്ട് സെഡാൻ എന്നിവയുടെ സിഎൻജി ഓട്ടോമാറ്റിക് പതിപ്പുകൾ കമ്പനി പുറത്തിറക്കും. ഇതുവരെ അവതരണം നടന്നിട്ടില്ലെങ്കിലും ഈ മാസാവസാനത്തോടെ വില പ്രഖ്യാപനത്തിനൊപ്പം വിൽപ്പനയും തുടങ്ങാനാണ് ബ്രാൻഡിന്റെ പദ്ധതി.

വേരിയന്റും വിലയും: ടാറ്റ ടിയാഗോ സിഎൻജി ഓട്ടോമാറ്റിക് XTA, XZA+, XZA NRG വേരിയൻ്റുകളിൽ ലഭിക്കും. ഇവ സ്റ്റാൻഡേർഡ് ഓട്ടോമാറ്റിക് വേരിയൻ്റുകൾക്ക് സമാനമായിരിക്കുമെന്നാണ് ഡീലർവൃത്തങ്ങൾ നൽകുന്ന സൂചന. നിലവിലെ സ്ഥിതിക്ക് അവയുടെ മാനുവൽ വകഭേദങ്ങളേക്കാൾ 80,000 രൂപയാണ് ഓട്ടോമാറ്റിക് മോഡലുകൾക്കായി അധികം ചെലവഴിക്കേണ്ടി വരുന്ന വില.
സാധാരണ പെട്രോൾ മോഡലുകളുടെ കാര്യത്തിലെന്നപോലെ മാനുവൽ സിഎൻജി വേരിയൻ്റുകളേക്കാൾ 80,000 രൂപയുടെ അതേ വിലവർധന ഓട്ടോമാറ്റിക് പതിപ്പുകൾക്കും പ്രതീക്ഷിക്കാമെന്ന് സാരം. ടിയാഗോ സിഎൻജി എഎംടിക്ക് വിപണിയിൽ എതിരാളികളില്ല. അത് ടാറ്റയെ സംബന്ധിച്ച് വലിയ നേട്ടമാവും. മൈലേജ് കണക്കുകൾ കൂടി മികച്ച രീതിയിൽ നൽകാനായാൽ സംഭവം ക്ലിക്കാവുമെന്ന് ഉറപ്പാണ്.

ഫീച്ചറുകൾ: ടിയാഗോ സിഎൻജി ഓട്ടോമാറ്റിക്കിന്റെ ടോപ്പ്-സ്പെക്ക് XZA പ്ലസ് വേരിയൻ്റിൽ ഫോൺ മിററിംഗ്, ഡ്രൈവർ സീറ്റിനുള്ള ഉയരം ക്രമീകരിക്കൽ, പവർ മിററുകളും വിൻഡോകളും, ബട്ടൺ സ്റ്റാർട്ട്, റെയിൻ സെൻസിംഗ് വൈപ്പറുകൾ പോലുള്ള അത്യാധുനിക സംവിധാനങ്ങളാണ് ടാറ്റ കോർത്തിണക്കിയിരിക്കുന്നത്. ഒപ്പം കൂടുതൽ സവിശേഷമാക്കാനായി ടൊർണാഡോ ബ്ലൂ എന്ന പുതിയ കളർ ഓപ്ഷനും ടാറ്റ അവതരിപ്പിക്കും.
ഇത് ഒരു പ്രത്യേക സിഎൻജി എഎംടി നിറമായി തന്നെ വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷ. സ്വീകരിക്കപ്പെട്ടാൽ പിന്നീട് സ്റ്റാൻഡേർഡ് മോഡലുകളിലേക്കും കമ്പനി ഇതേ നിറം കൊണ്ടുവരാൻ തയാറാവും. വരാനിരിക്കുന്ന ടിയാഗോ സിഎൻജി ടാറ്റയുടെ ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയിൽ നിന്ന് പ്രയോജനം നേടുന്നുവെന്നതും ഹൈലൈറ്റാണ്. കാറിലെ സിഎൻജി ടാങ്കിനെ രണ്ടായി വിഭജിച്ച് അധിക ബൂട്ട് സ്പേസ് സ്വതന്ത്രമാക്കാൻ ഇത് പ്രാപ്‌തമാക്കിയിട്ടുണ്ട്.

എഞ്ചിനും മൈലേജും: അതേ 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനുമായിട്ടാവും 5 സ്പീഡ് എഎംടി ട്രാൻസ്മിഷൻ സിഎൻജിയുമായി ജോടിയാക്കുക. ഇത് 85 bhp കരുത്തിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഓട്ടോമാറ്റിക് കൂടാതെ ഈ കാറുകള്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പവും വാങ്ങാന്‍ സാധിക്കും. ടാറ്റ ടിയാഗോ, ടിഗോര്‍ സിഎന്‍ജി കാറുകള്‍ കിലോഗ്രാമിന് 26.49 കിലോമീറ്റര്‍ ആണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്.
അതേസമയം എഎംടി വേരിയന്റുകളുടെ ഇന്ധനക്ഷമത കണക്കുകള്‍ ഇതുവരെ അറിവായിട്ടില്ല. എങ്കിലും ഇതിനോടൊപ്പമോ അല്ലെങ്കിൽ കൂടുതലോ ആവാനാണ് സാധ്യത. പുതിയ എഎംടി ഗിയര്‍ബോക്സുമായി വരുന്ന ടിയാഗോ, ടിഗോര്‍ സിഎന്‍ജി പതിപ്പുകള്‍ വാങ്ങാൻ താത്പര്യമുള്ളവർക്ക് 21,000 രൂപ ടോക്കണ്‍ തുക നല്‍കി വാഹനം ഇപ്പോൾ പ്രീ-ബുക്ക് ചെയ്യാനാവും. ഓണ്‍ലൈനായോ ഏറ്റവും അടുത്ത ടാറ്റ ഡീലര്‍ഷിപ്പിലോ വണ്ടി ബുക്ക് ചെയ്യാവുന്നതാണ്.


Click it and Unblock the Notifications








