പെട്രോളല്ല, കറണ്ടിൽ ഓടും, സിറ്റിയിൽ ഓടിക്കാൻ ഇതിലും നല്ല കാർ വേറെ കിട്ടില്ല; അതും 8 ലക്ഷത്തിന്
ഇന്ത്യയിൽ കൂടുതൽ ആളുകളും വലിയ കാറുകൾ വാങ്ങിയാലും ഏറ്റവും കൂടുതൽ ഓടിക്കുന്നതും ഉപയോഗിക്കുന്നതും ചെറിയ യാത്രകൾക്കായിരിക്കും. എല്ലാവരും എന്നും ട്രിപ്പ് പോവുന്നവരോ ദീർഘദൂര യാത്രകൾ പോവുന്നവരോ അല്ലല്ലോ. കൂടുkതലും സിറ്റി യാത്രകൾക്ക് വാഹനം ഉപയോഗിക്കുന്നവർക്ക് വാങ്ങാൻ പറ്റിയ കാർ ഏതാണെന്ന് അറിയാമോ?. അതും പെട്രോളടിക്കാതെ കൊണ്ടുനടക്കാനാവുന്ന മോഡലാണെന്ന് പറഞ്ഞാൽ പലരും നെറ്റിയൊന്ന് ചുളുക്കിയേക്കാം. ഒരു 100 കിലോമീറ്ററിനുള്ളിൽ ദിവസവും വണ്ടിയോടിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. അത്തരക്കാർ തങ്ങൾക്ക് പറ്റിയ 8 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ പറ്റിയ കാറിനെയാണ് ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്താൻ പോവുന്നത്.
നല്ല മൈലേജും നല്ല സേഫ്റ്റിയും ഒരുപോലെ കിട്ടുന്ന മറ്റൊരു കാർ ഈ സെഗ്മെന്റിൽ ഉണ്ടോയെന്ന് വരെ സംശയമാണ്. ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ ഈ വാഹനം ടാറ്റ ടിയാഗോ ഇവിയാണ്. ഒതുക്കമുള്ള ഡിസൈൻ, കാര്യക്ഷമമായ പെർഫോമൻസ്, അഡ്വാൻസ്‌ഡ് ഫീച്ചറുകൾ എന്നിവയെല്ലാം ഒത്തിണങ്ങിയ ഹാച്ച്ബാക്ക് 10 ലക്ഷത്തിന് താഴെ ബജറ്റിൽ കണ്ണുംപൂട്ടി വാങ്ങാനാവുന്ന കാറാണ് കേട്ടോ.

ഗതാഗതക്കുരുക്ക്, പരിമിതമായ പാർക്കിംഗ്, വർധിച്ചുവരുന്ന ഇന്ധനച്ചെലവ് എന്നിവയുൾപ്പെടെയുള്ള പ്രശ്‌നങ്ങളാണ് സിറ്റിയിലോടിക്കുമ്പോൾ നാം പ്രധാനമായും നേരിടുന്നത്. ഇതിനെല്ലാം ടിയാഗോ ഇവി ഒറ്റയടിക്ക് പരിഹാരം തരുമെന്നതാണ് ഹൈലൈറ്റ്. ഇനി ഓരോന്നായി എടുത്തു പറയാം. ഒതുക്കമുള്ള രൂപമാണ് നഗര യാത്രകൾക്ക് കാറിനെ ഇത്രയും മിടുക്കനാക്കുന്നത്. പാർക്ക് ചെയ്യാനായാലും ചെറിയ റോഡുകളിലൂടെ കൊണ്ടുനടക്കാനായാലും ടാറ്റയുടെ ഇലക്ട്രിക് കാർ സൂപ്പറാണ്.
കൂടാതെ, ചാർജിംഗ് സ്റ്റേഷനുകളും നമ്മുടെ റോഡുകളിൽ സുലഭമായി കൊണ്ടിരിക്കുകയാണ്. അതിനാൽ പുറത്തിറങ്ങിയാലും ചാർജിംഗ് ഒരു തലവേദനയാവുകയേയില്ല. രണ്ട് കോൺഫിഗറേഷനുകളിൽ ലഭ്യമായ പെർമനൻ്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറാണ് ടാറ്റ ടിയാഗോ ഇവിക്ക് കരുത്തേകുന്നത്. XE, XT, XZ പ്ലസ്, XZ പ്ലസ് ടെക് എന്നീ വേരിയന്റുകള്‍ മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് വാഹനം വിപണിയിൽ എത്തുന്നതെന്ന് സാരം.

MR പതിപ്പുകളിലെ 19.2 kWh ബാറ്ററി പായ്ക്കിന് സിംഗിൾ ചാർജിൽ 250 കിലോമീറ്റര്‍ റേഞ്ച് വരെ നൽകാനാവും. അതേസമയം 24 kWh ബാറ്ററി പായ്ക്കുമായി കിട്ടുന്ന ലോംഗ് റേഞ്ച് വേരിയന്റുകൾക്ക് MIDC സൈക്കിളില്‍ 315 കിലോമീറ്റര്‍ വരെ റേഞ്ചും ലഭിക്കും. വൈദ്യുത കാറിന്റെ ബേസ് വേരിയന്റുകളിൽ 19.2 kWh ബാറ്ററി പായ്ക്കാണ് ഒരുക്കിയിരിക്കുന്നത്. 45 kW ഇലക്ട്രിക് മോട്ടോറുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നതും.
രണ്ടാമത്തെ ടോപ്പ് മോഡലുകളിൽ 24 kWh ബാറ്ററിയുമായി ജോടിയാക്കിയ 55 kW മോട്ടോറാണ് ടാറ്റ ടിയാഗോ ഇവി ഉപയോഗിച്ചിരിക്കുന്നത്. ഈ കോൺഫിഗറേഷനുകൾ പെർഫോമൻസിന്റേയും കാര്യക്ഷമതയുടെയും ശ്രദ്ധേയമായ സംയോജനമാണ് ആളുകൾക്ക് വാഗ്ദാനം ചെയ്യുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ മീഡിയം റേഞ്ചുള്ള ടിയാഗോ ഇവിക്ക് 6.2 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

അതേസമയം കാറിന്റെ ലോംഗ് റേഞ്ച് പതിപ്പിന് 5.7 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാനാവുമെന്നും ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നുണ്ട്. ടിയാഗോ ഇവിയുടെ മീഡിയം റേഞ്ച് വേരിയൻ്റുകൾക്ക് 60 bhp കരുത്തിൽ പരമാവധി 110 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം ലോംഗ് റേഞ്ച് പതിപ്പുകൾ 73 bhp പവറിൽ 114 Nm torque വരെയാണ് നിർമിക്കുന്നത്.
അങ്ങനെ നോക്കുമ്പോൾ തിരക്കേറിയ സിറ്റി ഡ്രൈവിംഗിൽ അനായാസമായ ഓവർടേക്കിംഗും റെസ്‌പോൺസീവ് ആക്‌സിലറേഷനും ടിയാഗോ ഇവി ഉറപ്പാക്കുന്നു. കൂടാതെ, മൾട്ടി-ഡ്രൈവ് മോഡുകളും കൂടിയാവുമ്പോൾ സംഗതി കളറാവും. 5.1 മീറ്റർ ടേണിംഗ് റേഡിയസാണ് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ മറ്റൊരു ഹൈലൈറ്റ്. ഇത് യൂടേൺ എടുക്കുന്നതും അനായാസമാക്കുന്ന കാര്യമാണ്. ഇതോടൊപ്പം 165 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും കൂടിയാവുമ്പോൾ അടിതട്ടുമെന്ന പേടിയും വേണ്ട.
ചാർജിംഗിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ടിയാഗോ ഇവി സ്റ്റാൻഡേർഡായി 3.3 kW എസി ചാർജറുമായാണ് വരുന്നത്. ഇത് ഹോം ചാർജിംഗ് ലളിതവും താങ്ങാനാവുന്നതുമാക്കുന്നു. ലിക്വിഡ് കൂൾഡ് തെർമൽ മാനേജ്‌മെൻ്റ്, IP67 ഇൻഗ്രെസ്സ് പ്രൊട്ടക്ഷൻ എന്നിവയുമായി ജോടിയാക്കിയ ബാറ്ററി, വൈവിധ്യമാർന്ന കാലാവസ്ഥകൾ കൈകാര്യം ചെയ്യുന്നതിലും സുരക്ഷയും വിശ്വാസ്യതയും വർധിപ്പിക്കുന്നതിനാണ് നിർമിച്ചിരിക്കുന്നത്.
അപ്പോൾ ചെറിയ ബജറ്റിൽ നിങ്ങളൊരു കിടിലൻ സിറ്റി കാറാണ് നോക്കുന്നതെങ്കിൽ തീർച്ചയായും ടാറ്റ ടിയാഗോ ഇവി കൂടി പരിഗണിക്കണം കേട്ടോ. പെട്രോൾ ചെലവില്ലാതെ ദൈനംദിന യാത്രകൾ അടിപൊളിയാക്കാൻ ഇതിലും നല്ലൊരു ഓപ്ഷൻ വേറെയില്ലെന്ന് വേണം പറാൻ. വീട്ടിലൊരു സോളാർ പാനൽ കൂടി സെറ്റ് ചെയ്‌താൽ പെട്രോളിനും കറണ്ടിനും പൈസയൊന്നും കൊടുക്കേണ്ടിയും വരില്ല.


Click it and Unblock the Notifications








