315 കി.മീ റേഞ്ചുള്ള ടാറ്റയുടെ ഇലക്‌ട്രിക് കാറിന് 70,000 രൂപ കുറച്ചു, ഇനി ഇവി 7.99 ലക്ഷത്തിന് വാങ്ങാം
ഇലക്‌ട്രിക് കാറുകളും പതിയെ ജനപ്രിയരാവുമ്പോൾ അതിനു കാരണക്കാരായത് ടാറ്റ മോട്ടോർസ് ആണെന്ന് നിസംശയം പറയാം. നെക്സോൺ ഇവിയിലൂടെ കുറിച്ച പുതിയ തുടക്കം ടിഗോർ ഇവിയിലൂടെ തുടർന്ന് ടിയാഗോ ഇവിയിലൂടെ എത്തി വമ്പൻ ഹിറ്റടിക്കുകയായിരുന്നു. അവിടുന്ന് പഞ്ച് ഇവി കൂടി അടുത്തിടെ കളത്തിലെത്തിയതോടെ എല്ലാവർക്കും ഇവിയെന്നാൽ ടാറ്റയായി മാറി.
ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവിയായി ടിയാഗോ മാറിയതും ടാറ്റയുടെ തന്ത്രങ്ങളുടെ ഭാഗം മാത്രമാണ്. ഏറ്റവും പ്രധാന എതിരാളിയായ എംജി കോമെറ്റ് അടുത്തിടെ വില കുറച്ച് ടൈറ്റ് കോമ്പറ്റീഷൻ നൽകിയപ്പോഴും കുലുങ്ങാതെ നിൽക്കുകയായിരുന്നു രത്തൻ ടാറ്റയുടെ ബ്രാൻഡ്. അതിനെല്ലാം പിന്നിൽ കൃത്യമായ സ്ട്രാറ്റജി ഉണ്ടായിരുന്നുവെന്ന് വേണം പറയാൻ. എന്തായാലും ഒടുവിൽ ആ വജ്രായുധം പ്രയോഗിച്ച് ഞെട്ടിച്ചിരിക്കുകയാണ് കമ്പനി.

മറ്റൊന്നുമല്ല, ടാറ്റ മോട്ടോർസ് അതിൻ്റെ ഓൾ-ഇലക്‌ട്രിക് ഹാച്ച്‌ബാക്കായ ടിയാഗോ ഇവിയുടെ വില വെട്ടിക്കുറച്ചിരിക്കുകയാണ്. അതും 70,000 രൂപയാണ് കമ്പനി കുറച്ചിരിക്കുന്നത് എന്നതു കൂടിയാവുമ്പോൾ ആളുകൾ ഷോറൂമുകളിലേക്ക് ഇരച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാറ്ററി സെല്ലുകളുടെ വില കുറഞ്ഞതാണ് ടിയാഗോ ഇവിയുടെ വില കുറയ്ക്കാൻ കാരണമായതെന്നാണ് കമ്പനി പറയുന്നത്.
അതായത് നേരത്തെ 8.60 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തിയിരുന്ന ടിയാഗോ ഇലക്ട്രിക് ഹാച്ച്ബാക്ക് ഇനി മുതൽ 7.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ വീട്ടിലെത്തിക്കാനാവും. നിലവിൽ മീഡിയം റേഞ്ച് (MR), ലോംഗ് റേഞ്ച് (LR) എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയിലെത്തുന്നത്. വേരിയന്റ് തിരിച്ചുള്ള പുതിയ വിലയും പഴയ വിലയും എങ്ങനെയാണെന്ന് നോക്കിയാലോ?

നേരത്തെ 8.60 രൂപ വിലയുണ്ടായിരുന്ന ടിയാഗോ ഇവി ബേസ് XE MR മോഡലിന് 70,000 രൂപ കുറഞ്ഞാണ് 7.99 ലക്ഷം രൂപയായി മാറിയത്. അതേസമയം XT MR വേരിയന്റിന് നേരത്തെയുണ്ടായിരുന്ന 9.34 ലക്ഷത്തിൽ നിന്നും 35,000 രൂപ കുറഞ്ഞ് 8.99 ലക്ഷമായി പുതുക്കിയ വില. ഇനി XT LR പതിപ്പിലേക്ക് വന്നാൽ മുമ്പുണ്ടായിരുന്ന 10.29 ലക്ഷം രൂപയിൽ നിന്നും 20,000 രൂപ കുറഞ്ഞ് 9.99 ലക്ഷമായി പുതിയ എക്സ്ഷോറൂം വില.
ടിയാഗോ ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ XZ പ്ലസ് LR വേരിയന്റിന് നേരത്തെ 11.09 ലക്ഷമായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വില. എന്നാൽ ഇപ്പോൾ 20,000 രൂപ കുറഞ്ഞ് 10.89 ലക്ഷമായിട്ടുണ്ട് പുതിയ വില. XZ പ്ലസ് ടെക് ലക്‌സ് LR മോഡലിന് മുമ്പുണ്ടായിരുന്ന 11.59 ലക്ഷത്തിൽ നിന്നും 20,000 രൂപ വെട്ടിക്കുറച്ച് 11.39 ലക്ഷമായിട്ടുണ്ട് എക്സ്ഷോറൂം വില.

ഇനി 7.2 kW ചാർജറുമായി വരുന്ന XZ പ്ലസ് LR പതിപ്പിനും 20,000 രൂപയാണ് കുറവ് വരുത്തിയിരിക്കുന്നത്. അങ്ങനെ ഈ മോഡലിന് 11.59 ലക്ഷത്തിൽ നിന്നും വില 11.39 ലക്ഷമായി കുറഞ്ഞു. ഇനി 7.2 kW ചാർജറുമായി വരുന്ന ഇവിയുടെ ടോപ്പ് എൻഡ് XZ പ്ലസ് ടെക് ലക്‌സ് LR വേരിയന്റിന് 12.09 ലക്ഷത്തിൽ നിന്നും 20,000 രൂപ കുറഞ്ഞ് 11.89 ലക്ഷമായി എക്സ്ഷോറൂം വില.
19.2kWh ബാറ്ററി പായ്ക്കുമായാണ് ടാറ്റ ടിയാഗോ ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ മീഡിയം റേഞ്ച് മോഡലുകൾ വരുന്നത്. അതേസമയം ലോംഗ് റേഞ്ച് മോഡലുകളിൽ 24kWh ബാറ്ററി പായ്ക്കാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. ചെറിയ ബാറ്ററി ഉപയോഗിക്കുന്ന ഇവിയുടെ മീഡിയം റേഞ്ച് മോഡലുകൾ സിംഗിൾ ചാർജിൽ 250 കിലോമീറ്റർ റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇത് 61 bhp കരുത്തിൽ പരമാവധി 110 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മറുവശത്ത് പൂർണ ചാർജിൽ 315 കിലോമീറ്റർ റേഞ്ചാണ് ലോംഗ് റേഞ്ച് പതിപ്പുകളിൽ ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്. ഇവയ്ക്ക് 75 bhp പവറിൽ 114 Nm torque നൽകാനാവും. ഡിസൈനിലേക്ക് നോക്കിയാൽ പെട്രോൾ കാറിന് സമാനമായ രീതിയിൽ തന്നെയാണ് ടിയാഗോ ഇവിയും വിപണിയിൽ എത്തുന്നത്. എംജി കോമെറ്റ് ഇവിയുമായി താരതമ്യം ചെയ്യുമ്പോൾ പ്രായോഗികതയിൽ ടാറ്റയുടെ കാർ തന്നെയാണ് മുന്നിട്ടുനിൽക്കുന്നത്.
ഒപ്പം ഫീച്ചറുകളിലും സേഫ്റ്റിയിലും ധാരാളിയാണ് ടിയാഗോ. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 8 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളെല്ലാം ടിയാഗോ ഇവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, EBD ഉള്ള എബിഎസ്, റിവേഴ്‌സിംഗ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് എന്നീ സേഫ്റ്റി ഫീച്ചറുകളും കൂടി എത്തുമ്പോൾ സംഭവം കളറാവുന്നു.


Click it and Unblock the Notifications








