ഇന്നോവയേക്കാൾ ഇരട്ടി വിൽപ്പനയുള്ള മാരുതിയുടെ 7 സീറ്റർ, 26.11 കി.മീ. മൈലേജും 8.69 ലക്ഷം വിലയും മതിയല്ലോ വാങ്ങാൻ
ഇന്ത്യക്കാർക്ക് ഇപ്പോൾ ഏറെ പ്രിയമുള്ള വാഹനങ്ങളാണ് 7-സീറ്ററുകൾ. പണ്ടൊക്കെ ഫാമിലിയായിട്ട് എങ്ങോട്ടേലും പോവണേൽ ടാക്‌സിയോ വലിയ വണ്ടികളോ വിളിക്കുന്നതായിരുന്നു പതിവെങ്കിൽ ഇപ്പോൾ കൊവിഡിന് ശേഷം ആളുകളെല്ലാം സ്വന്തം കാറിൽ യാത്ര ചെയ്യാനാണ് ഇഷ്‌ടപ്പെടുന്നത്. സ്വന്തം ഇഷ്‌ടത്തിലും സ്വാതന്ത്ര്യത്തിലും യാത്ര ചെയ്യാമെന്നതാണ് ഇതിന്റെ പിന്നിലെ പ്രധാന കാരണം. കുടുംബമൊത്ത് യാത്രകൾ കൂടിയതിനാലാണ് ആളുകളെല്ലാം വലിയ വാഹനങ്ങളിലേക്ക് ചായുന്നത്. വിപണിയിൽ ഇന്നോവയും (Innova) എർട്ടിഗയും (Ertiga) പോലുള്ള കിടിലൻ മോഡലുകളിലാണ് ആളുകൾക്ക് കണ്ണെങ്കിലും അതിലും ഗംഭീര വാഹനങ്ങൾ ഇന്ന് നിരത്തുകളിൽ ഒടുന്നുണ്ട്.
അതെല്ലാം ആളുകൾക്കെല്ലാം അറിയുകയും ചെയ്യാം. അതിനാൽ ഇതൊരു ചൂടൻ സെഗ്മെന്റായി തന്നെയാണ് കാണപ്പെടുന്നത് 2024 നവംബറിൽ സെവൻ സീറ്റർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 10 മോഡലുകൾ ഏതെല്ലാമാണെന്ന് ഒന്ന് നോക്കിയാലോ? ഒന്നാമനായി മാരുതി സുസുക്കി എർട്ടിഗ തന്നെയാണ് അരങ്ങുവാഴുന്നത്. 2023 നവംബറിലെ 12,857 യൂണിറ്റുകളിൽ നിന്ന് 18 ശതമാനം വർധന രേഖപ്പെടുത്തിയ മാരുതിയുടെ ചുണക്കുട്ടൻ പോയ മാസം 15,150 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്.

7 സീറ്റർ ഓപ്ഷനും ഒടുക്കത്തെ മൈലേജും തരുന്ന എർട്ടിഗ ഇന്ത്യക്കാർക്ക് യോജിച്ച പെർഫെക്‌ട് ഫാമിലി കാറാണെന്ന് പറയാതെ വയ്യ. ഇതെല്ലാം കുറഞ്ഞ വിലയിലാണ് ലഭ്യമാവുന്നതെന്ന് അറിഞ്ഞാൽ എങ്ങനെ വാങ്ങിതിരിക്കും. അതേസമയം മഹീന്ദ്രയുടെ സ്കോർപിയോ 12,704 യൂണിറ്റുകൾ വിറ്റഴിച്ച് രണ്ടാം സ്ഥാനത്തെത്തി. മുൻ വർഷത്തെ 12,185 യൂണിറ്റുകളെ അപേക്ഷിച്ച് 4 ശതമാനം വർധനവാണ് മോഡലിന് കൈവരിക്കാനായത്.
7-സീറ്റർ സെഗ്മെന്റിൽ മൂന്നാമനായി മഹീന്ദ്ര XUV700 ആണ് നിലകൊള്ളുന്നത്. എസ്‌യുവിയുടെ വാർഷിക വിൽപന 26 ശതമാനം വർധിച്ച് 9,100 യൂണിറ്റായി ഉയർന്നു. കഴിഞ്ഞ വർഷം അതായത് 2023 നവംബറിൽ 7,221 യൂണിറ്റുകളായിരുന്നു XUV700-യുടെ വിൽപ്പന. ടൊയോട്ട ഇന്നോവയും ശ്രദ്ധേയമായ വളർച്ചയാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. 2023 നവംബറിലെ 6,910 യൂണിറ്റുകളിൽ നിന്ന് 14 ശതമാനം ഉയർന്ന് 7,867 യൂണിറ്റായിരുന്നു ഇന്നോവയുടെ സമ്പാദ്യം.

അതിനുശേഷം മഹീന്ദ്ര ബൊലേറോയും 7,045 യൂണിറ്റുകളുമായി ഇന്നോവയുടെ പിന്നാലെയുണ്ട്. 2023 നവംബറിനെ അപേക്ഷിച്ച് മോഡലിന്റെ വിൽപ്പനയിൽ 2 ശതമാനം ഇടിവ് കമ്പനി നേരിടുന്നുണ്ട്. ആറാമനായി കിയ കാരെൻസാണ് ഇടംപിടിച്ചിരിക്കുന്നത്. 23 ശതമാനത്തോളം എംപിവിയുടെ കച്ചോടം കൂടിയിട്ടുണ്ട്. മുൻ വർഷത്തെ 4,620 യൂണിറ്റുകളെ അപേക്ഷിച്ച് കാരെൻസിന്റെ 5,672 യൂണിറ്റുകളാണ് ബ്രാൻഡ് നിരത്തിലെത്തിച്ചിരിക്കുന്നത്.
ടൊയോട്ട ഫോർച്യൂണറിന്റെ വിൽപ്പന 2023 നവംബറിലെ 1,876 യൂണിറ്റുകളിൽ നിന്ന് 53 ശതമാനം ഉയർന്ന് 2,865 യൂണിറ്റുകളായി ഇത്തവണ മാറി. എട്ടാമനായി എർട്ടിഗയുടെ പ്രീമിയം മോഡലായ XL6 ആണ് നിലകൊള്ളുന്നത്. പക്ഷേ വിൽപ്പനയിൽ 28 ശതമാനത്തിന്റെ ഇടിവ് മാരുതി സുസുക്കി നേരിടുന്നുണ്ട്. പിന്നാലെ ഹ്യുണ്ടായി അൽകസാർ 12 ശതമാനം വർധനവോടെ സ്ഥിരമായ വളർച്ച നിലനിർത്തി.

കഴിഞ്ഞ വർഷത്തെ 1,913 യൂണിറ്റുകളിൽ നിന്നും 2024 നവംബറിൽ അൽകസാറിന്റെ വിൽപ്പന 2,134 യൂണിറ്റായി ഉയർന്നു. പത്താമനായി എത്തിയ ടാറ്റ സഫാരി 1,563 യൂണിറ്റുകളാണ് വിപണനം ചെയ്‌തത്. 29 ശതമാനം ഇടിവാണ് ടാറ്റയുടെ 7 സീറ്ററിന് സംഭവിച്ചിരിക്കുന്നത്. 2023 നവംബറിലെ 2,207 യൂണിറ്റുകളെ അപേക്ഷിച്ച് 1,563 യൂണിറ്റുകൾ മാത്രമാണ് ഇത്തവണ കമ്പനിക്ക് നിരത്തിലെത്തിക്കാനായത്.
എന്തായാലും എർട്ടിഗയുടെ കച്ചോടം പൊടിപൊടിക്കുന്നതിൽ മാരുതിക്ക് അഹങ്കരിക്കാൻ വകയുണ്ട്. 8.69 ലക്ഷം മുതൽ 12.79 ലക്ഷം രൂപ വരെയാണ് നിലവിൽ മാരുതിയുടെ 7 സീറ്റർ മോഡലിന് മുടക്കേണ്ടി വരുന്ന വില. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് എർട്ടിഗയുടെ ഹൃദയം. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 105 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുമുണ്ട്.


Click it and Unblock the Notifications








