നെക്സോണോ ബലേനോയോ അല്ല, ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയത് ഈ കാർ
പണ്ടുകാലത്ത് കാർ എന്നത് ഒരു ആഡംബര വസ്‌തുവായിരുന്നെങ്കിൽ ഇന്നതൊരു ആവശ്യ കാര്യമായി മാറിയിരിക്കുകയാണ്. ഓരോ കമ്പനികളും പ്രതിമാസം വിറ്റഴിക്കുന്ന വാഹനങ്ങളുടെ എണ്ണം കണ്ടാൽ പോലും കണ്ണുതള്ളും. പോയ മാസം മാരുതി 2 ലക്ഷത്തിനടുത്ത് വിൽപ്പന നേടിയപ്പോൾ ടാറ്റയും ഹ്യുണ്ടായിയും മഹീന്ദ്രയും കിയയുമെല്ലാം ഗംഭീര വളർച്ചാ നിരക്കുമായി പിന്നാലെയുണ്ട്. പക്ഷേ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 കാറുകൾ ഏതെല്ലാമെന്ന് ഊഹിക്കാൻ പറ്റുമോ?
കോംപാക്‌ട്, മിഡ്-സൈസ് എസ്‌യുവി വിഭാഗങ്ങളുടെ ആധിപത്യം വ്യക്തമായതിനാൽ 2024 ഫെബ്രുവരിയിൽ വിറ്റുപോയ മികച്ച കാറുകളുടെ പട്ടികയിൽ ആറ് എസ്‌യുവികളാണ് പ്രധാനമായും സ്ഥാനംപിടിച്ചിരിക്കുന്നത്. എങ്കിലും ഒരു ഹാച്ച്ബാക്ക് മോഡലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനം എന്നതാണ് രസകരമായ കാര്യം. അതും ഫാമിലി കാറായി അറിയപ്പെടുന്ന മാരുതി സുസുക്കി വാഗൺആറാണെന്ന് അറിയുമ്പോൾ ചിലപ്പോൾ പലരും ഞെട്ടിയേക്കാം.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 16,889 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ ഇത്തവണ 2024-ൽ വാഗൺആറിന്റെ 19,412 യൂണിറ്റുകൾ നിരത്തിലെത്തിച്ചാണ് മാരുതി സുസുക്കി തരംഗം സൃഷ്‌ടിച്ചിരിക്കുന്നത്. ഹാച്ച്ബാക്കിന്റെ വിൽപ്പനയിൽ ഏകദേശം 15 ശതമാനം വളർച്ചയാണ് കമ്പനി കൈവരിച്ചിരിക്കുന്നതെന്ന് സാരം. അതേസമയം കഴിഞ്ഞ മാസം 18,438 യൂണിറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തിയത് ടാറ്റ പഞ്ച് മൈക്രോ എസ്‌യുവിയാണ്.
പന്ത്രണ്ട് മാസം മുമ്പ് ഇതേ കാലയളവിൽ 11,169 യൂണിറ്റുകൾ വിറ്റഴിച്ച വാഹനത്തിന്റെ വിൽപ്പനയിലും വമ്പൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നു വേണം പറയാൻ. 18,592 യൂണിറ്റുകളിൽ നിന്ന് 17,517 യൂണിറ്റുകളുമായി ബലേനോ പ്രീമിയം ഹാച്ച്ബാക്കിന്റെ വിൽപ്പനയിൽ 6 ശതമാനം ഇടിവുണ്ടായെങ്കിലും മൂന്നാം സ്ഥാനം നിലനിർത്താനായത് ഏറെ ശ്രദ്ധേയമായിട്ടുണ്ട്. പ്രത്യേകിച്ച് സെഗ്മെന്റിൽ ധാരാളം എസ്‌യുവി മോഡലുകൾ വന്നിട്ടും ബലനോയുടെ ശക്തമായ ഡിമാന്റ് കമ്പനിക്കും മുതൽക്കൂട്ടാവും.

2024 ഫെബ്രുവരിയിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നാലാമത്തെ പാസഞ്ചർ കാർ മാരുതി സുസുക്കി ഡിസയറാണ്. ഫ്ലീറ്റ് ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്ന വലിയ സ്വീകാര്യത കാരണം 15,837 യൂണിറ്റ് വിൽപ്പനയാണ് മോഡലിന് ലഭിച്ചത്. എങ്കിലും കഴിഞ്ഞ കൊല്ലം വിപണനം ചെയ‌്‌ത 16,798 യൂണിറ്റുകളുമായി താരതമ്യം ചെയ്‌താൽ കോംപാക്‌ട് സെഡാന്റെ വാർഷിക വിൽപ്പനയിലും ആറ് ശതമാനം ഇടിവുണ്ടായിട്ടുണ്ടെന്ന് വേണം പറയാൻ.
ഡിസയറിനും അതിൻ്റെ ഹാച്ച്ബാക്ക് പതിപ്പായ സ്വിഫ്റ്റിനും വരും മാസങ്ങളിൽ വലിയ അപ്‌ഡേറ്റ് ഉണ്ടാകും. ഇതോടെ വിൽപ്പന ഇരട്ടിയാവുമെന്നു തന്നെയാണ കമ്പനി പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി ബ്രെസ 15,765 യൂണിറ്റുകളുമായി അഞ്ചാം സ്ഥാനത്ത് വിൽപ്പന അവസാനിപ്പിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ 15,787 യൂണിറ്റിനെ അപേക്ഷിച്ച് നോക്കുമ്പോൾ വിൽപ്പനയിൽ നാമമാത്രമായ കുറവ് മാത്രമാണ് സംഭവിച്ചിരിക്കുന്നത്.

140 ശതമാനം വർധനവോടെ മാരുതി സുസുക്കി എർട്ടിഗയാണ് പോയ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുളിൽ ആറാം സ്ഥാനം നേടിയത്. 2023 ഫെബ്രുവരിയിലെ 6,472 യൂണിറ്റിൽ നിന്ന് 15,519 യൂണിറ്റ് വിൽപ്പനയാണ് എംപിവിക്ക് 2024-ൽ നേടിയെടുക്കാനായത്. വൻതോതിലുള്ള വിൽപ്പന വർധനയോടെ ആദ്യ പത്തിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കും എംപിവിക്ക് സ്വന്തമാക്കാനായി.
15,276 യൂണിറ്റുകളുമായി ഹ്യുണ്ടായി ക്രെറ്റയാണ് ഏഴാം സ്ഥാനത്തെത്തിയത്. 2023 ഫെബ്രുവരിയിൽ 10,421 യൂണിറ്റുകൾ മാത്രം നിരത്തിലെത്തിച്ചതിനാൽ അടുത്തിടെ മുഖം മിനുക്കിയ മിഡ്-സൈസ് എസ്‌യുവി 47 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി. മഹീന്ദ്ര സ്‌കോർപിയോ N, സ്‌കോർപിയോ ക്ലാസിക് എന്നിവ കഴിഞ്ഞ മാസം 15,051 യൂണിറ്റുകളാണ് വിപണനം ചെയ്‌തത്. കഴിഞ്ഞ വർഷം ഇതേ സമയത്തെ 6,950 യൂണിറ്റിൽ നിന്നും ആഭ്യന്തര വിപണിയിൽ 117 ശതമാനം വളർച്ച വാഹനം കൈവരിച്ചിട്ടുണ്ട്.

3 ശതമാനം വളർച്ചയോടെ 13,914 യൂണിറ്റുകളിൽ നിന്ന് 14,395 യൂണിറ്റ് വിൽപ്പനയുമായി ടാറ്റ നെക്‌സോൺ ഒമ്പതാം സ്ഥാനത്താണ് എത്തിയത്. ഫ്രോങ്ക്സ് കോംപാക്ട് എസ്‌യുവി കൂപ്പെ 14,168 യൂണിറ്റുകളുമായി പത്താം സ്ഥാനത്തെത്തി കാര്യങ്ങൾ ഗംഭീരമാക്കി. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ ഇന്ത്യൻ വിപണി ഭരിക്കാൻ തയാറായി കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ഫെബ്രുവരി മാസത്തെ കണക്കുകൾ സൂചന നൽകിയിരിക്കുന്നത്. മാരുതി സ്വിഫ്റ്റ് ടോപ്പ് 10 ലിസ്റ്റിൽ നിന്നും പുറത്തായതും പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്.


Click it and Unblock the Notifications








