അടിതട്ടില്ല! വില വെറും 8 ലക്ഷം മാത്രം; ഏറ്റവും ഗ്രൗണ്ട് ക്ലിയറൻസുള്ള എസ്‌യുവി ഏതാണെന്ന് പറയാമോ?
പലരും എസ്‌യുവികളുടെ പിന്നാലെ പായാനുള്ള ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്നാണ് അതിന്റെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്. നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥ കണക്കിലെടുക്കുമ്പോൾ ഉപയോഗിക്കാൻ ഏറ്റവും നല്ലത് സ്പോർട് യൂട്ടിലിറ്റി വാഹനഹങ്ങളാണ്. സർക്കാർ മാത്രമല്ല, ഭൂപ്രകൃതിയും മാറിവരുന്ന കാലവസ്ഥയുമെല്ലാം റോഡുകളുടെ ഈ മോശം അവസ്ഥയ്ക്ക് കാരണമാവുന്നുണ്ട്. അടിതട്ടിയാൽ എവിടെ എന്തൊക്കെ പണിവരുമെന്ന് ദൈവം തമ്പുരാന് പോലുമറിയില്ല. കുഴികളും കൃത്യമല്ലാത്ത എക്‌സിറ്റ് റാമ്പുകളും മോശം സ്പീഡ് ബ്രേക്കറുകളും വരെ കാറുകളുടെ വില്ലനാവാറുണ്ട്. എസ്‌യുവികളാണെങ്കിൽ അടിതട്ടുമെന്ന പേടിയില്ലാതെ വണ്ടി കൊണ്ടുനടക്കാം.
പക്ഷേ പലർക്കും 10 ലക്ഷത്തിന് മുകളിൽ പണം മുടക്കാനും മടിയായിരിക്കും. അത്തരക്കാർക്കും പരിഹാരമുണ്ട് കേട്ടോ. ഏറ്റവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന 10 ലക്ഷത്തിൽ താഴെയുള്ള അഞ്ച് ബജറ്റ് എസ്‌യുവികളെയാണ് ഇന്ന് ഞങ്ങൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. വാങ്ങി പോർച്ചിലിട്ടാൽ അടിതട്ടാതെ ഏതിലെ വേണമെങ്കിലും കൊണ്ടുനടക്കാമെന്നതാണ് ഇവയുടെ പ്രത്യേകത.

മഹീന്ദ്ര XUV 3XO: ചൂടപ്പം പോലെ വിറ്റഴിക്കുന്ന മഹീന്ദ്രയുടെ ഏറ്റവും ചെറിയ എസ്‌യുവിയായ XUV 3XO ആണ് ഗ്രൗണ്ട് ക്ലിയറൻസിന്റെ കാര്യത്തിൽ മിടുക്കനായ ആദ്യ മോഡൽ. 201 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമായി വരുന്ന തട്ടുപൊളിപ്പൻ മോഡലിന് 7.79 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വില വരുന്നത്. ഈ വിഭാഗത്തിൽ വാങ്ങാൻ പറ്റുന്ന ഏറ്റവും താങ്ങാനാവുന്ന മോഡലുകളിൽ ഒന്നുകൂടിയാണിത്.
കിയ സോനെറ്റ്: ഈ വർഷം ജനുവരിയിൽ പുറത്തിറക്കിയ കിയ സോനെറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഗ്രൗണ്ട് ക്ലിയറൻസിൻ്റെ കാര്യത്തിൽ എല്ലാവരേയും തൃപ്‌തിപ്പെടുത്തുമെന്ന് ഉറപ്പാണ്. 205 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുള്ള സോനെറ്റ് ഏത് മോശം റോഡുകളുള്ള സാഹചര്യങ്ങളിലും മികച്ച ഡ്രൈവിംഗാണ് പ്രദാനം ചെയ്യുക. 7.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് സോനെറ്റ് എസ്‌യുവി നിരത്തുകളിലേക്ക് എത്തുന്നത്.

നിസാൻ മാഗ്നൈറ്റ്: ജാപ്പനീസ് ഓട്ടോ ഭീമനിൽ നിന്നുള്ള ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ അടുത്തിടെയാണ് മുഖംമിനുക്കി വിപണിയിലേക്ക് എത്തിയത്. ഗ്രൗണ്ട് ക്ലിയറൻസിൻ്റെ കാര്യത്തിൽ നിസാനിൽ നിന്നുള്ള ചെറിയ എസ്‌യുവി ആരും പ്രതീക്ഷിക്കാത്ത ഉയരങ്ങളിലാണുള്ളത്. 205 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസോടെയാണ് മാഗ്‌നൈറ്റ് വിപണിയിലെത്തുന്നത്. 5.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയും കൂടിയാവുമ്പോൾ സംഗതി ഉഷാറാവും.
അങ്ങനെ 205 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുള്ളതിനാൽ ബുദ്ധിമുട്ടുള്ള റോഡ് സാഹചര്യങ്ങളെ താരതമ്യേന അനായാസം മറികടക്കാൻ മാഗ്നൈറ്റിന് സാധിക്കും. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് മാഗ്നൈറ്റ് നിരത്തിലെത്തുന്നത്. അതിൽ ആദ്യത്തേത് 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പതിപ്പും രണ്ടാമത്തേത് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമാണ്. മാനുവൽ, എഎംടി, സിവിടി ഓട്ടോമാറ്റിക് എന്നിങ്ങനെ പല ട്രാൻസ്മിഷൻ ഓപ്ഷനുകളും എസ്‌യുവിയിൽ തെരഞ്ഞെടുക്കാം.

റെനോ കൈഗർ: മാഗ്‌നൈറ്റ് എസ്‌യുവിയുടെ സഹോദരൻ എന്നുവിളിക്കാവുന്ന റെനോ കൈഗറും സമാനമായ ഗ്രൗണ്ട് ക്ലിയറൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്‌യുവിയുടെ എക്സ്ഷോറൂം വില 6 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നതും. മാഗ്‌നൈറ്റിന് പുറമെ ഇന്ത്യയിൽ ഒരാൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന എസ്‌യുവികളിലൊന്നാണിത്. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, ടർബോചാർജ്ഡ് എഞ്ചിൻ എന്നിവയും എസ്‌യുവിയിൽ ഉണ്ട്.
ടാറ്റ നെക്‌സോൺ: 10 ലക്ഷത്തിൽ താഴെയുള്ള എസ്‌യുവികളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസുള്ള എസ്‌യുവിയാണ് ടാറ്റ നെക്സോൺ. 8 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന സബ്-കോംപാക്‌ട് എസ്‌യുവിക്ക് 208 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്. സെഗ്‌മെൻ്റിലെ എല്ലാ എതിരാളികളേക്കാളും ഏറ്റവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും സേഫ്റ്റിയുമുള്ളതാണ് മോഡലിന്റെ വിജയം. അതോടൊപ്പം പെട്രോൾ, ഡീസൽ, ഇലക്ട്രിക് സിഎൻജി എഞ്ചിൻ ഓപ്ഷനുകളിലും നെക്സോൺ സ്വന്തമാക്കാം.


Click it and Unblock the Notifications








