ഇന്ത്യക്ക് പറ്റിയ ടൊയോട്ടയുടെ ഹൈബ്രിഡ് എസ്‌യുവി, മുഖംമിനുക്കി കുട്ടപ്പനായി കൊറോള ക്രോസ്
ഇന്ത്യയിൽ ഇന്നോവ മുതലാളി എന്നറിയപ്പെടുന്ന ടൊയോട്ട ആഗോളതലത്തിൽ വലിയ മുതലാളിമാരാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും ഈ ജാപ്പനീസ് വാഹന നിർമാതാക്കളുടെ കാറുകളാണെന്ന് പറഞ്ഞാൽ പലരിലും ഞെട്ടലുണ്ടാക്കിയെന്നും വരാം. അന്താരാഷ്‌ട്ര വിപണികളിൽ കമ്പനി പുറത്തിറക്കുന്ന മോഡലുകൾ കണ്ടാൽ ഇന്നോവ വരെ എടുത്ത് കിണറ്റിലാൻ തോന്നും.
ടൊയോട്ട വിദേശ രാജ്യങ്ങളിലിറക്കുന്ന പല മോഡലുകളും ഇന്ത്യയിൽ ഇറക്കിയിരുന്നുവെങ്കിൽ എന്നോർക്കുന്ന എത്രയോ പേരുണ്ടാവും അല്ലേ. അത്തരക്കാരെ വീണ്ടും കൊതിപ്പിച്ച് പുത്തനൊരു എസ്‌യുവി കൂടി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 2024 മോഡൽ കൊറോള ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ കാര്യമാണ് ഈ പറയുന്നത്. തായ്‌ലൻഡിൽ അരങ്ങേറ്റം കുറിച്ച് മൂന്ന് വർഷത്തിനിപ്പുറമാണ് വാഹനം പുതുരൂപം ആവാഹിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ മോഡൽ എക്സ്റ്റീരിയർ ഡിസൈൻ മെച്ചപ്പെടുത്തലുകൾ മുതൽ പുതുക്കിയ ഇൻ്റീരിയർ ഫീച്ചറുകളും മെച്ചപ്പെടുത്തിയ എർഗണോമിക്‌സ് പോലുള്ള വരെ നിരവധി പരിഷ്ക്കാരങ്ങളാണ് അവതരിപ്പിക്കുന്നത്. മാറ്റങ്ങളിലേക്ക് നോക്കിയാൽ മുൻഗാമിയിൽ നിന്നും വ്യത്യസ്‌തമാക്കുന്നതിന് റീഡിസൈൻ ചെയ്‌ത ഫ്രണ്ട് ഫാസിയയാണ് 2024 കൊറോള ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിലേക്ക് ടൊയോട്ട കൊണ്ടുവന്നിരിക്കുന്നത്.
ജാപ്പനീസ് അല്ലെങ്കിൽ ഓസ്‌ട്രേലിയൻ പതിപ്പുകൾക്ക് സമാനമായ രൂപഭാവം സ്വീകരിക്കുമെന്ന് ചിലർ പ്രതീക്ഷിച്ചിരുന്നെങ്കിലും ആസിയാൻ വിപണിക്ക് സവിശേഷമായ ഒരു ഡിസൈൻ ലഭിച്ചത് എന്തായാലും സ്വാഗതാർഹമായ കാര്യം തന്നെയാണ്. കൊറോള ക്രോസിന്റെ 2024 മോഡൽ പരമ്പരാഗത ഫ്രണ്ട് ഗ്രില്ലിൽ നിന്ന് സ്ലിം ലൈറ്റ് ബാറും വൃത്താകൃതിയിലുള്ള നോസും അതേപടി നിലനിർത്തിയിട്ടുണ്ട്.

എഞ്ചിനിലേക്ക് മതിയായ വായുസഞ്ചാരം ഉറപ്പാക്കാൻ ഫ്രണ്ട് ബമ്പറിൽ ഇപ്പോൾ നിരവധി ചെറിയ സുഷിരങ്ങളും അവതരിപ്പിക്കുന്നു. ഇത് വ്യതിരിക്തവും ആധുനികവുമായ സൗന്ദര്യാത്മകതയാണ് ക്രോസ്ഓവർ എസ്‌യുവിക്ക് സമ്മാനിച്ചിരിക്കുന്നതെന്ന് വേണം പറയാൻ. ജാപ്പനീസ്, ഓസ്‌ട്രേലിയൻ, യൂറോപ്യൻ വേരിയൻ്റുകളിൽ കാണപ്പെടുന്ന അതേ സിഗ്നേച്ചർ എൽഇഡി ലൈറ്റുകളും ഹെഡ്‌ലൈറ്റുകളും ഒരു പരിവർത്തനത്തിന് വിധേയമായിട്ടുണ്ട്.
കൂടാതെ ഫ്രണ്ട് ബമ്പറുകൾക്ക് കൂടുതൽ പ്രമുഖമായ ആംഗിളുകളും ഉണ്ട്. ഇത് ആസിയാൻ വിപണിയിലെ കാറിൻ്റെ വിഷ്വൽ അപ്പീലും അതുല്യതയും വർധിപ്പിക്കുന്നുവെന്ന് ടൊയോട്ട പറയുന്നു. ഇനി വശക്കാഴ്ച്ചയിൽ പുതുമകൊണ്ടുവരാനായി 2024 കൊറോള ക്രോസിനായി 16 മുതൽ 18 ഇഞ്ച് വരെ വലിപ്പമുള്ള പുതിയ വീൽ ഡിസൈനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പിൻവശത്ത് ടെയിൽ ലൈറ്റുകൾ ഒരു പുതിയ പാറ്റേൺ കൊണ്ടുവന്നിട്ടുണ്ടെന്നതും പുതുമനൽകുന്നുണ്ട്.

അതേസമയം വാഹനത്തിൻ്റെ മൊത്തത്തിലുള്ള രൂപം വർധിപ്പിക്കുന്നതിനായി റിയർ ബമ്പർ സൂക്ഷ്മമായി പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. രസകരമായ കാര്യം എന്തെന്നു വെച്ചാൽ കൊറോള ക്രോസ് GR സ്‌പോർട്ട് വേരിയന്റ് അതിൻ്റെ ഒറിജിനൽ ഡിസൈൻ ഹൈലൈറ്റുകൾ അതേപടി നിലനിർത്തിയിട്ടുണ്ട് എന്നതാണ്. ഇത് എസ്‌യുവി ലൈനപ്പിനുള്ളിൽ അതിൻ്റെ വ്യതിരിക്തമായ ഐഡൻ്റിറ്റി നിലനിർത്താനും ടൊയോട്ടയെ സഹായിക്കും.
മുമ്പ് പറഞ്ഞതുപോലെ ഇന്റീരിയറിലും ജാപ്പനീസ് ബ്രാൻഡ് പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതിൽ യാത്രാ സുഖവും സൗകര്യവും വർധിപ്പിക്കുന്നതിനായി ടൊയോട്ട കാര്യമായ മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമാവുന്ന കാര്യം. കാലഹരണപ്പെട്ട കാൽ-ഓപ്പറേറ്റഡ് പാർക്കിംഗ് ബ്രേക്കിന് പകരം സെൻട്രൽ കൺസോളിൽ സ്ഥിതി ചെയ്യുന്ന ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് സിസ്റ്റമാണ് 2024 കൊറോള ക്രോസ് അവതരിപ്പിക്കുന്നത്.

ഇത് ഡ്രൈവറുടെ കാലുകൾക്ക് സ്പേസ് നൽകുകയും കൂടുതൽ ആധുനികവും കാര്യക്ഷമവുമായ ഇൻ്റീരിയർ ലേഔട്ട് നൽകാനും സഹായിച്ചിട്ടുണ്ട്. മാത്രമല്ല, എസ്‌യുവിയുടെ ടോപ്പ് എൻഡ് മോഡലുകൾ ഒരു പുതിയ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും കൊണ്ടുവന്നിട്ടുണ്ട്. ഇത് ഡാഷ്ബോർഡിന് മോഡേൺ ടച്ചാണ് നൽകുന്നത്. കൂടാതെ മെച്ചപ്പെട്ട പ്രവർത്തനക്ഷമതയും ഉപയോക്തൃ അനുഭവവും വാഗ്ദാനം ചെയ്യുന്ന വലിയ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും ടൊയോട്ട പരിചയപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ കൊറോള ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ എഞ്ചിൻ ഓപ്ഷനുകളിലൊന്നും മാറ്റങ്ങളില്ല. മുൻഗാമിക്ക് സമാനമായി 1.8 ലിറ്റർ പെട്രോൾ അല്ലെങ്കിൽ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ തന്നെയാണ് വാഹനത്തിന് തുടിപ്പേകുന്നത്. പെട്രോൾ എഞ്ചിൻ 138 bhp പവറിൽ 172 Nm torque നൽകുമ്പോൾ എസ്‌യുവിയിലെ ഹൈബ്രിഡ് വേരിയന്റുകൾ 120 bhp കരുത്തിൽ 142 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. രണ്ടിലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് സ്റ്റാൻഡേർഡായി ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications








