എൻഡവർ വന്നാലും ഇനി കുലുങ്ങില്ല, കൂടുതൽ സ്റ്റൈലായി ഫോർച്യൂണർ ലീഡർ എഡിഷൻ
എസ്‌യുവികളുടെ അവസാനവാക്കായി വിശേഷിപ്പിക്കാവുന്ന വാഹനമാണ് ടൊയോട്ട ഫോർച്യൂണർ (Toyota Fortuner). ഇന്ത്യക്ക് പുറമെ മറ്റ് ആഗോള വിപണികളിലും തരംഗമായി മാറിയ ചുരുക്കം ചില മോഡലുകളിൽ ഒന്നാണിത്. ഇന്നോവയ്ക്ക് ശേഷം നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന വണ്ടികൂടിയാണിതെന്ന് നിസംശയം പറയാം.
പണ്ട് ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ ഫോർഡ് എൻഡവർ പോലും വിചാരിച്ചിട്ട് ഫോർച്യൂണറിനെ താഴെയിറക്കാനായില്ല. പിന്നീട് എംജി ഗ്ലോസ്റ്ററും ജീപ്പ് മെറിഡിയൻ പോലുള്ള തട്ടുപൊളിപ്പൻ മോഡലുകൾ കടന്നുവന്നിട്ടും ഫോർച്യൂണറിന്റെ തട്ട് താണുതന്നെയിരുന്നതാണ് ചരിത്രം. പലരും ഡൽഹിയിൽ പോയി കുറഞ്ഞ വിലയ്ക്ക് ഫോർച്യൂണർ വാങ്ങി പോർച്ചിലിടുന്ന ട്രെൻഡും അടുത്തിടെയായി കേരളത്തിലുണ്ട്.

ഏറ്റവും റീസെയിൽ വാല്യുവുള്ള എസ്‌യുവി കൂടിയാണിത്. ദേ ഇപ്പോൾ ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഫോർച്യൂണർ ലൈനപ്പിലേക്ക് ലീഡർ എഡിഷൻ എന്നൊരു പുത്തൻ വേരിയന്റിനെ കൊണ്ടുവന്നിരിക്കുകയാണ്. സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ കൂടുതൽ സവിശേഷതൾ വാഗ്‌ദാനം ചെയ്‌തുകൊണ്ടാണ് ടൊയോട്ട ഫോർച്യൂണർ ലീഡർ എഡിഷൻ ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരുന്നത്.
ഫോർച്യൂണറിൽ തന്നെ വ്യതിരിക്തമായ സ്റ്റൈലിംഗ് ഘടകങ്ങളും അധിക ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന മോഡൽ തേടുന്നവർ പറ്റിയ മോഡലാണിത്. താത്പര്യമുള്ളവർക്ക് ടൊയോട്ട ഡീലർഷിപ്പ് മുഖേനയോ അല്ലെങ്കിൽ ഓൺലൈൻ വഴിയോ വാഹനം ഇപ്പോൾ ബുക്ക് ചെയ്യാനാവും. ഇനി സ്റ്റാൻഡേർഡ് പതിപ്പിൽ നിന്നും ലീഡർ എഡിഷനിൽ എന്തെല്ലാം മാറ്റങ്ങളാണ് കാണാനാവുക എന്ന് ചോദിച്ചാൽ പറയാൻ ഒരുപാടുണ്ട്.

മുന്നിലും പിന്നിലും ബമ്പർ സ്‌പോയിലറുകൾ, ബ്ലാക്ക്, വൈറ്റ്, ക്ലാരിറ്റി എന്നിവയിൽ ഡ്യുവൽ ടോൺ എക്സ്റ്റീരിയർ പെയിൻ്റ് ഓപ്ഷനും ബ്ലാക്ക് അലോയ് വീലുകളുമാണ് ടൊയോട്ട ഫോർച്യൂണർ ലീഡർ എഡിഷനെ അഴകുറ്റതാക്കാനായി കമ്പനി ഉപയോഗിച്ചിരിക്കുന്നത്. സ്‌പോയിലറുകൾ ഉൾപ്പെടെയുള്ള ചില ആക്‌സസറികൾ അംഗീകൃത ഡീലർമാർ ഇൻസ്റ്റാൾ ചെയ്യും. ഇൻ്റീരിയറിൽ ഡ്യുവൽ-ടോൺ സീറ്റുകളും വയർലെസ് ചാർജർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ-ഫോൾഡിംഗ് മിററുകൾ തുടങ്ങിയ നൂതന ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫോർച്യൂണർ ലീഡർ എഡിഷൻ അതിൻ്റെ ബോൾഡ് ശൈലിയെ കൂടുതൽ സവിശേഷതകളോടെ മെച്ചപ്പെടുത്തുകയും കരുത്തും സ്റ്റൈലും കൂടുതൽ കൈവരിക്കുവാനുമാണ് ഡിസൈൻ ചെയ്‌തിരിക്കുന്നതെന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോറിലെ സെയിൽസ്, സർവീസ്, യൂസ്ഡ് കാർ ബിസിനസ് വൈസ് പ്രസിഡന്റ് ശബരി മനോഹർ പറഞ്ഞു. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകാൻ എതതിയിരിക്കുന്നത്.

മാനുവൽ മോഡലുകൾ 201 bhp പവറിൽ പരമാവധി 420 Nm torque നൽകുമ്പോൾ ഫോർച്യൂണർ ലീഡർ എഡിഷൻ ഓട്ടോമാറ്റിക് വേരിയന്റ് 201 bhp കരുത്തിൽ 500 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ പ്രത്യേക പതിപ്പ് 4X2 രൂപത്തിൽ മാത്രമേ വാങ്ങാനാവൂവെന്നും ടൊയോട്ട പ്രത്യേകം പറയുന്നു. 2009-ൽ അവതരിപ്പിച്ചതു മുതൽ ടൊയോട്ട ഫോർച്യൂണർ ഇന്ത്യൻ വിപണിയിലെ സുപ്രധാന മോഡലുകളിൽ ഒന്നാണ്.
2023-24 സാമ്പത്തിക വർഷത്തിൽ ടൊയോട്ട 48 ശതമാനം വളർച്ചയുമായി മൊത്തവിൽപ്പന 2.65 ലക്ഷം യൂണിറ്റിലെത്തി. ഈ നേട്ടം കൈവരിക്കാൻ ഫോർച്യൂണർ വഹിച്ച പങ്കും ചെറുതല്ലെന്ന് വേണം പറയാൻ. മുൻ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വിൽപ്പന 1.77 ലക്ഷം യൂണിറ്റായിരുന്നു. ഈ വളർച്ചയ്ക്ക് കാരണം ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ തുടങ്ങിയ മോഡലുകളുടെ സുസ്ഥിരമായ വിജയമാണ്.

ഫോർച്യൂണറിൻ്റെ ഹൈബ്രിഡ് പതിപ്പ് അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ ടൊയോട്ട അവതരിപ്പിച്ചിരുന്നു. ഫോർച്യൂണർ മൈൽഡ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ (MHEV) എന്നറിയപ്പെടുന്ന ഇതിന് 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ് കമ്പനി നൽകിയിരിക്കുന്നത്. സ്റ്റാൻഡേർഡ് 2.8 ഡീസൽ മോഡലിനേക്കാൾ 5 ശതമാനം കൂടുതൽ ഇന്ധനക്ഷമതയുള്ളതാണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഓഫ് റോഡ് ശേഷിയെ ബാധിക്കാതെ തന്നെ ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് മോഡലുകളില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പമാണ് ഹൈബ്രിഡ് സംവിധാനം ഒരുക്കിയിട്ടുള്ളത്. അടുത്ത വർഷത്തോടെ പുൾ-സൈസ് എസ്‌യുവിയുടെ പുതുതലമുറ പതിപ്പിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട.


Click it and Unblock the Notifications








