26 കി.മീ. മൈലേജുള്ള 7-സീറ്റർ ഹൈബ്രിഡ് എസ്‌യുവി, സ്വപ്‌ന സാക്ഷാത്ക്കാരത്തിന് തയാറായി ടൊയോട്ട
വലിയൊരു വണ്ടി വീട്ടിലേക്ക് എടുത്താലോയെന്ന് ആലോചിക്കുമ്പോഴേ മനസിലേക്ക് ഓടിയെത്തുന്ന പേരാണ് ടൊയോട്ട ഇന്നോവയുടേത് (Toyota Innova). അതിപ്പോൾ ക്രിസ്റ്റയായാലും (Crysta) ഹൈക്രോസായാലും (Hycross) മുടക്കുന്ന പണം ഫിക്‌സഡ് ഡിപ്പോസിറ്റ് ഇട്ടപോലെയാണ്. എന്നെങ്കിലും കൊടുക്കണമെന്ന് വിചാരിച്ചാൽ അധിക നഷ്‌ടമൊന്നും കൂടാതെ പണം വാരാമെന്നതും ഇവയുടെ പ്രത്യേകതയാണ്. റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ ടൊയോട്ട പുലികളാണ്. രാജ്യത്ത് മിഡ്-സൈസ് എസ്‌യുവികൾ ട്രെൻഡായതോടെ ഈ സെഗ്മെന്റിലെ ഇന്നോവയാവാൻ ജാപ്പനീസ് ബ്രാൻഡ് കൊണ്ടുവന്ന മോഡലാണ് അർബൻ ക്രൂയിസർ ഹൈറൈഡർ (Toyota Urban Cruiser Hyryder).
സെഗ്മെന്റിലെ കൊറിയൻ ആധിപത്യം തകർക്കാനായിരുന്നു ടൊയോട്ടയുടെ പദ്ധതി. അതിനായി കാത്തുവെച്ചത് സ്ട്രോംഗ് ഹൈബ്രിഡ് എന്ന സാങ്കേതികവിദ്യയുമായിരുന്നു. സംഗതി എന്തായാലും ഹിറ്റായതോടെ ജാപ്പനീസ് വാഹന നിർമാതാക്കൾ പണം വാരാൻ തുടങ്ങി. 27 കിലോമീറ്റർ മൈലേജ് തന്നെയാണ് ഈ എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റ് തന്നെ. ഒപ്പം മോഡേൺ ഫീച്ചറുകളുടെ സമ്പന്നതയും കിടിലൻ ഡിസൈനും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.

എന്നാൽ ഇന്നോവയ്ക്ക് കൂട്ടായി പുതിയ 7 സീറ്റർ എസ്‌യുവി പുറത്തിറക്കാൻ ടൊയോട്ട ഒരുങ്ങുന്നതായാണ് വിവരം. റൂമിയോണും ക്രിസ്റ്റയും തമ്മിലുള്ള വിടവ് നികത്തുകയെന്ന ഉദ്ദേശമായിരിക്കും ഈ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് കമ്പനി സമ്മാനിക്കുക. ഇപ്പോൾ ഏവരും മനസിലോർത്ത ഹൈറൈഡറിന്റെ 7 സീറ്റർ പതിപ്പിനെയാണ് വിപണിയിലെത്തിക്കാൻ കമ്പനി തയാറെടുക്കുന്നത്. പങ്കാളിയായ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കി പുത്തൻ സെവൻ സീറ്റർ നിർമിക്കുന്നതിന്റെ ബാക്കിപത്രമായിരിക്കും ഇത്.
നിലവിൽ ഗ്രാൻഡ് വിറ്റാരയും ഹൈറൈഡറും എങ്ങനെയാണോ അതേ തന്ത്രം തന്നെയാണ് വരാനിരിക്കുന്ന 7 സീറ്റർ എസ്‌യുവിയിലും ഇരുകമ്പനികളും പയറ്റാൻ ഒരുങ്ങുന്നത്. മൂന്നുവരി ഹൈറൈഡറും മാരുതിയുടെ ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി തന്നെയാവും പണികഴിപ്പിക്കുക. അധിക വരികൾ സ്ഥാപിക്കാൻ ഇതിന് നീളമേറിയ വീൽബേസ് ലഭിക്കും. ഡിസൈനിൻ്റെ അടിസ്ഥാനത്തിൽ അൽപ്പം വ്യത്യസ്‌തമായ സമീപനമായിരിക്കും സ്വീകരിക്കുക.

ഒപ്പം ഇന്റീരിയറിലും ചില മാറ്റങ്ങൾ വരുമെന്നാണ് അനുമാനം. ADAS പോലുള്ള മോഡേൺ ടെക്കുകളാൽ മോഡൽ സമ്പന്നമായിരിക്കും. മെക്കാനിക്കൽ വശങ്ങളും സമാനമായിരിക്കുമെന്ന് വേണം പറയാൻ. ഹൈറൈഡർ 7 സീറ്റർ പതിപ്പ് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളിലും 1.5 ലിറ്റർ സ്ര്ടോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനിലുമാവും വാങ്ങാനാവുക. 5 സീറ്റർ ഹൈറൈഡറിലേത് പോലെ ടൊയോട്ടയ്ക്ക് ഹൈബ്രിഡ് എഞ്ചിനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 1.5 ലിറ്റര്‍ NA K15C മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന് 102 bhp കരുത്തിൽ പരമാവധി 135 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഈ എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലാണ് തെരഞ്ഞെടുക്കാനാവുന്നത്. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ സ്‌ട്രോംഗ് ഹൈബ്രിഡ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി 116 bhp കരുത്തില്‍ 141 Nm ടോര്‍ക്ക് വരെ വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

ഇ-ഡ്രൈവ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വഴി ഫ്രണ്ട് വീല്‍ ഡ്രൈവായാണ് എസ്‌യുവി വരുന്നത്. 5 സീറ്റർ പെട്രോള്‍ ഓപ്ഷന്‍ ലിറ്ററിന് 19.39 മുതല്‍ 21.12 കിലോമീറ്റര്‍ വരെയാണ് മൈലേജ് പറയുന്നത്. അതേസമയം ഹൈറൈഡര്‍ ഹൈബ്രിഡ് ഓപ്ഷന് ലിറ്ററിന് 27.97 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ടൊയോട്ട അവകാശപ്പെടുന്നുണ്ട്. അതേസമയം സിഎന്‍ജി പതിപ്പുകള്‍ കിലോഗ്രാമിന് 26.6 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് അവകാശവാദം.
7 സീറ്ററിലേക്ക് മാറ്റുമ്പോൾ ഇന്ധനക്ഷമത ചെറുതായൊന്ന് കുറയാൻ സാധ്യതയുണ്ട്. എങ്കിലും പരമാവധി 26 കിലോമീറ്റർ വരെയെങ്കിലും നൽകും വിധമായിരിക്കും ട്യൂൺ ചെയ്യുക. ഇപ്പോൾ E, S, G, V എന്നിങ്ങനെ 4 വേരിയന്റുകളിലായാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ വിപണിയിലെത്തുന്നത്. ആഭ്യന്തര വിപണിയില്‍ ഈ മിഡ്-സൈസ് എസ്‌യുവിക്ക് 11.14 ലക്ഷം മുതല്‍ 20.19 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.
ഇതിൽ നിന്നും ചെറിയ വ്യത്യാസമായിരിക്കും വരാനിരിക്കുന്ന 7 സീറ്ററിനുണ്ടാവുക. ഇന്ത്യൻ വിപണിയിൽ വിപണനത്തിന് എത്തുമ്പോൾ എംജി ഹെക്ടര്‍ പ്ലസ്, ടാറ്റ സഫാരി, സിട്രണ്‍ C3 എയര്‍ക്രോസ് 7 സീറ്റര്‍ , ഹ്യുണ്ടായി അല്‍കസാര്‍ എന്നിവയുമായാവും ടൊയോട്ട ഹൈറൈഡർ മൂന്നുവരി പതിപ്പ് മത്സരിക്കേണ്ടി വരിക. സെഗ്മെന്റിൽ ഹൈബ്രിഡ് ഓപ്ഷൻ ലഭിക്കുന്നത് വിൽപ്പന പിടിക്കാൻ സഹായിക്കുന്ന കാര്യമായിരിക്കും.


Click it and Unblock the Notifications








