പഴയ വിലയിൽ ഇനി വണ്ടികിട്ടില്ല, ടൊയോട്ടയുടെ മൈലേജ് എസ്‌യുവി വേണേൽ പണം വാരിയെറിയണം
ടൊയോട്ടയുടെ കാറുകൾക്ക് ഇന്ത്യയിലുള്ള സ്വീകാര്യത അതൊന്നു വേറെ തന്നെയാണ്. ജാപ്പനീല് ബ്രാൻഡിന് ആകെ പാളിപ്പോയത് യാരിസ് എന്ന സി-സെഗ്മെന്റ് സെഡാനിൽ മാത്രമാണ്. യമകിങ്കരൻമാർ അരങ്ങുവാണ സി-സെഗ്മെന്റ് സെഡാൻ വിഭാഗത്തിലെ നല്ലൊരു വണ്ടായായിരുന്നിട്ടും യാരിസ് ആളുകൾക്ക് അത്ര ഇഷ്‌ടപ്പെട്ടില്ല. മോഡേൺ ഫീച്ചറുകളുടെ അഭാവവും ഡിസൈനിലെ ഭംഗിക്കുറവുമെല്ലാമായിരുന്നു യാരിസിന് വിനയായത്.
എന്നാൽ ഇതേ വില പോയിന്റിൽ ഒരു ഹൈബ്രിഡ് എസ്‌യുവി കൊണ്ടുവന്നാണ് ടൊയോട്ട പിന്നീട് ഏവരുടേയും മനംകവർന്നത്. മാരുതി സുസുക്കിയുമായുള്ള പങ്കാളിത്തത്തിൽ പണിതിറക്കിയ അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. ഡീസൽ എഞ്ചിൻ ഓപ്ഷനൊന്നും ഇല്ലാഞ്ഞിട്ടും പെട്രോളിൽ ഹൈബ്രിഡ് വിസ്‌മയം ഒരുക്കിയാണ് കമ്പനി ആളെക്കൂട്ടിയത്.

ഒരു ലിറ്റർ പെട്രോളിൽ 28 കിലോമീറ്റർ മൈലേജുള്ള വാഹനം വരുമ്പോൾ ആരെങ്കിലും വേണ്ടെന്നു പറയുമോ? അതും പോക്കറ്റിന് ഇണങ്ങുന്ന വിലയ്ക്ക് കൂടിയെത്തിയാൽ ഇന്ത്യക്കാർ മോഡലിനെ നെഞ്ചിലേറ്റും. ഇതുതന്നെയാണ് ടൊയോട്ട ഹൈറൈഡറിനും സംഭവിച്ചത്. എന്നാൽ ഹൈറൈഡർ എസ്‌യുവി വാങ്ങിയേക്കാം എന്നുവെച്ചവർക്കുള്ള പണിയുമായി എത്തിയിരിക്കുകയാണ് ടൊയോട്ടയിപ്പോൾ.
എന്താണന്നല്ലേ, സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയും തട്ടുപൊളിപ്പൻ ഫീച്ചറുകളുമെല്ലാമായി ആറാടുന്ന മോഡലിന് വില ചെറുതായൊന്ന് കൂട്ടി ഞെട്ടിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ. 2024 ജനുവരി മുതൽ തങ്ങളുടെ കാറുകളുടെ വില വർധിപ്പിക്കുമെന്ന് കഴിഞ്ഞ മാസം ടൊയോട്ട കിർലോസ്‌കർ മോട്ടോർസ് വ്യക്തമാക്കിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് പുതിയ നിരക്കുകൾ നിലവിൽ വന്നിരിക്കുന്നത്.

ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് എന്നിവയ്ക്ക് ശേഷം പുതുവർഷത്തിന്റെ വരവോടെ വിലയിൽ വർധനവുണ്ടായ ചുരുക്കം ചില മോഡലുകളിലൊന്നാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയുള്ള ടൊയോട്ടയുടെ മിഡ്-സൈസ് എസ്‌യുവിയുടെ വില 28,000 രൂപ വരെയാണ് കമ്പനിയിപ്പോൾ ഉയർത്തിയിരിക്കുന്നത്.
പക്ഷേ E നിയോഡ്രൈവ് എന്ന വേരിയന്റിലാണ് 28,000 രൂപ വർധിപ്പിച്ചിരിക്കുന്നത്. അതേസമയം S E-സിഎൻജി, G E-സിഎൻജി വേരിയന്റുകളുടെ വിലയിൽ 15,000 രൂപയുടെ വർധനവാണ് ടൊയോട്ട പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം S നിയോഡ്രൈവ്, S ഓട്ടോമാറ്റിക് നിയോഡ്രൈവ്, S ഹൈബ്രിഡ്, V AWD നിയോഡ്രൈവ്, G ഹൈബ്രിഡ്, V ഹൈബ്രിഡ് എന്നിവയുൾപ്പെടെ ഹൈറൈഡറിന്റെ മറ്റ് വകഭേദങ്ങൾക്ക് ഇനി മുതൽ 20,000 രൂപയോളമാണ് അധികമായി ചെലവാക്കേണ്ടി വരിക.

അതേസമയം മിഡ്-സൈസ് എസ്‌യുവിയുടെ G നിയോഡ്രൈവ്, G ഓട്ടോമാറ്റിക് നിയോഡ്രൈവ്, V നിയോഡ്രൈവ്, V ഓട്ടോമാറ്റിക് നിയോഡ്രൈവ് എന്നിവയുടെ വിലയിൽ മാറ്റമുണ്ടാവില്ലെന്നും ടൊയോട്ട അറിയിച്ചിട്ടുണ്ട്. അങ്ങനെ മൈൽഡ്-ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ്, സിഎൻജി എന്നിങ്ങനെ വ്യത്യസ്‌ത മോഡലുകളിലായി വരുന്ന ജനപ്രിയന് ഇപ്പോൾ പുതിയ മാറ്റങ്ങൾ പ്രകാരം 11.14 ലക്ഷം രൂപ മുതൽ 20.19 ലക്ഷം രൂപല വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
11 ഓളം കളർ ഓപ്ഷനുകളും ഹൈറൈഡറിൽ ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്. E, S, G, V എന്നിങ്ങനെ വ്യത്യസ്‌ത വകഭേദങ്ങളിൽ എത്തുന്ന മിഡ്-സൈസ് എസ്‌യുവിയുടെ ബേസ് ഒഴികെ എല്ലാ വേരിയന്റുകളും സ്ട്രോംഗ് ഹൈബ്രിഡ് ഓപ്ഷനുകൾ ലഭ്യമാണ്. എഞ്ചിൻ വിശദാംശങ്ങളിലേക്ക് വന്നാൽ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ സ്ട്രോംഗ് ഹൈബ്രിഡ് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ പരമാവധി 116 bhp കരുത്തിൽ 141 Nm torque ആണ് വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഇ-ഡ്രൈവ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വഴി ഫ്രണ്ട് വീൽ ഡ്രൈവായാണ് എസ്‌യുവി ഒരുങ്ങിയിരിക്കുന്നത്. കരുത്തുറ്റ ഹൈബ്രിഡ് എസ്‌യുവിക്ക് ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജാണ് ടൊയോട്ട അവകാശപ്പെടുന്നത്. ബജറ്റ് കുറവായവർക്ക് വേണ്ടി സുസുക്കിയിൽ നിന്നുള്ള 1.5 ലിറ്റർ NA K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനിലും ഹൈറൈഡർ സ്വന്തമാക്കാനാവും. ഇത് 102 bhp പവറിൽ പരമാവധി 135 Nm torque വരെ നൽകാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.
ഇനി മൂന്നാമത്തെ സിഎൻജി വേരിയന്റിലേക്ക് നോക്കിയാൽ മാരുതി സുസുക്കിയുടെ 1.5 ലിറ്റർ, നാല് സിലിണ്ടർ, K12C എഞ്ചിന് ഹൈറൈഡറിൽ സിഎൻജി ഫ്യുവലുമായി പ്രവർത്തുമ്പോൾ പവർ കണക്കുകൾ 88 bhp, 121.5 Nm torque എന്നിങ്ങനെയായി ചുരുങ്ങും. ടൊയോട്ട അവകാശപ്പെടുന്നത് പോലെ ഹൈറൈഡറിന്റെ സിഎൻജി വേരിയന്റിന് 26.6 കിലോമീറ്റർ മൈലേജാണുള്ളത്.


Click it and Unblock the Notifications








