മഹീന്ദ്രയെ കൊണ്ട് കൂട്ടിയാൽ കൂടൂല്ലന്നേ... 8 സീറ്റർ ഓപ്ഷനിൽ ഡീസൽ എഞ്ചിനുള്ള പുതിയ ഇന്നോവയുമായി ടൊയോട്ട
വന്നകാലം മുതൽ ദേ ഇന്നുവരെ വിപണിയിൽ ഒരേപോലെ ജനപ്രിയരായി നിൽക്കുന്ന ചുരുക്കം ചില വണ്ടികളിൽ ഒന്നാണ് ടൊയോട്ട ഇന്നോവ. മൾട്ടി പർപ്പസ് വാഹനങ്ങളുടെ അവസാനവാക്കായി ഇന്നോവ മാറിയിട്ട് രണ്ട് പതിറ്റാണ്ടാവുകയാണ്. തകരാറുകളൊന്നുമില്ലാതെ എത്ര ലക്ഷം കിലോമീറ്ററുകൾ വേണമെങ്കിലും കിടന്ന് ഓടിക്കോളും എന്നതിലുപരി കിടിലൻ യാത്രാ സുഖവും മൈലേജും റോഡ് പ്രസൻസുമാണ് ഇവനെ വേറിട്ടുനിർത്തുന്നത്.
സെക്കൻഡ് ഹാൻഡ് വിപണിയിലും ഇന്നോവയ്ക്കുള്ള പവറ് ഒന്ന് വേറെ തന്നെയാണ്. ഇന്ന് മൂന്നാംതമലുറ ആവർത്തനത്തിൽ ഹൈക്രോസായി മാറിയെങ്കിലും ടൊയോട്ടയുടെ ഡീസൽ എഞ്ചിനോടുള്ള ഇന്ത്യക്കാരുടെ പ്രണയം വിട്ടുമാറില്ല. ഹൈക്രോസ് പെട്രോൾ എഞ്ചിൻ മാത്രമുള്ള കാറായി മാറിയെങ്കിലും ഡീസൽ വേണ്ടവർക്ക് കമ്പനി ഇന്നോവ ക്രിസ്റ്റയെ ഇന്നും വിപണിയിൽ നിർത്തിയിട്ടുണ്ട്. വില 20 ലക്ഷത്തിന് മുകളിലാണെങ്കിലും ആളുകൾ വാങ്ങാനുണ്ടെന്നതാണ് സത്യം.

മോഡേൺ ഫീച്ചറുകളുടെ ബഹളവും കാര്യങ്ങളും ഒന്നുമില്ലെങ്കിലും എന്തോ ആളുകൾക്ക് ഇഷ്‌ടമാണ് ഇവനെ. ഇതു മനസിലാക്കിയ ടൊയോട്ട ഇന്ത്യക്കാർക്കായി പുതിയൊരു സമ്മാനം നൽകിയിരിക്കുകയാണ്. ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്നോവ ക്രിസ്റ്റയുടെ പുതിയ GX പ്ലസ് വേരിയന്റ് അവതരിപ്പിച്ചതാണ് ആ വാർത്ത. GX, VX മോഡലുകൾക്കിടയിൽ ഇരിക്കുന്ന ഇതിന്റെ ഏഴ് സീറ്റർ വേരിയൻ്റിന് 21.39 ലക്ഷവും എട്ട് സീറ്റർ വേരിയന്റിന് 21.44 ലക്ഷവുമാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.
ഇത് ക്രിസ്റ്റയുടെ GX വേരിയന്റിനേക്കാൾ 1.40 ലക്ഷം മുതൽ 1.45 ലക്ഷം രൂപ ചെലവേറിയതാക്കുന്നുവെങ്കിലും മുടക്കുന്ന പണത്തിനുള്ള മൂല്യം നൽകുന്നുവെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. സൂപ്പർ വൈറ്റ്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, അവൻ്റ്-ഗാർഡ് ബ്രോൺസ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലും പുതിയ ഇന്നോവ ക്രിസ്റ്റ GX പ്ലസ് വേരിയന്റ് സ്വന്തമാക്കാനാവും.

മുമ്പത്തേതിനേക്കാൾ നിരവധി ഫീച്ചറുകൾ കൂട്ടിച്ചേർത്ത് മൊത്തത്തിൽ അടിപൊളിയാക്കിയാണ് വരവെന്നതും ശ്രദ്ധേയമാവും. സിൽവർ സറൗണ്ട് പിയാനോ ബ്ലാക്ക് ഗ്രില്ലും 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും പോലുള്ള അധിക സവിശേഷതകൾ ക്രിസ്റ്റയെ അഴകുറ്റതാക്കുന്നുണ്ട്. ഇന്റീരിയറിലേക്ക് വന്നാൽ അകത്ത് വുഡ് ഫിനിഷ് ഇൻ്റീരിയർ പാനലുകൾ, ഓട്ടോ-ഫോൾഡ് മിററുകൾ, ഡിജിറ്റൽ വീഡിയോ റെക്കോർഡർ (DVR), പ്രീമിയം ഫാബ്രിക് സീറ്റുകൾ എന്നിവയാണ് പുതിയായി ലഭിക്കുന്ന ഫീച്ചറുകൾ.
സുരക്ഷയുടെ കാര്യത്തിലും ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പുതിയ വേരിയന്റ് അടിപൊളിയാണ്. റിയർ ക്യാമറ, എസ്ആർഎസ് എയർബാഗുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ സഹിതമുള്ള വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഹൈ-സ്ട്രെങ്ത് ഗ്ലോബൽ ഔട്ട്‌സ്റ്റാൻഡിംഗ് അസസ്‌മെന്റ് (GOA) ബോഡി ഘടന എന്നിവയെല്ലാം എംപിവിക്ക് ലഭിക്കുന്നുണ്ട്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ GX പ്ലസിന് 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഘടിപ്പിച്ച 2.4 ലിറ്റ ഡീസൽ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇത് 148 bhp കരുത്തിൽ പരമാവധി 343 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ എഞ്ചിൻ ഇക്കോ, പവർ ഡ്രൈവ് മോഡുകളോട് കൂടിയാണ് വരുന്നത് എന്നതിനാൽ ആവശ്യാനുസരണം പെർഫോമൻസിൽ മാറ്റം വരുത്താനാവും സാധിക്കും.
ഇന്നോവ ക്രിസ്റ്റയുടെ ഇപ്പോഴത്തെ എക്സ്ഷോറൂം വില 19.99 ലക്ഷം രൂപ മുതൽ 26.30 ലക്ഷം രൂപ വരെയാണ് വരുന്നത്. ടൊയോട്ട ഇന്നോവ ഹൈക്രോസിന് താഴെയായാണ് ഇത് സ്ഥാനംപിടിച്ചിരിക്കുന്നത്. എംപിവിക്ക് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളി ഇല്ലെങ്കിലും കിയ കാരെൻസ്, മഹീന്ദ്ര മറാസോ പോലുള്ള താങ്ങാനാവുന്ന ഓപ്ഷനുകൾ ഉള്ളത് കമ്പനിക്ക് തിരിച്ചടിയാണ്. എങ്കിലും ഇന്നോവയുടെ തട്ട്താണുതന്നെയാണിരിക്കുന്നത് എന്നതാണ് സത്യം.

ഇന്നോവ ക്രിസ്റ്റയ്ക്ക് പുറമേ ടൊയോട്ട ഇന്നോവ ഹൈക്രോസ് ലൈനപ്പിലേക്ക് GX(O) ട്രിം ലെവലും അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതിന്റെ 8 സീറ്റർ വേരിയന്റിന് 20.99 ലക്ഷം രൂപയും ഏഴ് സീറ്ററിന് 21.13 ലക്ഷം രൂപയുമാണ് വില വരുന്നത്. വലിയ 10.1 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി സറൗണ്ട് ക്യാമറ എന്നിവയുൾപ്പെടെ നിരവധി ഫീച്ചറുകളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.
ടൊയോട്ട ഇന്നോവ ഹൈക്രോസ് GX (O) ഡാർക്ക് ചെസ്റ്റ്നട്ട് ക്വിൽറ്റഡ് ലെതർ സീറ്റുകൾ, സോഫ്റ്റ്-ടച്ച് ലെതർ, മെറ്റാലിക് അലങ്കാരങ്ങൾ, കൂടാതെ 16 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ തുടങ്ങിയ എക്സ്റ്റീരിയർ ഫീച്ചറുകളോടെയാണ് വരുന്നത്. ഒരേ സെഗ്മെന്റ് അല്ലെങ്കിലും മഹീന്ദ്ര XUV700 എസ്‌യുവി അടുത്തിടെ ഇന്നോവയെ പൊട്ടിക്കാൻ പുതിയ വേരിയന്റ് പുറത്തിറക്കിയിരുന്നു. ഇതിനുള്ള മറുപടിയായി പുതിയ ക്രിസ്റ്റയുടെ വേരിയന്റിനെ കാണാം.


Click it and Unblock the Notifications








