കണ്ടാൽ ഹൈലക്‌സ് പോലെ തോന്നിക്കും, ഡീസൽ ഇന്നോവയെ ഫാഷനാക്കി ടൊയോട്ട; യാത്രാ സുഖത്തിലും മൈലേജിലും മാറ്റമില്ല
മൾട്ടി പർപ്പസ് വാഹനങ്ങളുടെ അവസാനവാക്കായി ടൊയോട്ട ഇന്നോവ (Toyota Innova) മാറിയിട്ട് കാലംകുറച്ചായി. പണക്കാർക്കും സാധാരണക്കാർക്കുമെല്ലാം വളരെയിഷ്‌ടമുള്ള എംപിവി ജനപ്രിയനായി മാറിയത് അതിവേഗമായിരുന്നു. അതിന്റെ പ്രധാന കാരണം വണ്ടിക്കകത്തെ യാത്രാ സുഖവും കിടിലൻ പെർഫോമൻസും അതിനൊത്ത മൈലേജുമാണെന്ന് വേണം പറയാൻ. എന്തായാലും പല രൂപത്തിലും ഭാവത്തിലും ഇന്ത്യൻ നിരത്തുകളി ഇന്നോവ വാഴാൻ തുടങ്ങിയിട്ട് നാളുകളായി. ഇതിനിടയിൽ 2016-ൽ പുറത്തിറക്കിയ രണ്ടാംതലമുറ മോഡലിനാണ് ആവശ്യക്കാർ ഏറെയുള്ളത്. അതിന്റെ തെളിവാണ് ഹൈക്രോസ് വന്നിട്ടും ഇന്നോവ ക്രിസ്റ്റ ഇന്നും ഡീസൽ വേഷത്തിൽ വിപണിയിലെത്തുന്നത്.
ലാഡർ ഫ്രെയിം ഷാസി, കരുത്തുറ്റ ഡീസൽ എഞ്ചിൻ, ഗംഭീര യാത്രാ സുഖം, വിശ്വസനീയമായ പെർഫോമൻസ് എന്നിവ കൂടിച്ചേരുന്നതാണ് ഇന്നോവ ക്രിസ്റ്റക്ക് ഇന്നും ആവശ്യക്കാരുള്ളതിന്റെ കാരണം. ഇന്ത്യയിൽ ജാപ്പനീസ് വാഹന നിർമാതാക്കൾക്കായി ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ എംപിവി നിലവിൽ അഞ്ചാം സ്ഥാനത്താണ്. ടൊയോട്ടയുടെ മൊത്ത വിൽപ്പനയിൽ ഇത് ഏകദേശം 12.5 ശതമാനം സംഭാവനയാണ് ക്രിസ്റ്റ നേടിക്കൊടുക്കുന്നത്.

വിൽപ്പന ചെറുതായൊന്ന് വർധിപ്പിക്കാനായി ഇപ്പോഴിതാ ഇന്നോ ക്രിസ്റ്റയിൽ ചില പരിഷ്ക്കാരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ടൊയോട്ട. വണ്ടിയെ കൂടുതൽ പരുക്കനാക്കായി തഷാൻ എഡിഷനാണ് ടൊയോട്ട വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഈ റഗ്ഗഡ് കിറ്റ് വാഹനത്തിന്റെ മൊത്തത്തിലുള്ള രൂപവും ഭാവവും കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും. മുൻവശത്തെ ഗ്രില്ലും ഹൂഡും ക്രോം ആക്‌സൻ്റുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നതും കാണാം.
ഷീൽഡിംഗ് ഓവർഫെൻഡറുകൾ ഉപയോഗിച്ച് വശക്കാഴ്ച്ചയും മെച്ചപ്പെടുത്താൻ ഇന്നോവ ക്രിസ്റ്റയുടെ തഷാൻ എഡിഷനായിട്ടുണ്ട്. ഇവ വാഹനത്തെ പോറലുകൾ പൊട്ടലുകൾ എന്നിവയിൽ നിന്ന് വാഹനത്തെ സംരക്ഷിക്കുമെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്. പിൻഭാഗത്തേക്ക് നോക്കിയാൽ റഗ്ഗഡ് കിറ്റിൽ ഒരു സ്പോർട്ടി റിയർ സ്‌പോയിലറാണ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നത്. , ഇന്നോവ ക്രിസ്റ്റയ്‌ക്കായി നിരവധി ആക്‌സസറികൾ ഇതിനകം ലഭ്യമാണെങ്കിലും വണ്ടിയെ കൂടുതൽ പരുക്കനാക്കുകയാണ് റഗ്ഗഡ് കിറ്റിലൂടെ ടൊയോട്ട ഉദ്ദേശിക്കുന്നത്.

മേൽപ്പറഞ്ഞ കാര്യങ്ങൾ കൂടാതെ ഒരു ഹുഡ് സ്‌കൂപ്പ്, സിൽവർ ഫിനിഷിലുള്ള ബമ്പർ എംബ്ലം, മഫ്‌ളർ കട്ടർ, റൂഫ് സ്‌പോയിലർ ഗാർണിഷ് എന്നിവയും ടൊയോട്ട ഇന്നോവ തഷാൻ എഡിഷന്റെ എക്സ്റ്റീരിയറിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻ്റീരിയറിനായും ചില പ്രത്യേക ആക്‌സസറികളും ബ്രാൻഡ് സമ്മാനിച്ചിട്ടുണ്ട്. ഡാഷ്‌ബോർഡിലെ വുഡ് പാനൽ, 3D ഫ്ലോർ മാറ്റുകൾ, സ്‌കഫ് പ്ലേറ്റ് എന്നിവയാണ് എടുത്തു പറയേണ്ട സംഗതികൾ.
കഴിഞ്ഞില്ല, ഇതുകൂടാതെ ഇന്നോവ ക്രിസ്റ്റ ഉപയോക്താക്കൾക്ക് വൈവിധ്യമാർന്ന ഫംഗ്ഷണൽ ആക്‌സസറികളും തെരഞ്ഞെടുക്കാൻ അവസരമുണ്ട്. അതിൽ റിയർ ക്യാമറ, വെൽക്കം ഡോർ ലാമ്പ്, ലെഗ് റൂം ലാമ്പ്, വയർലെസ് ചാർജർ, ഡിജിറ്റൽ വീഡിയോ റെക്കോർഡർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇല്യൂമിനേറ്റഡ് സ്കഫ് പ്ലേറ്റ്, ഫോഗ് ലാമ്പ് വിത്ത് ഫിറ്റിംഗ് കിറ്റ്, എയർ പ്യൂരിഫയർ എന്നിവ പോലുല്ള ഫീച്ചറുകളാണ് ടൊയോട്ട ഉൾപ്പെടുത്തിയിരിക്കുന്നത്.

വിപുലമായ ആക്സസറികൾ നൽകുന്നതിലൂടെ ഉപയോക്താക്കൾക്ക് ക്രിസ്റ്റയെ മൊത്തത്തിൽ ഒന്ന് മോടിയാക്കാനും ക്യാബിൻ അനുഭവം മെച്ചപ്പെടുത്താനും സാധിക്കും. ഇതുകൂടാതെ ഇന്നോവ ക്രിസ്റ്റയ്ക്ക് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടണും ടിഎഫ്‌ടി എംഐഡിയുള്ള കോമ്പിനേഷൻ മീറ്റർ, ആംബിയൻ്റ് ലൈറ്റിംഗ്, ലെതർ സ്റ്റിയറിംഗ് വീൽ, ഷിഫ്റ്റ് ലിവർ, ഡോർ ഇൻറർ ഗാർണിഷ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർ അഡ്‌ജസ്റ്റബിൾ ഡ്രൈവർ സീറ്റ് എന്നിവയും ലഭിക്കും.
വയർലെസ് ഡോർ ലോക്ക്, ക്രൂയിസ് കൺട്രോൾ, ടിൽറ്റ്, ടെലിസ്‌കോപിക് സ്റ്റിയറിംഗ് കോളം എന്നിവയാണ് മറ്റ് ഹൈലൈറ്റുകൾ. സേഫ്റ്റി കിറ്റിൽ 3-7 എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ബാക്ക് മോണിറ്റർ, എംഐഡി സൂചനയുള്ള ഫ്രണ്ട് ക്ലിയറൻസ് സോണാർ എന്നീ ഫീച്ചറുകളും എംപിവിയിലുണ്ട്. ഇന്നോവ ക്രിസ്റ്റ 2.4 ലിറ്റർ ഡീസൽ എഞ്ചിനിലാണ് വിപണിയിലെത്തുന്നത്.


Click it and Unblock the Notifications








