ഇഷ്‌ടം പോലെ സ്ഥലം, 8 പേർക്ക് സുഖയാത്ര; 23.24 കി.മീ. മൈലേജുള്ള ഫാമിലി കാർ വേഗം തരാമെന്ന് ടൊയോട്ട
ടൊയോട്ട ഇന്നോവയുടെ അത്രയും അടിപൊളി യാത്രാ സുഖവും ഗംഭീര മൈലേജും വന്നിറങ്ങിയാൽ കിട്ടുന്ന ഗമയും ഇന്ത്യയിലെ വേറൊരു കാറിനും ഇല്ലെന്ന് തന്നെ പറയാം. ക്വാളിസിന് പകരക്കാരനായി എത്തിയ ഇന്നോവയും അതിന് ശേഷമെത്തിയ ക്രിസ്റ്റയും ഇപ്പോഴത്തെ ഹൈക്രോസുമെല്ലാം നമ്മൾ നെഞ്ചിലേറ്റാൻ കാരണങ്ങൾ ഒരുപാടാണ്. ഡീസൽ എഞ്ചിനോട് ഗുഡ്ബൈ പറഞ്ഞ് പുതുതലമുറ എത്തിയപ്പോഴും ആളുകളെ കൈയിലെടുക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കൾ കൊണ്ടുവന്ന അടവായിരുന്നു സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ. ഹാച്ച്ബാക്കിന്റെ മൈലേജുള്ള എംപിവിയിൽ 8 പേർക്ക് സുഖമായി എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാം.
പക്ഷേ ഈ മേഹവും പേറി ഷോറൂമിലേക്ക് എത്തിയാൽ ചിലരെങ്കിലും നിരാശപ്പെട്ടിരുന്നു. മറ്റൊന്നുമല്ല, ഹൈക്രോസിനായി കാത്തിരിക്കേണ്ട ദിവസങ്ങളെ ഓർത്തായിരുന്നു ആ വേവലാതി. ബുക്ക് ചെയ്‌താൽ മാസങ്ങളും വർഷങ്ങളുമായിരുന്നു വെയിറ്റിംഗ് പിരീഡായി കമ്പനി അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോഴിതാ അധികം മുഷിപ്പിക്കാതെ തന്നെ ജനപ്രിയനായ ഫാമിലി എംപിവി വേഗം തരാമെന്ന് ടൊയോട്ട അറിയിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഇന്നോവ ഹൈക്രോസ് പെട്രോൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് അവരുടെ വാഹനം ഏകദേശം ആറ് മാസത്തിനുള്ളിൽ ലഭിക്കും. അതേസമയം കൂടുതൽ ഡിമാന്റുള്ള പെട്രോൾ ഹൈബ്രിഡ് വേരിയൻ്റുകളാണ് വേണ്ടതെങ്കിൽ ഏകദേശം എട്ട് മാസത്തിനുള്ളിൽ ഡെലിവറി ചെയ്യാനാകുമെന്നാണ് കമ്പനി പറയുന്നത്. ഈ കാലയളവും അൽപം ഉയർന്നതായി തോന്നാമെങ്കിലും വളരെക്കാലം മുമ്പ് ബുക്ക് ചെയ്‌തിരുന്നവർക്ക് ഒരു വർഷത്തോളമാണ് കാത്തിരിക്കേണ്ടി വന്നിരുന്നത്.
ആവശ്യത്തിനനുസരിച്ച് ഇന്നോവ ഹൈക്രോസിൻ്റെ ഉത്പാദന ശേഷി ടൊയോട്ട ക്രമീകരിക്കുന്നുണ്ട്. അമിത ഡിമാൻഡ് കാരണം ഈ വർഷം ആദ്യം ടോപ്പ്-സ്പെക്ക് ZX, ZX(O) വേരിയൻ്റുകളുടെ ബുക്കിംഗ് കമ്പനി താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നിരുന്നാലും ഈ വേരിയൻ്റുകളുടെ ബുക്കിംഗ് ഓഗസ്റ്റിൽ പുനരാരംഭിച്ചു. ഇന്നോവ ഹൈക്രോസ് പെട്രോൾ ഹൈബ്രിഡിൻ്റെ ഡിമാന്റ് താരതമ്യേന കൂടുതലാണ്.

ഉത്പാദന ശേഷിയുടെ ഭൂരിഭാഗവും പെട്രോൾ ഹൈബ്രിഡ് ആവർത്തനത്തിനായി നീക്കിവച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ പറയുന്നു. നിലവിൽ ഇന്നോവ ഹൈക്രോസ് പെട്രോൾ വേരിയൻ്റുകൾ മിക്ക ഔട്ട്‌ലെറ്റുകളിലും 45 ദിവസം മുതൽ രണ്ട് മാസത്തിനുള്ളിൽ വിതരണം ചെയ്യുന്നുണ്ടെന്നാണ് വിവരം. കൂടാതെ ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിൻ്റെ കാത്തിരിപ്പ് കാലയളവ് വേരിയൻ്റിനെ ആശ്രയിച്ച് വ്യത്യാസപ്പെട്ടേക്കാം.
രണ്ടാം നിര ബെഞ്ച് സീറ്റുമായി വരുന്ന ഹൈക്രോസ് ഹൈബ്രിഡ് VX 8 സീറ്ററിന് 7 സീറ്റർ മോഡലിനേക്കാൾ ആവശ്യക്കാരേറെയാണ്. അതിനാൽ ഈ മോഡലുകൾക്ക് ഏകദേശം നാല് മാസത്തെ ബുക്കിംഗ് പിരീഡാണ് ചില ഡീലർഷിപ്പുകൾ കൽപ്പിക്കുന്നത്. ഹൈക്രോസിന്റെ VX 7 സീറ്ററിൻ്റെ വെയിറ്റിംഗ് പിരീഡ് ഏകദേശം മൂന്ന് മാസമാണ്. ZX(O) ഉൾപ്പെടെയുള്ള ടോപ്പ് എൻഡ് ഇന്നോവ ഹൈക്രോസ് ZX ശ്രേണിയും ഡിമാൻഡ് അനുസരിച്ച് മിക്ക സ്ഥലങ്ങളിലും 6 മാസത്തിനുള്ളിൽ ഡെലിവർ ചെയ്യാവുന്നതാണ്.

25.97 ലക്ഷം രൂപ മുതൽ 30.98 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് VX, VX(O), ZX, ZX(O) എന്നീ നാല് വേരിയന്റുകളിലാണ് വിപണനം ചെയ്യുന്നത്. ഹൈക്രോസിന്റെ ZX, ZX (O) വേരിയന്റുകൾക്ക് ഇന്ത്യയിൽ യഥാക്രമം 30.34 ലക്ഷം രൂപ, 30.98 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.
2.0 ലിറ്റർ, ഫോർ സിലിണ്ടർ NA പെട്രോൾ, അല്ലെങ്കിൽ 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളാണ് എംപിവിക്കുള്ളത്. ഹൈക്രോസിലെ ആദ്യത്തെ പെട്രോൾ എഞ്ചിന് 173 bhp പവറിൽ 209 Nm torque വരെ നൽകാനാവും. അതേസമയം ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിൻ 184 bhp കരുത്തിൽ പരമാവധി 188 Nm torque വരെയാണ് ഇത്പാദിപ്പിക്കുന്നത്.
ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കൂടാതെ 23.24 കിലോമീറ്റർ മൈലേജാണ് ടൊയോട്ടയുടെ എംപിവിയിൽ കിട്ടുന്നത്. ഇതേ സെഗ്മെന്റിൽ നിലവിൽ ടൊയോട്ട ഇന്നോവ ഹൈക്രോസിന് നേരിട്ട് എതിരാളികളൊന്നുമില്ലെങ്കിലും അടുത്തിടെ വിപണിയിലെത്തിയ ബിവൈഡി ഇമാക്‌സ് ഇലക്ട്രിക് എംപിവി ജീപ്പനീസ് ബ്രാൻഡിന് വെല്ലുവിളിയായേക്കുമെന്നാണ് അനുമാനം.


Click it and Unblock the Notifications








