23 കി.മീ. മൈലേജുള്ള ഇന്നോവയുടെ ഈ വേരിയന്റുകൾ ഇനി ബുക്ക് ചെയ്യാം, മുറ്റത്ത് ഹൈബ്രിഡിന്റെ അന്തസ് ഇരിക്കട്ടെ
ചുരുങ്ങിയകാലം കൊണ്ട് ഇന്ത്യക്കാരുടെ ഇഷ്‌ട വാഹനമായി മാറിയ മോഡലാണ് ടൊയോട്ട ഇന്നോവ (Toyota Innova). ക്വാളിസിന്റെ പിൻഗാമിയായി ഒരാൾ വരുന്നെന്ന് കേട്ടപ്പോൾ ഇത്ര മിടുക്കാനായിരിക്കുമെന്ന് ആരും കരുതിയിട്ടുണ്ടാവുകയുമില്ല. ഗംഭീര യാത്രാ സുഖവും മൈലേജും പെർഫോമൻസുമെല്ലാമായി ഇന്നോവ ആളുകളുടെ മനസിൽ കുടിയേറി. അങ്ങനെ ഏത് യാത്ര പോവണമെങ്കിലും ഇന്നോവയിൽ പോയാലോ എന്നുവരെയായി ആലോചന. പിന്നീട് ക്രിസ്റ്റയും ഇപ്പോൾ ഹൈക്രോസും എത്തിയെങ്കിലും ആളുകൾ ഇഷ്‌ടം വിട്ടുകളഞ്ഞില്ല. ഇപ്പോഴും വാങ്ങാൻ ആളുകൾ ക്യൂ നിൽക്കുന്ന വാഹനം ഡീസൽ എഞ്ചിൻ ഇല്ലാതെയാണ് എത്തുന്നത്.
എന്നിട്ടും വാങ്ങാൻ ആളുകൾ ക്യൂ നിൽക്കുന്നതിന്റെ കാരണം ടൊയോട്ടയെന്ന ബ്രാൻഡിനൊപ്പം ഇന്നോവയെന്ന പേരിനുള്ള പവറാണ്. ഡീസൽ എഞ്ചിൻ നിർത്തലാക്കി പകരം സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരാൻ ജാപ്പനീസ് ബ്രാൻഡ് കണിച്ച ധൈര്യവും എടുത്തു പറയേണ്ട കാര്യമാണ്. ഇതിനാണേൽ ലഭിക്കുന്നത് വമ്പൻ സ്വീകരണമാണെന്നതും പ്രത്യേകം പറയണമല്ലോ. ടോപ്പ് വേരിയന്റുകൾ വാങ്ങാൻ അടിപിടി നടക്കുമ്പോൾ ബുക്കിംഗ് നിർത്തിവെക്കാൻ വരെ കമ്പനി തീരുമാനം എടുത്തിരുന്നു.

ഇന്നോവ ഹൈക്രോസിൻ്റെ ടോപ്പ് എൻഡ് ZX, ZX (O) വേരിയന്റുകളുടെ ബുക്കിംഗ് അടുത്തിടെ രണ്ടാംതവണയും നിർത്തിവെച്ച ടൊയോട്ട ഇപ്പോഴിതാ ഈ മോഡലുകൾക്കായുള്ള പ്രീ-ബുക്കിംഗ് വീണ്ടും ആരംഭിച്ചിരിക്കുന്നതായി അറിയിച്ചിരിക്കുകയാണ്. കാത്തിരിപ്പ് കാലയളവ് ഉയർന്ന നിലയിൽ തുടരുകയാണെങ്കിലും ടോപ്പ്-സ്പെക്ക് ഹൈബ്രിഡ് വേരിയൻ്റുകൾ ഇപ്പോൾ വീണ്ടും ഓർഡർ ചെയ്യാൻ ലഭ്യവുന്നത് മിക്കവരേയും സംബന്ധിച്ച് ആശ്വാസമേകുന്ന കാര്യമാണ്.
വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം കഴിഞ്ഞ വർഷം ഏപ്രിലിൽ രണ്ട് വേരിയന്റുകളുടെ ബുക്കിംഗ് താൽക്കാലികമായി ടൊയോട്ട നിർത്തിവെച്ചിരുന്നു. പിന്നീട് ഈ വർഷം ഏപ്രിലിൽ ബുക്കിംഗ് പുനരാരംഭിക്കുകയും ചെയ്‌തിരുന്നു. ഇതിനു ശേഷം മെയ് മാസത്തിൽ വീണ്ടും ബുക്കിംഗ് കമ്പനി നിർത്തിവെച്ചു. ഇതിന് ശേഷം രണ്ട് മാസത്തിനിപ്പുറമാണ് ഹൈക്രോസിൻ്റെ ടോപ്പ് എൻഡ് ZX, ZX (O) വേരിയന്റുകളുടെ ബുക്കിംഗ് വീണ്ടും തുറന്നിരിക്കുന്നത്.

ഇന്നോവ ഹൈക്രോസിൻ്റെ വിൽപ്പനയുടെ 50 ശതമാനത്തിലധികം വരുന്നതും ഹൈബ്രിഡ് വേരിയൻ്റുകളിൽ നിന്നാണെന്ന് ടൊയോട്ട പറയുന്നു. ആയതിനാൽ ഡിമാന്റ് നിലനിർത്താൻ ജാപ്പനീസ് ബ്രാൻഡ് പാടുപെടുകയായിരുന്നു. സാധാരണ പെട്രോൾ മോഡലുകളേക്കാൾ വിലയും കാത്തിരിപ്പ് കാലയളവ് കൂടുതലായിട്ടും ആളുകളെല്ലാം വാങ്ങാനെത്തുന്നത് എല്ലാ ഫീച്ചറുകളും സൌകര്യങ്ങളുമുള്ള ടോപ്പ് വേരിയന്റുകളാണ്.
വാഹനത്തിന് കിട്ടുന്ന അമിതമായ ഡിമാൻഡ് കൈകാര്യം ചെയ്യുന്നതിനായി ഉത്പാദന ശേഷി വർധിപ്പിക്കുന്ന കാര്യത്തിലും പ്രവർത്തിച്ചുവരികയാണ് ടൊയോട്ട. ടോപ്പ്-സ്പെക്ക് ZX, ZX (O) ട്രിമ്മുകൾക്കായുള്ള ബുക്കിംഗുകൾ വീണ്ടും തുറക്കുന്നത് കമ്പനി ഒരു പരിധിവരെ ഈ സാഹചര്യത്തെ മറികടന്നുവെന്ന് സൂചിപ്പിക്കുന്നു. കര്‍ണാടകയിലെ ബാംഗ്ലൂരിനടുത്തുള്ള ബിദദിയില്‍ ടൊയോട്ടയ്ക്ക് നിലവില്‍ രണ്ട് വാഹന നിര്‍മാണ ഫാക്ടറികള്‍ ഉണ്ട്.

ഈ രണ്ട് ഫാക്ടറികള്‍ക്കും കൂടി പ്രതിവര്‍ഷം 3.42 ലക്ഷം കാറുകള്‍ നിര്‍മിക്കാൻ ടൊയോട്ടയ്ക്ക് സാധിക്കും. . ഇപ്പോൾ ഏറ്റവം പുതിയ വിവരം അനുസരിച്ച് മഹാരാഷ്ട്ര സര്‍ക്കാരുമായി ടൊയോട്ട ധാരണാപത്രം ഒപ്പുവെച്ചച്ചിരിക്കുകയാണ്. ഇത് പൂർത്തിയായാൽ വാഹനങ്ങൾ അധിക കാത്തിരിപ്പില്ലാതെ ആളുകളിലേക്ക് എത്തിക്കാനും ബ്രാൻഡിനാവും. ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിനായി നിലവിൽ ശരാശരി 13 മാസത്തോളം കാത്തിരിപ്പ് കാലയളവ് ഉണ്ടെന്നാണ് വിവരം.
ഇനിയും ബുക്കിംഗ് ഉയർന്നാൽ വീണ്ടും താത്ക്കാലികമായി ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്താൻ സാധ്യതയുണ്ട്. ഈ വർഷം അവസാനത്തോടെ കാത്തിരിപ്പ് കാലാവധി ആറ് മാസത്തിൽ താഴെയാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഹൈക്രോസിന്റെ ഹൈബ്രിഡ് അല്ലാത്ത സാധാരണ പെട്രോൾ വേരിയൻ്റുകൾക്ക് നിലവിൽ ഏകദേശം ആറ് മാസത്തെ കാത്തിരിപ്പ് കാലാവധിയുണ്ട്.
25.97 ലക്ഷം രൂപ മുതൽ 30.98 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് VX, VX(O), ZX, ZX(O) എന്നീ നാല് ട്രിമ്മുകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്. ഹൈക്രോസിന്റെ ZX, ZX (O) വേരിയന്റുകൾക്ക് ഇന്ത്യയിൽ യഥാക്രമം 30.34 ലക്ഷം രൂപ, 30.98 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.
2.0 ലിറ്റർ, ഫോർ സിലിണ്ടർ NA പെട്രോൾ, അല്ലെങ്കിൽ 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളാണ് എംപിവിക്കുള്ളത്. ഇതിൽ NA പെട്രോളിന് 173 bhp കരുത്തിൽ പരമാവധി 209 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിൻ 184 bhp പവറിൽ 188 Nm torque നൽകാൻ ശേഷിയുള്ളതാണ്.
ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മാനുവൽ ട്രാൻസ്മിഷൻ എംപിവിയുടെ രണ്ട് മോഡലുകളിലും വാഗ്‌ദാനം ചെയ്യുന്നില്ലെന്നതും പ്രത്യേകം എടുത്തുപറഞ്ഞേക്കാം. കൂടാതെ 23.24 കിലോമീറ്റർ ഇന്ധനക്ഷമതയും ഹൈക്രോസ് ഹൈബ്രിഡിൽ ടൊയോട്ട അവകാശപ്പെടുന്നുമുണ്ട്. ഒപ്പം മോഡേൺ ഫീച്ചറുകളാലും സമ്പന്നമാണ് കക്ഷി. ADAS ഉൾപ്പടെയുള്ള സംവിധാനങ്ങളാണ് ഇതിൽ ടൊയോട്ട ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications








