23 കി.മീ. മൈലേജുള്ള 8-സീറ്റർ വാങ്ങിനിരുന്നവരുടെ തലക്കടിച്ച് ടൊയോട്ട, ഹൈക്രോസിന്റെ വില നിന്നനിൽപ്പിൽ കൂട്ടി
ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് കാറുകളുടെ തലവര മാറ്റിയെഴുതിയവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ഇലക്‌ട്രിക് കാറുകൾക്ക് ബദലായുള്ള പണികൂടി ഇതിനകത്ത് ഒളിച്ചിരിപ്പുണ്ടെന്നതാണ് രസകരമായ സംഗതി. ഹൈറൈഡർ എന്ന മിഡ്-സൈസ് എസ്‌യുവിയിലൂടെയാണ് ഹൈബ്രിഡ് വിപ്ലവത്തിന് തുടക്കം കുറിച്ചതെങ്കിൽ അതിനെ വേറെ തലത്തിലെത്തിച്ചത് ഇന്നോവയുടെ മൂന്നാം തലുറ പതിപ്പായ ഹൈക്രോസ് ആണെന്ന് വേണം പറയാൻ. ഇന്നോയെന്നാൽ ഇന്ത്യക്കാർക്ക് ഭ്രാന്താണെന്ന് എതിരാളികൾക്കുമറിയാം. ഡീസൽ എഞ്ചിനുകളില്ലാതെ ഇന്നോവ വരുന്നെന്ന് കേട്ടപ്പോൾ ശത്രുക്കളെല്ലാം ഒന്ന് സന്തോഷിച്ചുവെങ്കിലും പകരം വെച്ചത് അതിനേക്കാൾ മിടുക്കുള്ള സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനായപ്പോൾ എല്ലാവരും ഫ്ലാറ്റായി.
ഹാച്ച്ബാക്കിന്റെ മൈലേജുള്ള എംപിവിയിൽ 8 പേർക്ക് സുഖമായി എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാമെന്നതാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്ന മറ്റൊരു കാര്യം. 2022 നവംബറിൽ വിൽപ്പനയ്‌ക്കെത്തിയ ഇന്നോവ ഹൈക്രോസിന്റെ 1 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ലും അടുത്തിടെ ടൊയോട്ട പിന്നിട്ടിരുന്നു. ഇതിന്റെ സന്തോഷത്തിലിരിക്കുന്ന കമ്പനി ഞെട്ടിക്കുന്ന തീരുമാനവുമായി മുമ്പോട്ടെത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല എംപിവിയുടെ വിലയിൽ മാറ്റമുണ്ടാവുമെന്നതാണ് ആ ഞെട്ടിക്കുന്ന വാർത്ത.

ഹ്യുണ്ടായിയും മാരുതി സുസുക്കിയും പുതുവർഷം മുതൽ മോഡൽ നിരയിൽ വില പരിഷ്ക്കാരം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജനപ്രിയനിലേക്കും സമാനമായ വില വർധനവ് കമ്പനി നടപ്പിലാക്കാൻ പോവുന്നത്. പക്ഷേ 2025 ജനുവരി വരെ കാത്തിരിക്കാനൊന്നും ടൊയോട്ട തയാറല്ല കേട്ടോ. ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) ഇന്നോവ ഹൈക്രോസിൻ്റെ വില വർധനവ് നടപ്പിലാക്കി കഴിഞ്ഞുവെന്നാണ് അറിയിച്ചിരിക്കുന്നത്.
പുതിയ തീരുമാന പ്രകാരം 8-സീറ്റർ മൾട്ടി പർപ്പസ് വാഹനത്തിന് 19.94 ലക്ഷം രൂപ മുതൽ 31.34 ലക്ഷം രൂപ വരെയാണ് വില വരിക. ടൊയോട്ട ഇന്നോവ ഹൈക്രോസ് GX, GX(O), VX, VX(O), ZX, ZX(O) എന്നിങ്ങനെ ആറ് വേരിയൻ്റുകളിൽ ലഭ്യമാണ്.

കൂടാതെ, ബ്ലാക്ക്ലിഷ് അഗേഹ ഗ്ലാസ് ഫ്ലേക്ക്, സൂപ്പർ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സ്പാർക്ക്ലിംഗ് ബ്ലാക്ക് പേൾ ക്രിസ്റ്റൽ ഷൈൻ, അവൻ്റ് ഗാർഡ് ബ്രോൺസ് മെറ്റാലിക് എന്നിവയുൾപ്പെടെ നിരവധി കളർ ഓപ്ഷനുകളും തെരഞ്ഞെടുക്കാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്.
ഇന്നോവ ഹൈക്രോസിൻ്റെ ടോപ്പ്-സ്പെക്ക് ZX, ZX(O) വേരിയൻ്റുകൾക്ക് 36,000 രൂപ വില വർധനവാണ് ലഭിച്ചിരിക്കുന്നത്. അതേസമയം എംപിവിയുടെ VX(O), VX വേരിയൻ്റുകൾക്ക് ഇനി മുതൽ യഥാക്രാമം 35,000 രൂപ, 34,000 രൂപ എന്നിങ്ങനെയാണ് അധികമായി മുടക്കേണ്ടി വരിക. മറുവശത്ത് ഹൈക്രോസിന്റെ GX, GX(O) വേരിയൻ്റുകൾക്ക് ഇപ്പോൾ 17,000 രൂപയാണ് കൂട്ടിയിരിക്കുന്നതെന്നും ടൊയോട്ട വ്യക്തമാക്കി.

2.0 ലിറ്റർ, ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിലാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് വിപണിയിൽ എത്തുന്നത്. എംപിയിലെ NA എഞ്ചിന് 173 bhp കരുത്തിൽ 209 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിൻ 184 bhp പവറിൽ പരമാവധി 188 Nm ടോർക്കും നൽകും.
ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കൂടാതെ 23.24 കിലോമീറ്റർ മൈലേജാണ് ഹൈക്രോസിൽ ടൊയോട്ട അവകാശപ്പെടുന്നത്. ഇതേ സെഗ്മെന്റിൽ നിലവിൽ ടൊയോട്ട ഇന്നോവ ഹൈക്രോസിന് നേരിട്ട് എതിരാളികളൊന്നുമില്ലെന്നതാണ് വിജയം. എന്നാൽ അടുത്തിടെ വിപണിയിലെത്തിയ ബിവൈഡി ഇമാക്‌സ് ഇലക്ട്രിക് എംപിവി ജീപ്പനീസ് ബ്രാൻഡിന് വെല്ലുവിളിയായേക്കുമെന്നാണ് അനുമാനം.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഇന്നോവ ഹൈക്രോസ് പെട്രോൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് അവരുടെ വാഹനം ഏകദേശം ആറ് മാസത്തിനുള്ളിൽ ലഭിക്കും. അതേസമയം കൂടുതൽ ഡിമാന്റുള്ള പെട്രോൾ ഹൈബ്രിഡ് വേരിയൻ്റുകളാണ് നോക്കുന്നതെങ്കിൽ എട്ട് മാസത്തിനുള്ളിൽ ഡെലിവറി ചെയ്യാനാകുമെന്നാണ് കമ്പനി പറയുന്നത്. ഇപ്പോൾ നടപ്പിലാക്കിയ വില വർധനവിന്റെ കാരണം ടൊയോട്ട ഇതുവരെ വ്യക്തമാക്കിയിട്ടില്ല.


Click it and Unblock the Notifications








