23 കി.മീ. മൈലേജുള്ള ഇന്നോവയുടെ ആ വേരിയന്റുകൾ വീണ്ടും വരുന്നു, വേഗം വന്നാൽ വാങ്ങി മുറ്റത്തിടാം
വന്നകാലം മുതൽ ഇന്നോവ ഇന്ത്യൻ വിപണിയിൽ നിന്നും ലഭിക്കുന്ന സ്വീകാര്യത അത് വേറെ തന്നെയാണ്. ആദ്യം ഇന്നോവ, പിന്നെ ക്രിസ്റ്റ, അതുകഴിഞ്ഞിപ്പോൾ ഹൈക്രോസ് എന്നിങ്ങനെ തലമുറ മാറ്റം ലഭിച്ച എംപിവി ചൂടപ്പം പോലെയാണ് രാജ്യത്ത് വിറ്റഴിക്കപ്പെടുന്നത്. ഡീസൽ ഒഴിവാക്കി സമ്പൂർണ ഹൈബ്രിഡ് കാറായി മാറിയ മാറ്റവും ഇന്ത്യക്കാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
അടിക്കടി ഇന്നോവ ഹൈക്രോസിന്റെ വേരിയന്റ് നിരയിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്ന് കമ്പനി വേറിട്ടുനിൽക്കാറുണ്ട്. വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം കഴിഞ്ഞ വർഷം ഏപ്രിലിൽ രണ്ട് വേരിയന്റുകളുടെ ബുക്കിംഗ് താൽക്കാലികമായി ടൊയോട്ട നിർത്തിവെച്ചിരുന്നു. ഇപ്പോഴിതാ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ZX, ZX (O) മോഡലുകൾക്കായുള്ള ബുക്കിംഗിന് വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ് ബ്രാൻഡ്.

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഇപ്പോൾ ഇന്നോവ ഹൈക്രോസ് ZX, ZX(O) എന്നിവ ഔദ്യോഗിക വെബ്‌സൈറ്റിൽ Rs. 50,000. ഡീലർ സ്രോതസുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഇന്നോവ ഹൈക്രോസ് ZX (O) വേരിയന്റിന്റെ ഉത്പാദനം നിർത്തിയിട്ടില്ല. പരിമിതമായ സംഖ്യകളിൽ ഡിസ്പാച്ചുകൾ ഇപ്പോഴും നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ ടൊയോട്ട ഹൈക്രോസ് വിതരണം ചെയ്യാൻ തുടങ്ങിയപ്പോൾ ടോപ്പ്-സ്പെക്ക് ഹൈബ്രിഡ് വേരിയന്റുകളുടെ ഡെലിവറികൾക്ക് മുൻഗണന നൽകിയിരുന്നു.
കൂടാതെ ഉയർന്ന ഡിമാൻഡും ഉണ്ടായിരുന്നു. അങ്ങനെയാണ് എംപിവിയുടെ ടോപ്പ് എൻഡ് ZX, ZX (O) വേരിയന്റുകൾക്കായുള്ള ബുക്കിംഗ് ജാപ്പനീസ് ബ്രാൻഡ് താത്ക്കാലികമായി നിർത്തലാക്കുന്നത്. ഉയർന്ന ഡിമാന്റ് കാരണം ബുക്ക് ചെയ്ത വാഹനം ഉപഭോക്താക്കൾക്ക് വൈകിയ മാത്രമേ നൽകാനാവുവെന്ന് കമ്പനി മനസിലാക്കിയതും താത്ക്കാലികമായി മോഡലുകളെ പിൻവലിക്കാനും കാരണമായിട്ടുണ്ട്.

ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിൻ്റെ വിലയിലും ടൊയോട്ട 2024 ഏപ്രിൽ 1 മുതൽ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. നിർദ്ദിഷ്ട മോഡലുകളുടെ ചില വകഭേദങ്ങളിൽ ടൊയോട്ട ഒരു ശതമാനം വരെ വില വർധന പ്രഖ്യാപിച്ചിരുന്നു. ഇതിനർഥം ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് റേഞ്ച്-ടോപ്പിംഗ് ZX (O) വേരിയന്റിന് 25.97 ലക്ഷം മുതൽ 30.98 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
ഉപഭോക്താക്കൾ തെരഞ്ഞെടുക്കുന്ന വേരിയൻ്റിനെ ആശ്രയിച്ച് ഇന്നോവ ഹൈക്രോസിൻ്റെ വില 15,000-30,000 രൂപ വരെയാണ് ഉയർത്തിയിരിക്കുന്നത്. ഇതിനു വിപരീതമായി എംപിവിയുടെ നോൺ-ഹൈബ്രിഡ് വേരിയന്റുകളുടെ വിലയിൽ കമ്പനി മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. 19.77 ലക്ഷം രൂപ മുതൽ 19.82 ലക്ഷം രൂപ വരെയാണ് ഇന്നോവ ഹൈക്രോസിന് വരുന്ന നിലവിലെ എക്സ്ഷോറൂം വില.

ഡീസൽ പൂർണമായും ഒഴിവാക്കിയതോടെ ഇന്നോവ ഹൈക്രോസിന് 2.0 ലിറ്റർ, ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, അല്ലെങ്കിൽ 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിലാണ് സ്വന്തമാക്കാനാവുന്നത്. ഇതിൽ NA പെട്രോളിന് 173 bhp കരുത്തിൽ 209 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിൻ അത് 184 bhp പവറോളമാണ് നൽകുന്നത്.
ഇ-ഡ്രൈവ് ട്രാൻസ്മിഷനുമായാണ് ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് വരുന്നത്. അതേസമയം 2.0 ലിറ്റർ NA പെട്രോളിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനാണുള്ളത്. രണ്ട് വകഭേദങ്ങളിൽ നിന്നും മാനുവൽ ട്രാൻസ്മിഷൻ കമ്പനി പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ബ്രാൻഡുമായി ബന്ധപ്പെട്ട മറ്റു വാർത്തകളിൽ ടൊയോട്ട ഇന്നോവ ഹൈക്രോസിന് GX (O) രൂപത്തിൽ പുതിയ നോൺ-ഹൈബ്രിഡ് വേരിയന്റ് ഉടൻ ലഭിക്കും.

അത് 7, 8-സീറ്റ് കോൺഫിഗറേഷനുകളിൽ വരാനിരിക്കുന്ന മോഡലിൽ എൽഇഡി ഫോഗ് ലാമ്പുകൾ, റിയർ വിൻഡോ ഡിമിസ്റ്റർ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, റിയർ ഓട്ടോമാറ്റിക് ബ്ലോവർ കൺട്രോൾ, ഡ്യുവൽ ടോൺ സീറ്റുകൾ, സോഫ്റ്റ്-ടച്ച് ഡാഷ്‌ബോർഡ്, പിന്നിൽ റെട്രാക്ടബിൾ സൺഷേഡ്, 360 ഡിഗ്രി ക്യാമറ എന്നിവ ലഭിക്കും. അതോടൊപ്പം ഫ്രണ്ട് പാർക്കിംഗ് സെൻസർ, വയർലെസ് ആപ്പിൾ കാർപ്ലേ ഉള്ള 10.1-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയും ഹൈക്രോസിന് GX (O) വേരിയന്റിൽ ഇടംപിടിക്കും.


Click it and Unblock the Notifications








