വലിയ കുടുംബത്തിന് ആഘോഷമായി യാത്ര ചെയ്യാം, 27 കി.മീ. മൈലേജുള്ള എംപിവിയുടെ പുതുമോഡലുമായി ടൊയോട്ട
മാരുതിയുടെ കുടുംബത്തിൽ പിറന്ന വാഹനങ്ങളെ ഉടുപ്പിട്ട് തങ്ങളുടെ ഷോറൂമിൽ എത്തിച്ചവരാണ് ടൊയോട്ട. ഫാൻസിന് ഇത് ഇഷ്‌ടമായില്ലെങ്കിലും ബാഡ്‌ജിംഗ് കൈമാറ്റത്തിലൂടെ കമ്പനി പണംവാരുന്നുണ്ട്. ഗ്ലാൻസയും റൂമിയോണുമെല്ലാം ഇത്തരത്തിൽ കച്ചോടം പിടിക്കുന്നവരാണ്. സാധാരണക്കാരിലേക്ക് അധികം പണംമുടക്കാതെ ഇറങ്ങിച്ചെല്ലാൻ ടൊയോട്ട കണ്ടുപിടിച്ച ഐഡിയ എന്തായാലും വർക്കായിട്ടുണ്ട്. ഇപ്പോഴിതാ ഉത്സവ സീസണിൽ കളംപിടിക്കാനായി സ്പെഷ്യൽ എഡിഷനുകൾ അവതരിപ്പിക്കുന്ന തിരക്കിലാണ് ടൊയോട്ടയും ചങ്കായ മാരുതി സുസുക്കിയും. ഗ്ലാൻസ, ടൈസർ, ഹൈറൈഡർ മോഡലുകളുടെ ഫെസ്റ്റിവൽ എഡിഷൻ അവതരിപ്പിച്ചതിന് പിന്നാലെ ഇപ്പോഴിതാ റൂമിയോണിന്റെ ലിമിറ്റഡ് എഡിഷൻ പതിപ്പിനെയും വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
ടൊയോട്ടയുടെ മറ്റ് ഫെസ്‌റ്റീവ് എഡിഷൻ കാറുകളെ പോലെ തന്നെ കോംപ്ലിമെൻ്ററി ടൊയോട്ട ജെനുവിൻ ആക്‌സസറി (TGA) പാക്കേജാണ് റൂമിയോണിന്റെ പുത്തൻ മോഡലിനും ലഭിക്കുന്നത്. എന്നിരുന്നാലും, തിരഞ്ഞെടുത്ത വേരിയൻ്റുകളിൽ മാത്രം ലഭ്യമാകുന്ന മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി എംപിവിയുടെ എല്ലാ വേരിയൻ്റുകളിലും റൂമിയോൺ ഫെസ്റ്റിവൽ ലിമിറ്റഡ് എഡിഷൻ വാഗ്ദാനം ചെയ്യുന്നുവെന്നതാണ് പ്രത്യേകത.

ടൊയോട്ട പറയുന്നതനുസരിച്ച് റൂമിയോൺ ഫെസ്റ്റീവ് എഡിഷനിൽ വാഗ്‌ദാനം ചെയ്യുന്ന ആക്‌സസറികളുടെ മൂല്യം 20,608 രൂപയാണ്. റിയർ ഡോർ ഗാർണിഷ്, മഡ് ഫ്ലാപ്പുകൾ, റിയർ ബമ്പർ ഗാർണിഷ്, ഹെഡ് ലാമ്പ് ഗാർണിഷ്, നമ്പർ പ്ലേറ്റ് ഗാർണിഷ്, ക്രോം ഡോർ വൈസർ, റൂഫ് സ്‌പോയിലർ, ബോഡി സൈഡ് മോൾഡിംഗ് ഗാർണിഷ് ഫിനിഷ് എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതും.
ഈ മാസം അവസാനം വരെ എല്ലാ ടൊയോട്ട ഡീലർഷിപ്പുകളിലും കോംപ്ലിമെൻ്ററി ആക്സസറി പാക്കേജുകൾ വാഗ്ദാനം ചെയ്യും. അതിനു ശേഷം ഈയൊരു ഓഫർ ഉണ്ടാവില്ലെന്നാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. S മാനുവൽ, S ഓട്ടോമാറ്റിക്, G മാനുവൽ, V മാവുവൽ, V ഓട്ടോമാറ്റിക്, S മാനുവൽ സിഎൻജി എന്നിങ്ങനെ ആറ് വേരിയൻ്റുകളിൽ ടൊയോട്ട റൂമിയോൺ സ്വന്തമാക്കാനാവും.

നിലവിൽ എംപിവിക്ക് 10.44 ലക്ഷം രൂപ മുതൽ 13.73 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. മാരുതി എർട്ടിഗയുടെ പുനർനിർമിച്ച പതിപ്പാണെങ്കിലും സ്റ്റൈലിംഗിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നാണ് ടൊയോട്ട റൂമിയോൺ വേറിട്ടുനിൽക്കുന്നത്. പ്രീമിയം ഫീല്‍ നല്‍കാനായി 'ബേബി ക്രിസ്റ്റ' ലുക്കിലാണ് ഇന്നോവ മുതലാളി റൂമിയോണിനെ പണിതിറക്കിയിരിക്കുന്നത്.
ഡിസൈനിലേക്ക് നോക്കിയാൽ എർട്ടിഗയിൽ നിന്നും മാറ്റങ്ങൾ കൊണ്ടുവരാനായുള്ള ചെറിയ ചില നവീകരണങ്ങൾ മാത്രമാണ് കാണാനാവുന്നത്. സ്പങ്കി ബ്ലൂ, കഫേ വൈറ്റ്, എന്റൈസിംഗ് സില്‍വര്‍, ഐക്കോണിക് ഗ്രേ, റസ്റ്റിക് ബ്രൗണ്‍ എന്നീ വ്യത്യസ്‌ത കളർ ഓപ്ഷനുകളുടെ കാര്യമാണ് ഇതിൽ ആദ്യം എടുത്തു പറയേണ്ടത്. ഇന്നോവ ക്രിസ്റ്റയെ സ്മരിക്കുന്ന ഫ്രണ്ട് ഗ്രില്‍, പുതിയ ഫോഗ് ലാമ്പ് സറൗണ്ടുകള്‍, പുതിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, മിനുക്കിയ ബമ്പര്‍ എന്നിവയെല്ലാമാണ് എർട്ടിഗയിൽ നിന്നും എംപിവിയെ വേറിട്ടുനിർത്തുന്നത്.

ശരിക്കും പറഞ്ഞാൽ ആദ്യ കാഴ്ച്ചയിൽ എർട്ടിഗയേക്കാൾ പ്രീമിയം ഫീൽ നൽകാൻ റൂമിയോണിന് സാധിക്കുന്നുണ്ടെന്നതാണ് സത്യം. ദൂരെനിന്ന് ഓടിവരുന്നത് കാണാൻ ക്രിസ്റ്റയെ പോലെ തന്നെ തോന്നിക്കുകയും ചെയ്യും. പക്ഷേ സൈഡിലേക്കും പിന്നിലേക്കും നോക്കിയാൽ ദേ എർട്ടിഗയല്ലേ ഇതെന്നാവും പലർക്കും തോന്നുക. മാരുതിയുടെ അതേ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് റൂമിയോണിന് തുടിപ്പേകുന്നത്.
അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സ് ഓപ്ഷനുമായി വരുന്ന എഞ്ചിന് 102 bhp കരുത്തിൽ പരമാവധി 137 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. എംപിവിയിൽ ഫാക്‌ടറി ഫിറ്റഡ് സിഎൻജി കിറ്റും ലഭ്യമാണ്. ഇതിലേക്ക് എത്തുമ്പോൾ പവർ കണക്കുകൾ കുറയുന്നുണ്ടെങ്കിലും വമ്പൻ മൈലേജാണ് കിട്ടുന്നത്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ ഓടുമ്പോൾ എഞ്ചിന് 87 bhp പവറിൽ 121 Nm torque നൽകാനാവും.
റൂമിയോണ്‍ സിഎന്‍ജി കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ മൈലേജാണ് തരുന്നത്. അതേസമയം പെട്രോള്‍ ഓട്ടോമാറ്റിക് 20.51 കിലോമീറ്ററും പെട്രോള്‍ മാനുവല്‍ ലിറ്ററിന് 20.11 കിലോമീറ്റര്‍ മൈലേജും നൽകും. 7.0 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, റിയര്‍ എസി വെന്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, കൂള്‍ഡ് കപ്പ് ഹോള്‍ഡറുകള്‍, ഒന്നിലധികം യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ പോലുള്ള കാര്യങ്ങളെല്ലാം എംപിവിയിലുണ്ട് താനും.


Click it and Unblock the Notifications








